Tuesday, January 3, 2012

സുനില്‍ പെരുമ്പാവൂറ്‍

 സുനില്‍ പെരുമ്പാവൂറ്‍ ഫെയ്സ്‌ ബുക്കില്‍ ഇങ്ങനെ എഴുതി

Sunil Perumbavoor
Suresh Keezhillam പെരുമ്പാവൂരില്‍ നിന്നും ദോഹക്ക് മടങ്ങി വരുമ്പോള്‍ ഫ്ലൈറ്റിലിരുന്നു ഞാന്‍ നിങ്ങളുടെ പുതിയ പുസ്തകമായ " സുരേഷ് കീഴില്ലത്തിന്റെ രണ്ടു മൈക്രോ നോവലുകള്‍" വായിച്ചു. വളരെ ഇഷ്ടപ്പെട്ടു. ആണ്‍ തുണയുണ്ടായിട്ടും , കടുത്ത കുറ്റബോധത്താല...്‍ നീറിപ്പിടഞ്ഞിട്ടും, പ്രകൃതിയുടെ സൃഷ്ടിപരമായ രാസവാക്യങ്ങളില്‍ ആധുനിക ജീവിതമെന്ന രാസത്വരകം കൂടി ചേര്‍ന്നപ്പോളു ളവായ വിയര്‍പ്പൊട്ടിയ കുറേ നെടുവീര്‍പ്പുകള്‍ ആകാശയാത്രയിലുടനീളം നീരാവിയായുരുണ്ടു കൂടിയ മേഘങ്ങള്‍ക്കിടയിലൂടെ എന്നെ മഥിച്ചു കൊണ്ടിരുന്നു.

സുരേഷ് ..
നിങ്ങളുടെ നായികമാരോട് ഇനിയെങ്കിലും വാതില്‍ അടച്ചു കിടക്കാന്‍ പറയണം. പാതി ചാരിയ വാതിലിലൂടെയും, അടക്കാന്‍ മറന്ന വാതിലിലൂടെയുമാണല്ലോ അവര്‍ തിരിച്ചറിവുകളുടെ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നത്.
See More

ചന്ദ്രിക ആഴ്ചപ്പതിപ്പില്‍

ചന്ദ്രിക ആഴ്ചപ്പതിപ്പിണ്റ്റെ ലൈബ്രറി താളില്‍ രണ്ടു മൈക്രോ നോവലുകള്‍ക്കും ഇടം.
 

