Showing posts with label ഓര്‍മ്മക്കുറിപ്പ്‌. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പ്‌. Show all posts

Saturday, December 3, 2011

ആദരം; മുമ്പേ പറന്നവര്‍ക്ക്

സുരേഷ്‌ കീഴില്ലം                                                                                                           
ഏതൊരു സമൂഹത്തേയും മുന്നോട്ടു നയിയ്ക്കുന്നത്‌ , പലപ്പോഴും ഒറ്റപ്പെട്ട ചിലരാണ്‌. മുമ്പേ പറക്കുന്ന ഈ പക്ഷികളെ കാണാനോ, ആ ചിറകടി കേള്‍ക്കാനോ കഴിയുന്നില്ലെങ്കില്‍, അത്‌ ആ നാടിണ്റ്റെ ഭാഗ്യദോഷം.
തൊട്ട്‌ അയല്‍ഗ്രാമങ്ങളായ പുല്ലുവഴി, വളയന്‍ചിറങ്ങര തുടങ്ങിയ ഇടങ്ങളെ അപേക്ഷിച്ച്‌ ഞങ്ങള്‍ കീഴില്ലത്തുകാര്‍ക്ക്‌ ഇക്കാര്യത്തിലുള്ള അനാസ്ഥ ഒട്ടു കൂടുതലാണ്‌ എന്ന്‌ ഇതെഴുന്നയാള്‍ക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ എഴുപതു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിരന്തരം കവിതകളെഴുതിയിരുന്ന കീഴില്ലം എം.കെ ശങ്കരപ്പിള്ളയെ നാം മറന്നത്‌. പത്തനംതിട്ട സ്വദേശി അദ്ധ്യാപകനും ഗവേഷക വിദ്യാര്‍ത്ഥിയുമായ ഹരിലാല്‍ എന്ന സുഹൃത്താണ്‌ ശങ്കരപ്പിള്ളയെ പറ്റി എനിയ്ക്ക്‌ വിവരം തരുന്നത്‌.
പ്രായംചെന്നവര്‍ക്കു പോലും, പക്ഷെ ആ മനുഷ്യനെ ഓര്‍മ്മയുണ്ടായിരുന്നില്ല. ചന്ദ്രശേഖര വാര്യര്‍ എന്ന വയോധികനാണ്‌ ചില സൂചനകളെങ്കിലും തരാനായത്‌. ഒടുവില്‍ പാലായ്ക്കടുത്ത്‌ എലിക്കുളത്ത്‌ അദ്ദേഹം ജീവിച്ചിരുപ്പുണ്ടെന്ന്‌ മനസ്സിലായി. മരിയ്ക്കുംമുമ്പ്‌ അദദേഹത്തെ അവിടെ ചെന്ന്‌ ആദരിയ്ക്കാനുമായി. 
അസ്ഥിഭംഗ ചികിത്സ കൊണ്ട്‌ നാടെങ്ങും കേള്‍വികേട്ട പരത്തുവയലില്‍ വൈദ്യന്‍മാരെ നാം എത്രകണ്ട്‌ തിരിച്ചറിഞ്ഞു? സിനിമയിലെ വസ്ത്രാലങ്കാരത്തിന്‌ പ്രഥമ സംസ്ഥാന അവാര്‍ഡ്‌ നേടിയ കീഴില്ലം വേലായയുധന്‌ ഒരു ചെറു സ്വീകരണമെങ്കിലും കൊടുക്കാന്‍ ആര്‍ക്കും സമയമുണ്ടായില്ല. പാണ്ഡിത്യവും ലാളിതത്യവും സമ്മേളിച്ചിരുന്ന കാരിമറ്റത്ത്‌ വാസുക്കുഞ്ഞിയെന്ന അപൂര്‍വ്വ വ്യക്തിത്വം എത്രപേരുടെ ഓര്‍മ്മയിലുണ്ട്‌? പ്രഗത്ഭ വിഷ വൈദ്യനായിരുന്ന നീലകണ്ഠന്‍ കര്‍ത്ത...മുന്‍ മന്ത്രി കെ.ജി.ആര്‍ കര്‍ത്ത..... 
ജന്‍മം കൊണ്ട്‌ കീഴില്ലംകാരനല്ലെങ്കിലും ഈ മണ്ണ്‌ കര്‍മ്മ മണ്ഡലമാക്കി മാറ്റിയ ശങ്കരന്‍കുട്ടി മാരാര്‍ എന്ന മുടിയേറ്റ്‌ ആചാര്യനെ നമുക്കെത്രപേര്‍ക്കറിയാം? മുടിയേറ്റിനെ കാവുകളുടെ ചെറിയ വളപ്പില്‍ നിന്ന്‌ വിദേശ അരങ്ങുകളിലേയ്ക്ക്‌ വരെ തൊടുത്തുവിട്ട നമ്മുടെ സമകാലികനായ കീഴില്ലം ഉണ്ണികൃഷ്ണണ്റ്റെ പ്രകടനം നമ്മിലെത്രപേര്‍ കണ്ടിട്ടുണ്ട്‌? നൃത്താദ്ധ്യാപനത്തിലൂടെ മുംബൈയില്‍ ശ്രദ്ധേയനായ പി.ആര്‍.സി നായര്‍, പൊതുരംഗത്തെ നിറസാന്നിദ്ധ്യമായ എന്‍.ആര്‍ നായര്‍, പൂരങ്ങളുടെ പൂരമായ തൃശൂറ്‍ പൂരത്തിന്‌ കൊട്ടിതകര്‍ത്തിരുന്ന ഗോപാലകൃഷ്ണ മാരാര്‍.