Saturday, December 3, 2011

ആദരം; മുമ്പേ പറന്നവര്‍ക്ക്

സുരേഷ്‌ കീഴില്ലം                                                                                                           
ഏതൊരു സമൂഹത്തേയും മുന്നോട്ടു നയിയ്ക്കുന്നത്‌ , പലപ്പോഴും ഒറ്റപ്പെട്ട ചിലരാണ്‌. മുമ്പേ പറക്കുന്ന ഈ പക്ഷികളെ കാണാനോ, ആ ചിറകടി കേള്‍ക്കാനോ കഴിയുന്നില്ലെങ്കില്‍, അത്‌ ആ നാടിണ്റ്റെ ഭാഗ്യദോഷം.
തൊട്ട്‌ അയല്‍ഗ്രാമങ്ങളായ പുല്ലുവഴി, വളയന്‍ചിറങ്ങര തുടങ്ങിയ ഇടങ്ങളെ അപേക്ഷിച്ച്‌ ഞങ്ങള്‍ കീഴില്ലത്തുകാര്‍ക്ക്‌ ഇക്കാര്യത്തിലുള്ള അനാസ്ഥ ഒട്ടു കൂടുതലാണ്‌ എന്ന്‌ ഇതെഴുന്നയാള്‍ക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ എഴുപതു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിരന്തരം കവിതകളെഴുതിയിരുന്ന കീഴില്ലം എം.കെ ശങ്കരപ്പിള്ളയെ നാം മറന്നത്‌. പത്തനംതിട്ട സ്വദേശി അദ്ധ്യാപകനും ഗവേഷക വിദ്യാര്‍ത്ഥിയുമായ ഹരിലാല്‍ എന്ന സുഹൃത്താണ്‌ ശങ്കരപ്പിള്ളയെ പറ്റി എനിയ്ക്ക്‌ വിവരം തരുന്നത്‌.
പ്രായംചെന്നവര്‍ക്കു പോലും, പക്ഷെ ആ മനുഷ്യനെ ഓര്‍മ്മയുണ്ടായിരുന്നില്ല. ചന്ദ്രശേഖര വാര്യര്‍ എന്ന വയോധികനാണ്‌ ചില സൂചനകളെങ്കിലും തരാനായത്‌. ഒടുവില്‍ പാലായ്ക്കടുത്ത്‌ എലിക്കുളത്ത്‌ അദ്ദേഹം ജീവിച്ചിരുപ്പുണ്ടെന്ന്‌ മനസ്സിലായി. മരിയ്ക്കുംമുമ്പ്‌ അദദേഹത്തെ അവിടെ ചെന്ന്‌ ആദരിയ്ക്കാനുമായി. 
അസ്ഥിഭംഗ ചികിത്സ കൊണ്ട്‌ നാടെങ്ങും കേള്‍വികേട്ട പരത്തുവയലില്‍ വൈദ്യന്‍മാരെ നാം എത്രകണ്ട്‌ തിരിച്ചറിഞ്ഞു? സിനിമയിലെ വസ്ത്രാലങ്കാരത്തിന്‌ പ്രഥമ സംസ്ഥാന അവാര്‍ഡ്‌ നേടിയ കീഴില്ലം വേലായയുധന്‌ ഒരു ചെറു സ്വീകരണമെങ്കിലും കൊടുക്കാന്‍ ആര്‍ക്കും സമയമുണ്ടായില്ല. പാണ്ഡിത്യവും ലാളിതത്യവും സമ്മേളിച്ചിരുന്ന കാരിമറ്റത്ത്‌ വാസുക്കുഞ്ഞിയെന്ന അപൂര്‍വ്വ വ്യക്തിത്വം എത്രപേരുടെ ഓര്‍മ്മയിലുണ്ട്‌? പ്രഗത്ഭ വിഷ വൈദ്യനായിരുന്ന നീലകണ്ഠന്‍ കര്‍ത്ത...മുന്‍ മന്ത്രി കെ.ജി.ആര്‍ കര്‍ത്ത..... 
ജന്‍മം കൊണ്ട്‌ കീഴില്ലംകാരനല്ലെങ്കിലും ഈ മണ്ണ്‌ കര്‍മ്മ മണ്ഡലമാക്കി മാറ്റിയ ശങ്കരന്‍കുട്ടി മാരാര്‍ എന്ന മുടിയേറ്റ്‌ ആചാര്യനെ നമുക്കെത്രപേര്‍ക്കറിയാം? മുടിയേറ്റിനെ കാവുകളുടെ ചെറിയ വളപ്പില്‍ നിന്ന്‌ വിദേശ അരങ്ങുകളിലേയ്ക്ക്‌ വരെ തൊടുത്തുവിട്ട നമ്മുടെ സമകാലികനായ കീഴില്ലം ഉണ്ണികൃഷ്ണണ്റ്റെ പ്രകടനം നമ്മിലെത്രപേര്‍ കണ്ടിട്ടുണ്ട്‌? നൃത്താദ്ധ്യാപനത്തിലൂടെ മുംബൈയില്‍ ശ്രദ്ധേയനായ പി.ആര്‍.സി നായര്‍, പൊതുരംഗത്തെ നിറസാന്നിദ്ധ്യമായ എന്‍.ആര്‍ നായര്‍, പൂരങ്ങളുടെ പൂരമായ തൃശൂറ്‍ പൂരത്തിന്‌ കൊട്ടിതകര്‍ത്തിരുന്ന ഗോപാലകൃഷ്ണ മാരാര്‍.
ഈ ആത്മവിമര്‍ശനങ്ങള്‍ക്കിടയിലാണ്‌ കീഴില്ലം പൌരാവലി ശതാഭിഷ്കതനായ വൈദ്യകലാനിധി ഡോ.ആര്‍.എസ്‌ വാര്യരെ ആദരിച്ചത്‌. ഗ്രാമത്തിണ്റ്റെ സ്വന്തം വൈദ്യന്‍ എന്ന നിലയ്ക്ക്‌ മാത്രമല്ല, നാട്ടിലെ ഓരോ സംഭവങ്ങള്‍ക്ക്‌ വേണ്ടിയും വിയര്‍പ്പ്‌ ഉതിര്‍ത്ത മനുഷ്യനാണ്‌ വാര്യര്‍. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ നിന്നും വൈദ്യകലാനിധി ബിരുദം സമ്പാദിച്ച അദ്ദേഹം കീഴില്ലത്തേയ്ക്ക്‌ തന്നെ മടങ്ങുകയായിരുന്നു.
1948-ല്‍ സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്ക്‌ ക്ഷണിയ്ക്കപ്പെട്ടെങ്കിലും സ്വന്തം ഗ്രാമവാസികളുടെ ആരോഗ്യസംരക്ഷകനാവാനായിരുന്നു ആര്‍.ശങ്കര വാര്യരുടെ തീരുമാനം. 
കീഴില്ലം സര്‍വ്വീസ്‌ സഹകരണ സംഘം രൂപീകരിയ്ക്കുമ്പോള്‍ വാര്യര്‍ ഭരണസമിതി അംഗമായിരുന്നു. തുടര്‍ന്നുള്ള ഭരണസമിതിയിലും അംഗമായിരുന്ന ഇദ്ദേഹം എന്നും സംഘത്തിണ്റ്റെ അഭ്യുദയകാംഷിയായി തുടര്‍ന്നു.
കീഴില്ലം ഗ്രാമോദ്ധാരണ വായനശാലയ്ക്ക്‌ വേണ്ടിയായിരുന്നു, ഈ മനുഷ്യണ്റ്റെ പ്രധാന യത്നങ്ങള്‍. ഇപ്പോള്‍ സുവര്‍ണ ജൂബിലി പിന്നിട്ട ഈ എ ഗ്രേഡ്‌ വായനശാലയുടെ പേര്‌ നിശ്ചയിച്ചതും അഞ്ചു സെണ്റ്റ്‌ പുറമ്പോക്കു ഭൂമി സര്‍ക്കാരില്‍ നിന്ന്‌ പതിച്ചുവാങ്ങിയതും കെട്ടിടം പണിയാന്‍ പണിക്കാര്‍ക്ക്‌ ഒപ്പം നിന്ന്‌ കല്ലും മണ്ണും ചുമന്നതും ഇന്ന്‌ പഴയ കഥ. തുടര്‍ച്ചയായി 12 വര്‍ഷമാണ്‌ വായനശാലയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്‌. മൂന്നു വര്‍ഷം പ്രസിഡണ്റ്റുമായി. 
മഹാദേവ ക്ഷേത്രത്തില്‍ കാരിമറ്റത്ത്‌ വാസുക്കുഞ്ഞിയുമായി ചേര്‍ന്ന്‌ മതപാഠശാല നടത്തി. ക്ഷേത്രോപദേശക സമിതിയുടെ അദ്ധ്യക്ഷ സ്ഥാനമുള്‍പ്പടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നാലുപതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു. എന്‍.എസ്‌.എസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനവും വഹിച്ചു. 
പൊതുപ്രവര്‍ത്തനവും വൈദ്യവൃത്തിയും ഒരേമട്ടില്‍ കൊണ്ടുപോകാനായതാണ്‌ ആര്‍.എസ്‌ വാര്യരുടെ പ്രധാന വിജയം. ഇവ രണ്ടിനും ലാഭേച്ഛയുണ്ടായില്ല. 
കേരള മുഖ്യ മന്ത്രിയായിരിയ്ക്കുമ്പോഴാണ്‌ പി.കെ വാസുദേവന്‍ നായര്‍ വാതചികിത്സയില്‍ പ്രാഗത്ഭ്യമുള്ള വാര്യര്‌ വൈദ്യനെ തേടിയെത്തുന്നത്‌. മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ള, മുന്‍ മന്ത്രി ടി.എച്ച്‌ മുസ്തഫ പോലുള്ള രാഷ്ട്രീയ പ്രമുഖരും മലയാറ്റൂറ്‍ രാമകൃഷ്ണനെ പോലുള്ള സാഹിത്യനായകരും ഹൈക്കോര്‍ട്ട്‌ ജഡ്ജി ദേവകിയമ്മ, മേജര്‍ എം.ജി.എസ്‌ നായര്‍ തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും വിദഗ്ദ്ധ ചികിത്സ തേടിയെത്തിയതും ഇവിടെ തന്നെ. 
ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ കാണാന്‍ ഭാഗ്യം സിദ്ധിച്ച ഇദ്ദേഹം 1922-ലാണ്‌ ജനിച്ചത്‌. കീഴില്ലത്തു വാര്യത്ത്‌ രാമവാര്യരുടേയും മാധവി വാരസ്യാരുടേയും രണ്ടാമത്തെ മകന്‍. ഭാര്യ: ലക്ഷ്മിക്കുട്ടി വാര്യസാര്‍. മക്കള്‍: ഇന്ദിര, ശാരദ, കമല, രാമചന്ദ്രന്‍, ശങ്കര പ്രസാദ്‌. 