ഈ ആത്മവിമര്‍ശനങ്ങള്‍ക്കിടയിലാണ്‌ കീഴില്ലം പൌരാവലി ശതാഭിഷ്കതനായ വൈദ്യകലാനിധി ഡോ.ആര്‍.എസ്‌ വാര്യരെ ആദരിച്ചത്‌. ഗ്രാമത്തിണ്റ്റെ സ്വന്തം വൈദ്യന്‍ എന്ന നിലയ്ക്ക്‌ മാത്രമല്ല, നാട്ടിലെ ഓരോ സംഭവങ്ങള്‍ക്ക്‌ വേണ്ടിയും വിയര്‍പ്പ്‌ ഉതിര്‍ത്ത മനുഷ്യനാണ്‌ വാര്യര്‍. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ നിന്നും വൈദ്യകലാനിധി ബിരുദം സമ്പാദിച്ച അദ്ദേഹം കീഴില്ലത്തേയ്ക്ക്‌ തന്നെ മടങ്ങുകയായിരുന്നു.
1948-ല്‍ സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്ക്‌ ക്ഷണിയ്ക്കപ്പെട്ടെങ്കിലും സ്വന്തം ഗ്രാമവാസികളുടെ ആരോഗ്യസംരക്ഷകനാവാനായിരുന്നു ആര്‍.ശങ്കര വാര്യരുടെ തീരുമാനം. 
കീഴില്ലം സര്‍വ്വീസ്‌ സഹകരണ സംഘം രൂപീകരിയ്ക്കുമ്പോള്‍ വാര്യര്‍ ഭരണസമിതി അംഗമായിരുന്നു. തുടര്‍ന്നുള്ള ഭരണസമിതിയിലും അംഗമായിരുന്ന ഇദ്ദേഹം എന്നും സംഘത്തിണ്റ്റെ അഭ്യുദയകാംഷിയായി തുടര്‍ന്നു.
കീഴില്ലം ഗ്രാമോദ്ധാരണ വായനശാലയ്ക്ക്‌ വേണ്ടിയായിരുന്നു, ഈ മനുഷ്യണ്റ്റെ പ്രധാന യത്നങ്ങള്‍. ഇപ്പോള്‍ സുവര്‍ണ ജൂബിലി പിന്നിട്ട ഈ എ ഗ്രേഡ്‌ വായനശാലയുടെ പേര്‌ നിശ്ചയിച്ചതും അഞ്ചു സെണ്റ്റ്‌ പുറമ്പോക്കു ഭൂമി സര്‍ക്കാരില്‍ നിന്ന്‌ പതിച്ചുവാങ്ങിയതും കെട്ടിടം പണിയാന്‍ പണിക്കാര്‍ക്ക്‌ ഒപ്പം നിന്ന്‌ കല്ലും മണ്ണും ചുമന്നതും ഇന്ന്‌ പഴയ കഥ. തുടര്‍ച്ചയായി 12 വര്‍ഷമാണ്‌ വായനശാലയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്‌. മൂന്നു വര്‍ഷം പ്രസിഡണ്റ്റുമായി. 
മഹാദേവ ക്ഷേത്രത്തില്‍ കാരിമറ്റത്ത്‌ വാസുക്കുഞ്ഞിയുമായി ചേര്‍ന്ന്‌ മതപാഠശാല നടത്തി. ക്ഷേത്രോപദേശക സമിതിയുടെ അദ്ധ്യക്ഷ സ്ഥാനമുള്‍പ്പടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നാലുപതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു. എന്‍.എസ്‌.എസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനവും വഹിച്ചു. 
പൊതുപ്രവര്‍ത്തനവും വൈദ്യവൃത്തിയും ഒരേമട്ടില്‍ കൊണ്ടുപോകാനായതാണ്‌ ആര്‍.എസ്‌ വാര്യരുടെ പ്രധാന വിജയം. ഇവ രണ്ടിനും ലാഭേച്ഛയുണ്ടായില്ല. 
കേരള മുഖ്യ മന്ത്രിയായിരിയ്ക്കുമ്പോഴാണ്‌ പി.കെ വാസുദേവന്‍ നായര്‍ വാതചികിത്സയില്‍ പ്രാഗത്ഭ്യമുള്ള വാര്യര്‌ വൈദ്യനെ തേടിയെത്തുന്നത്‌. മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ള, മുന്‍ മന്ത്രി ടി.എച്ച്‌ മുസ്തഫ പോലുള്ള രാഷ്ട്രീയ പ്രമുഖരും മലയാറ്റൂറ്‍ രാമകൃഷ്ണനെ പോലുള്ള സാഹിത്യനായകരും ഹൈക്കോര്‍ട്ട്‌ ജഡ്ജി ദേവകിയമ്മ, മേജര്‍ എം.ജി.എസ്‌ നായര്‍ തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും വിദഗ്ദ്ധ ചികിത്സ തേടിയെത്തിയതും ഇവിടെ തന്നെ. 
ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ കാണാന്‍ ഭാഗ്യം സിദ്ധിച്ച ഇദ്ദേഹം 1922-ലാണ്‌ ജനിച്ചത്‌. കീഴില്ലത്തു വാര്യത്ത്‌ രാമവാര്യരുടേയും മാധവി വാരസ്യാരുടേയും രണ്ടാമത്തെ മകന്‍. ഭാര്യ: ലക്ഷ്മിക്കുട്ടി വാര്യസാര്‍. മക്കള്‍: ഇന്ദിര, ശാരദ, കമല, രാമചന്ദ്രന്‍, ശങ്കര പ്രസാദ്‌. 

കീഴില്ലം സര്‍വ്വീസ്‌ സഹകരണ ബാങ്കിണ്റ്റെ കനക ജൂബിലി സ്മരണിക (2006) യില്‍ എഴുതിയത്‌. രണ്ടു വര്‍ഷം മുമ്പ്‌ ശ്രീ.വാര്യര്‍ നമ്മോട്‌ വിട പറഞ്ഞു.

Wednesday, August 31, 2011

സി.ഐ. ഡി കുമാറും ഡെത്ത്‌ ലൈറ്റും

 സുരേഷ്‌ കീഴില്ലം 
സി ഐ ഡി കുമാറിനെ, ഒരു പക്ഷേ നിങ്ങളാരും അറിയില്ല. 
കാരണം, ഒരു ആറാം ക്ളാസുകാരണ്റ്റെ വരയിട്ട നോട്ടുബുക്കില്‍, ഒരുപാട്‌ അക്ഷരത്തെറ്റുകള്‍ക്കിടയില്‍ നിന്ന്‌, ആ അമാനുഷികനായ ഡിക്ടറ്റീവിനെ പരിചയപ്പെട്ടത്‌ വളരെ കുറച്ചുപേര്‍ മാത്രമാണ്‌. 
കൈമാറി വായിച്ചുപോയ മുന്നിലേയും പിന്നിലേയും ബഞ്ചുകളിലിരുന്ന ആണ്‍കുട്ടികളുടെ നിര. 
ക്ളാസ്‌ സമയത്ത്‌ കുമാറിണ്റ്റെ സാഹസികത പങ്കുവെക്കുന്നതിനിടയില്‍, കയ്യോടെ നോട്ടുബുക്ക്‌ പിടിച്ചെടുത്ത സ്വര്‍ണ്ണകുമാരിയമ്മ സാര്‍... 
ശിക്ഷയാണ്‌ പ്രതീക്ഷിച്ചത്‌. 
ഡിക്ടറ്റീവ്‌ നോവലോ ? ഞാനൊന്നു വായിച്ചുനോക്കട്ടേയെന്നും പറഞ്ഞ്‌ ബുക്ക്‌ മേശപ്പുറത്ത്‌ മാറ്റി വെച്ചപ്പേള്‍ ഉള്ളുകാളി. 
പിറ്റേന്ന്‌ ഇനിയുമെഴുതണം എന്ന പ്രോത്സാഹനത്തോടെ ബുക്ക്‌ മടക്കിതന്നപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌.
കോട്ടയം പുഷ്പനാഥിനും ദുര്‍ഗ്ഗപ്രസാദ്‌ ഖത്രിയ്ക്കും അപ്പുറം ഒരു ലോകമുണ്ടെന്ന്‌ അറിഞ്ഞു. ബ്രോംസ്റ്റോക്കറുടെ ഡ്രാക്കുളയിലേയ്ക്കും ഷെര്‍ലക്‌ ഹോംസിലേയ്ക്കും അപസര്‍പ്പക കഥകളുടെ ലോകത്തുനിന്ന്‌ മറ്റ്‌ സാഹിത്യത്തിണ്റ്റെ ചക്രവാളങ്ങളിലേയ്ക്കും വായന മാറി. 
വരയിട്ടതും ഇടാത്തതുമായ നോട്ടു ബുക്കിണ്റ്റെ താളുകളില്‍ നിന്നും മലയാളത്തിലെ പല ആനുകാലികങ്ങളിലേയ്ക്കും ആകാശവാണിയിലേയ്ക്കുമൊക്കെ രചനകള്‍ ചേക്കേറി. 