കീഴില്ലം സര്‍വ്വീസ്‌ സഹകരണ ബാങ്കിണ്റ്റെ കനക ജൂബിലി സ്മരണിക (2006) യില്‍ എഴുതിയത്‌. രണ്ടു വര്‍ഷം മുമ്പ്‌ ശ്രീ.വാര്യര്‍ നമ്മോട്‌ വിട പറഞ്ഞു.

Friday, November 25, 2011

എന്‍റെ പുതിയ പുസ്തകം- രണ്ടു മൈക്രോ നോവലുകള്‍

പ്രിയപ്പെട്ട എന്‍റെ വായനക്കാരെ,

എന്‍റെ  പുതിയ പുസ്തകം-രണ്ടു മൈക്രോ നോവലുകള്‍ പുറത്തിറങ്ങുന്ന വിവരം സസന്തോഷം അറിയിക്കട്ടെ. കോതമംഗലം സൈകതം ബുക്സ്‌ ആണ് പ്രസാധകര്‍.കോതമംഗലം വിമലഗിരി സ്കൂള്‍ ഓഡിറ്റോറിയത്തില്‍അടുത്ത മാസം മൂന്നിനാണ് പ്രകാശനം.
കോതമംഗലത്ത് പുതുതായി ആരംഭിക്കുന്ന സൈകതം ബുക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും അന്ന് നടക്കും.
 മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ വിവിധ വിഭാഗങ്ങളിൽപ്പെട്ട പുസ്തകങ്ങൾ ഉൾക്കൊള്ളൂന്ന ഷോറൂമും അത്യാധുനിക സൗകര്യങ്ങളുള്ള കമ്യൂണിക്കേഷന്‍ സെന്ററുമാണ് കോളജ് ജങ്ഷനിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന/ പ്രകാശന  ചടങ്ങുകളിലേക്കും തുടർന്നും നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

കാര്യപരിപാടി

2 മണി
ഷോറൂം & ഒഫീസ് ഉദ്ഘാടനം

കെ. പി. ബാബു (മുനസിപ്പൽ ചെയർമാൻ)
ഭദ്രദീപം
വിനീത് ശ്രീനിവാസന്‍ (നടന്‍ , സംവിധായകന്‍ ) / ഇന്ദ്രൻസ് (നടൻ)

2.30 മണി
പുസ്തക പ്രകാശനം - സാംസ്കാരിക സംഗമം

സ്വാഗതം
അധ്യക്ഷൻ : ഷെവ. പ്രൊഫ. ബേബി എം. വർഗീസ്.
ഉദ്ഘാടനം : അഡ്വ. സെബാസ്റ്റ്യന്‍ പോൾ (മാധ്യമവിമർശകന്‍, മുന്‍ എം പി)
മുഖ്യ പ്രഭാഷണം : ടി. പി. രാജീവൻ

പുസ്തകങ്ങളുടെ പ്രകാശനം

ദൈവത്തെ മാറ്റിയെഴുതുമ്പോൾ (ലേഖനം) - പി എന്‍ ഗോപീകൃഷ്ണന്‍
പ്രകാശനം: ഡോ. സി എസ് വെങ്കിടേശ്വരന്‍, ചലച്ചിത്ര നിരൂപകന്‍
ഏറ്റുവാങ്ങുന്നത്: സി. ഗൗരീദാസന്‍ നായർ, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ദ ഹിന്ദു