സ്വന്തം പുസ്തകങ്ങള്‍ പുറത്തിറങ്ങി. 
എഴുത്തിണ്റ്റെ പേരില്‍, ക്ളാസു മുറിയ്ക്കപ്പുറം ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. 
മലയാളക്കരയുടെ ഏതൊരു മൂലയിലും ഏറെ അടുപ്പമുള്ള അക്ഷര സൌഹ്യദങ്ങളുണ്ടായി. കേരളത്തിലുടനീളം സാഹിത്യ ക്ളാസുകളിലൂടെയും സാംസ്കാരിക ഇടങ്ങളിലൂടെയും അലഞ്ഞു നടന്നു.
ആറാം ക്ളാസിലെ കാലിളകുന്ന ബഞ്ചില്‍ നിന്ന്‌ മഹാസാഹിത്യകാരനായി ഉദിച്ചുയര്‍ന്ന, എനിയ്ക്ക്‌ എഴുതുമ്പോള്‍ പിന്നീട്‌ പയ്യെ പയ്യെ ഭയം തോന്നി തുടങ്ങി. 
എഴുത്തിണ്റ്റെ ആഴങ്ങളെക്കുറിച്ചു വന്ന ബോദ്ധ്യം. 
ഒപ്പം, ഞാനെഴുതിയില്ലെങ്കിലും ലോകത്തിന്‌ ഒന്നും സംഭവിയ്ക്കില്ലെന്ന തിരിച്ചറിവ്‌. 
എന്നിട്ടും, ഇപ്പോള്‍ ഞാന്‍ ഈ പേന കയ്യിലെടുക്കുന്നത്‌ എന്തുകൊണ്ടാണ്‌ ? 
കാക്കി ട്രൌസറും മുഷിഞ്ഞു നാറുന്ന വെള്ള ഷര്‍ട്ടുമിട്ട, കുറച്ചുപേര്‍ എണ്റ്റ ബഞ്ചിലിപ്പോള്‍ ഉണ്ട്‌. 
അല്‍പം പോലും അഴുക്കില്ലാത്ത, വെള്ള സാരിയുടുത്ത ഒരു ടീച്ചറും. 
അവരെന്നോട്‌ കീറിപ്പറിഞ്ഞു തുടങ്ങിയ എണ്റ്റെ നോട്ടു ബുക്ക്‌ ചോദിയ്ക്കുന്നു. 
കുതൂഹലം നിറഞ്ഞ കണ്ണുകളോടെ, എണ്റ്റെ അക്ഷരത്തെറ്റുകളില്‍ പരതുന്നു. 
കറുത്ത നെടുനീളന്‍ ഗൌണിട്ട ചക്രപാണിയെന്ന ദുഷ്ട ശാസ്ത്രജ്ഞണ്റ്റെ ഡെത്ത്‌ ലൈറ്റ്‌ സി.ഐ. ഡി കുമാറിണ്റ്റെ മേല്‍ വീഴുമോ ?
(കഥ തുടരുമോ) 
കീഴില്ലം സര്‍ക്കാര്‍ യു.പി സ്കൂളിണ്റ്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ സ്മരണികയില്‍ എഴുതിയത്‌. (2010)

Thursday, February 25, 2010

വീശിത്തുടങ്ങിയ കാറ്റിനു നിലച്ചുപോകാനാകുമോ?



പ്രഥമ പുസ്തകത്തിണ്റ്റെ അച്ചടി മഷിയുണങ്ങും മുമ്പ്‌ മരണം തട്ടിയെടുത്ത പെരുമ്പാവൂരിലെ പ്രശസ്ത കഥാകൃത്ത്‌ കെ എം ജോഷിയെ കുറിച്ച്‌

നിര്‍ത്താതെ ചിലമ്പുന്ന സെല്‍ഫോണ്‍.

സമയം പാതിരാപിന്നിട്ട ഏതോ നേരമാണ്‌. ഉറക്കച്ചടവോടെ ഫോണെടുത്ത്‌ ചെവിയില്‍ വച്ചു.

സുരേഷ്‌ നമ്മുടെ ജോഷി മരിച്ചുപോയി....

ഏതുജോഷി ?

മംഗളത്തില്‍ വര്‍ക്കു ചെയ്യുന്ന സുരേഷല്ലെ ... ?

അതെ.. ഇനിയിപ്പോള്‍ ഏന്തായാലും വാര്‍ത്ത കൊടുക്കാനാവില്ല.

ഉറക്കത്തിണ്റ്റെ കെട്ടുവിടാതെ ഞാന്‍ പറഞ്ഞു.

വാര്‍ത്തയ്ക്കല്ല. ഞാന്‍ അറിയിച്ചുവെന്നേയൊള്ളൂ. എന്നെ മന്നസ്സിലായില്ലെ...ഞാന്‍ ശശി ചേട്ടനാണ്‌ ലാവണ്യ ശശി.

ഒരു നിമിഷംഎണ്റ്റെ ഉറക്കത്തിണ്റ്റെ കെട്ടുപൊട്ടി.

ഓ ശശി ചേട്ടന്‍. തൊട്ടുമുമ്പൊരു ദിവസം കഥാകൃത്ത്‌ കെ.എം. ജോഷിയുടെ മുറിയില്‍ വച്ചു പരിചയപ്പെട്ട ശശിചേട്ടന്‍. അപ്പോള്‍ ഏതു ജോഷിയുടെ കാര്യമാണ്‌.. ?

നമ്മുടെ ജോഷിയെ.. കഥകളെഴുതുന്ന.. നെഞ്ചുവേദന വന്നതും ലക്ഷ്മിയില്‍ അഡ്മിറ്റാക്കിയതും ശശിചേട്ടന്‍ വിശദമായി പറഞ്ഞു.

എന്നാല്‍ അപ്രതീക്ഷിതമായ ആ വാര്‍ത്തയ്ക്ക്‌ പിന്നാലെ വന്ന മുഴുവന്‍ അനുബന്ധങ്ങളും എന്നെ സംബന്ധിച്ച്‌ അപ്രസക്തമായി.

തലേദിവസം കൂടി കണ്ടുമിണ്ടിപ്പിരിഞ്ഞുപോയ ഒരാള്‍. എപ്പോള്‍ കണ്ടാലും എഴുത്തിനെപ്പറ്റിയും വായനയെപ്പറ്റിയും മാത്രം പറയാറുള്ള ഒരു സൌഹൃദം. അതാണ്‌ പൊലിഞ്ഞുപോയിരിക്കുന്നത്‌.

ആശാന്‍ സ്മാരക സാഹിത്യവേദിയുടെ ഒരു കഥയരങ്ങില്‍ വച്ചാണ്‌ കെ.എം. ജോഷിയെന്ന കഥാകൃത്തിനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്‌. പശ്ചിമ കൊച്ചിയുടെ ഭാഷയും ചുററുവട്ടങ്ങളും ആവാഹിച്ചെടുത്ത ഒരു കഥ അവതരിപ്പിച്ച ഈ എഴുത്തുകാരനെ അന്നുതന്നെ ഞങ്ങളില്‍ ചിലര്‍ നോട്ടം വച്ചു. കഥാകൃത്ത്‌ മനോജ്‌ വെങ്ങോലയും മാധ്യമം ലേഖകന്‍ അലി കരക്കുന്നനും ഉള്‍പ്പെടുന്ന ഞങ്ങളുടെ സൌഹൃദ വലയത്തിലേക്ക്‌ കെ.എം ജോഷിയും അംഗമായി.