വംശഗാഥകൾ മൂളും ടാക്കീസ് (ദേശമെഴുത്ത്) - വി ദിലീപ്
പ്രകാശനം : സന്തോഷ് ഏച്ചിക്കാനം, കഥാകൃത്ത്
ഏറ്റുവാങ്ങുന്നത് : അബ്ദുൾസലാം, കവി

വെള്ളം എത്ര ലളിതമാണ് (കുറിപ്പുകൾ) - എസ് ജോസഫ്
പ്രകാശനം: സണ്ണി എം കപിക്കാട്, ചിന്തകന്‍
ഏറ്റുവാങ്ങുന്നത്: എം ടി ജയലാൽ, ചിത്രകാരന്‍

പ്രണയമെന്നോ ഇരയെന്നോ പേരിടാവുന്ന...(കവിത) - ജോസഫ് കെ ജോബ്
പ്രകാശനം: താഹ മാടായി
ഏറ്റുവാങ്ങുന്നത്: എസ് ജോസഫ്, കവി

മറന്നുവച്ച കുടകൾ (കവിത) - സുൾഫിക്കർ
പ്രകാശനം: സിവിക് ചന്ദ്രന്‍, ആക്റ്റിവിസ്റ്റ്, എഴുത്തുകാരന്‍
ഏറ്റുവാങ്ങുന്നത്: വി ജി തമ്പി

രണ്ട് മൈക്രോനോവലുകൾ (നോവൽ) - സുരേഷ് കീഴില്ലം
പ്രകാശനം: കെ കെ സുധാകരന്‍, നോവലിസ്റ്റ്
ഏറ്റുവാങ്ങുന്നത്: മനോജ് വെങ്ങോല, കഥാകൃത്ത്




5.30
നൃത്തനൃത്യങ്ങൾ

Anchors : കെ. വി. സുമിത്ര & amp; എസ്. മഞ്ജു




നന്ദി

Thursday, October 6, 2011

വെറും മഴ; വെറും പുഴ

സുരേഷ്‌ കീഴില്ലം

ജനാലയ്ക്കു പുറത്തിപ്പോള്‍ മഴ പെയ്യുകയാണ്‌. 
മുറ്റത്തു പതിയ്ക്കുന്ന ഓരോ മഴനൂലുകളും ഓരോ രാജകിരീടങ്ങളായി മാറി ഒറ്റ നിമിഷാര്‍ദ്ധത്തില്‍ പൊലിഞ്ഞു തീരുന്നു. 
ഇന്ത്യന്‍ രാജാക്കന്‍മാരുടെ കിരീടങ്ങളല്ല. ദമയന്തി ടീച്ചര്‍ ഓര്‍ത്തു. 
പണ്ടെന്നോ കേട്ട നേഴ്സറി കഥയിലെ, ദുര്‍മന്ത്രവാദിനിയുടെ കയ്യില്‍പ്പെട്ട രാജകുമാരിയെ രക്ഷപ്പെടുത്തി കുതിരപ്പുറത്ത്‌ പാഞ്ഞുപോയ ആംഗലേയ രാജകുമാരണ്റ്റെ കിരീടങ്ങള്‍. 
ജനാലയ്ക്കപ്പുറം നൂറുനൂറായിരം രാജകുമാരന്‍മാര്‍. എല്ലാവരും രാജകുമാരിയെ തേടി... 
പക്ഷെ, ഇതിലേതാണ്‌ നളന്‍.. ?
നളന്‍ പക്ഷെ, ഇന്ത്യന്‍ രാജാവല്ലേ... ?ദമയന്തി ടീച്ചര്‍ക്ക്‌ ചിരിപൊട്ടി. 
എന്താണിത്ര ചിരിയ്ക്കാന്‍.. ?
ദമയന്തി ടീച്ചറുടെ തോളില്‍ കൈ വച്ച്‌ , തലയ്ക്കുമുകളിലൂടെ സുരേന്ദ്രക്കുറുപ്പ്‌ പുറത്തേയ്ക്ക്‌ നോക്കി. മഴയത്ത്‌ നനഞ്ഞ അയാളുടെ അരക്കെട്ട്‌ ടീച്ചറുടെ മുതുകില്‍ തണുത്തു. അവരുടെ നേര്‍ത്ത ചൂടിലേയ്ക്ക്‌ ഒന്നുകൂടി അമര്‍ന്നുകൊണ്ട്‌ അയാള്‍ പറഞ്ഞു. 
ഞാനൊന്നും കാണുന്നില്ല. വെറും മഴയല്ലാതെ... 
മഴയാണ്‌...ദമയന്തി ടീച്ചര്‍ പറഞ്ഞു. 
വെറും മഴ. 
എന്നിട്ടവര്‍ തലയുയര്‍ത്തി സുരേന്ദ്രക്കുറുപ്പിനെ നോക്കി. അവരയാളുടെ ബുള്‍ഗാന്‍ ഒരു കുന്തത്തലപ്പുപോലെ കൂര്‍ത്തുകണ്ടു. അതിനിടയിലെ ചിരിയില്‍ നിന്ന്‌ തുപ്പേല്‍ ചാറലും പുകയില മണവും തെറിയ്ക്കുന്നു. നാസാരന്ധ്രങ്ങള്‍ക്കകത്ത്‌ രോമക്കൂടിനകത്ത്‌ കുരുങ്ങിക്കിടക്കുന്ന ഒരു മൂക്കിട്ട. 
എല്ലാറ്റിനും പുറമെ തവിട്ടു നിറമുള്ള ആഭിചാരകലശങ്ങള്‍പോലെ അയാളുടെ കണ്ണുകള്‍ തന്നിലേയ്ക്ക്‌ പൊട്ടിവീഴാന്‍ വെമ്പി നില്‍ക്കുന്നത്‌ ദമയന്തി ടീച്ചര്‍ കണ്ടു. 
സുരേന്ദ്രക്കുറുപ്പിണ്റ്റേയും ജനലിണ്റ്റെയും ഇടയില്‍ക്കുടുങ്ങി ദമയന്തി ടീച്ചര്‍ ഇരുന്നു. 
നേഴ്സറിക്കഥയില്‍, ദുര്‍മന്ത്രവാദിയുടെ ഏഴുനില മാളികയ്ക്ക്‌ മുകളിലെ കിളിവാതിലില്‍ ഒറ്റ നക്ഷത്രം പോലെ ജ്വലിച്ചു നിന്ന രാജകുമാരിയുടെ മുഖം ടീച്ചര്‍ ഓര്‍ത്തു. അതിനു പിന്നില്‍ രാജകുമാരിയെ പ്രലോഭിപ്പിച്ചു കൊണ്ട്‌, ഭീഷണിപ്പെടുത്തികൊണ്ട്‌ ഒരു ദുര്‍മന്ത്രവാദിയുണ്ടായിരുന്നുവെന്നും...... 