ഔഷധി കവലയിലൂടെ എപ്പോള്‍ കടന്നു പോകുമ്പോഴും ജോഷിചേട്ടന്‍ മാനേജരായ ഹോണ്ട ഷോറൂം എണ്റ്റെ സന്ദര്‍ശന കേന്ദ്രമായി. എപ്പോള്‍ ചെല്ലുമ്പോഴും ആ മനുഷ്യന്‍ വായനയുടേയോ എഴുത്തിണ്റ്റേയോ ലോകത്തായിരിക്കും. ഏറ്റവും പുതിയ ആനുകാലികങ്ങളും പുസ്തകങ്ങളും മേശപ്പുറത്ത്‌ സുലഭം.

പിന്നീട്‌ ഔഷധി കവലയിലേക്ക്‌ എണ്റ്റെ ഓഫീസ്‌ മാറിയതോടെ ഞങ്ങള്‍ എന്നും കാണാന്‍ തുടങ്ങി. ഒന്നുകില്‍ ജോഷി ചേട്ടന്‍ എന്നെ തേടി വരും. അല്ലെങ്കില്‍ ഞാന്‍ അവിടെ ചെല്ലും. സംസാരം കഥകളെ പറ്റി മാത്രം. മുനിസിപ്പല്‍ കൌണ്‍സിലറായ ഭാര്യ മിനി ജോഷിയ്ക്ക്‌ നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാനുള്ള മുന്‍ധാരണ ലംഘിയ്ക്കപ്പെട്ടതിനെ കുറിച്ച്‌, പത്രക്കാരനെന്ന നിലയില്‍ ഞാന്‍ എന്തെങ്കിലും ചോര്‍ത്താന്‍ ശ്രമിക്കുമ്പോഴും ജോഷി ചേട്ടണ്റ്റെ സംസാരം കഥകളിലേക്ക്‌ വഴിമാറുന്നത്‌ എന്നെ അത്ഭുതപ്പെടുത്താറുണ്ട്‌.

അധികാരമോ പണമോ ഒരിക്കല്‍ പോലും തീണ്ടാത്ത ഒരു മനസ്സായിരുന്നു കെ.എം. ജോഷിയെന്ന മനുഷ്യണ്റ്റെ മൂലധനം. അക്ഷരങ്ങള്‍ നക്ഷത്രങ്ങളായി അവിടെയെപ്പോഴും പ്രകാശിച്ചു നിന്നു.

സാഹിത്യ പ്രസാധക സഹകരണ സംഘം തണ്റ്റെ കഥാസമാഹാരം പുറത്തിറക്കുന്നതിലുള്ള സന്തോഷത്തിലായിരുന്നു ഈ എഴുത്തുകാരന്‍. പ്രൂഫ്‌ നോട്ടം പൂര്‍ത്തിയായത്‌, അച്ചടികഴിഞ്ഞത്‌ എല്ലാം അപ്പപ്പോള്‍ അറിയിച്ചുകൊണ്ടിരുന്നു. പുസ്തക പ്രകാശനം തിരുവനന്തപുരത്തായിരിക്കുമെന്നും തീയതി അടുത്തുതന്നെ അറിയാനാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗോണു എന്നായിരുന്നു സമാഹാരത്തിണ്റ്റെ പേര്‌. ഗോണു ഒരു ചുഴലിക്കാറ്റിണ്റ്റെ പേരാണ്‌. ഗോണുവിണ്റ്റെ അച്ചടി മഷിയുണങ്ങും മുമ്പ്‌ കഥാകാരന്‍ നമ്മെ വിട്ടുപോയി. പക്ഷെ, വീശിത്തുടങ്ങിയ കാറ്റിനു നിലച്ചു പോകാനാകുമോ... അത്‌ സഹൃദയ മനസ്സുകളില്‍ ഒടുങ്ങാത്ത കൊടുങ്കാറ്റായിരിയ്ക്കുമെന്ന്‌ എനിയ്ക്കുറപ്പുണ്ട്‌
(ഫാസ്‌ മാസിക, ഡിസംബര്‍ 2009 )