ഇന്നും മാര്‍ക്കറ്റ്‌ കീഴോട്ടാണ്‌. നാനൂറ്റമ്പത്‌ രൂപയാണ്‌ ഒരൊറ്റ ദിവസംകൊണ്ട്‌.... 
സുരേന്ദ്രക്കുറുപ്പ്‌ ദമയന്തി ടീച്ചറില്‍ നിന്ന്‌ അടര്‍ന്നു മാറി കട്ടിലിലിരുന്നു.. 
ഇത്‌ മൂകാംബികയാണ്‌..... ടീച്ചര്‍ പറഞ്ഞു. 
അതിന്‌.. ?
ടീച്ചര്‍ മഴയിലേക്ക്‌ തന്നെ കണ്ണു നട്ടിരുന്നു. പിന്നെ സുരേന്ദ്രക്കുറുപ്പ്‌ ഒന്നും പറഞ്ഞില്ല. കൈയ്യിലുള്ള നനഞ്ഞ പത്രം നിവര്‍ത്തി കൊപ്ര വിലയുടെ വരുംവരായ്കയിലേക്ക്‌ തന്നെ അയാള്‍ മടങ്ങി. അതില്‍ അവജ്ഞകൊണ്ട്‌ ടീച്ചറും....
കുറച്ചു കഴിഞ്ഞപ്പോഴോ പത്രം അലസമായി കട്ടിലിലിട്ടു സുരേന്ദ്രക്കുറുപ്പ്‌ മുറിക്ക്‌ പുറത്തേയ്ക്കു പോയി. ജനാലയ്ക്കു പുറത്ത്‌, ഓര്‍മ്മകളുടെ പെരുംമഴയിലേക്ക്‌ കണ്ണുകള്‍ പായിച്ച്‌ ദമയന്തി ടീച്ചര്‍ അവിടെത്തന്നെ നിന്നു. 
ഒരേ ഡിപ്പാര്‍ട്ടുമെണ്റ്റില്‍ 22 വര്‍ഷക്കാലം..... 
സെണ്റ്റ്‌ ഓഫ്‌ ഫംഗ്ഷനില്‍ പ്രിന്‍സിപ്പാള്‍ തണ്റ്റെ മുഴങ്ങുന്ന ശബ്ദത്തില്‍ പറഞ്ഞു. അതു മാത്രമല്ല കൌതുകം. ഒരേ ദിവസമാണത്രേ ഇവര്‍ ജോയിന്‍ ചെയ്തത്‌. ദാ... ഇപ്പോഴവര്‍ ഒന്നിച്ചു തന്നെ ഈ പടിയിറങ്ങുന്നു. 
ഇതു കേള്‍ക്കുമ്പോള്‍ നേര്‍ത്ത കാറ്റു പോലെ, ഇരിയ്ക്കുന്ന കസാലയില്‍ നിന്ന്‌ താന്‍ അലിഞ്ഞില്ലാതായിപ്പോകുംപോലെ ദമയന്തി ടീച്ചര്‍ക്കനുഭവപ്പെട്ടിരുന്നു. 
ഇടതുവശത്ത്‌ വല്ലാത്തൊരു തലയെടുപ്പോടെ നിവര്‍ന്നിരിയ്ക്കുന്ന പ്രൊഫ. പീറ്റര്‍ സാമുവലിനെ ഇടംകണ്ണിട്ടൊന്നു കാണുവാന്‍ ടീച്ചര്‍ ഉത്ക്കടമായി അഭിലഷിച്ചുപോവുകയും ചെയ്തിരുന്നു. 
ദമയന്തി ടീച്ചര്‍ മുറിക്ക്‌ പുറത്തിറങ്ങി. ഇപ്പോള്‍ മഴ മാറിയിട്ടുണ്ട്‌. അന്തരീക്ഷം പൊടുന്നനെ പ്രസാദാത്മകമായിരിക്കുന്നു. മഴയില്‍ കുളിച്ച്‌ ശുദ്ധമായ വെയില്‍... 
നിരത്തിലൂടെ മുല്ലപ്പൂ മാലയുമായി ഒരു കൊച്ചു പെണ്‍കുട്ടി. 
രമേശിണ്റ്റെ കുട്ടിയ്ക്കിപ്പോള്‍ ഇവളുടെ പ്രായമായിരിക്കും.
മൂകാംബികക്ക്‌ പോകുന്ന വിവരം കാണിച്ച്‌ രമേഷിന്‌ കത്തെഴുതിയതിനു അവനെഴുതിയ മറുപടി ഓര്‍ത്തു.
ചാന്ദ്നിക്കിപ്പോള്‍ പരീക്ഷയല്ലേ... പരീക്ഷക്കാലത്താണോ തീര്‍ത്ഥാടനം... ?
വലിയ പരീക്ഷകളെ നേരിടുമ്പോഴല്ലാതെ മറ്റെപ്പോഴാണ്‌ നാം തീര്‍ത്ഥാടനത്തിന്‌ പാകപ്പെടുക എന്ന്‌ ദമയന്തി ടീച്ചര്‍ രമേഷിന്‌ മറുപടി എഴുതിയില്ല. തണ്റ്റെ മകനും അവണ്റ്റെ മകളുമൊന്നും തീര്‍ത്ഥാടനത്തിന്‌ പാകപ്പെട്ടിട്ടില്ലെന്ന്‌ മാത്രം ടീച്ചര്‍ സ്വയം നിശ്വസിച്ചു.. 
താനോ... ?
തലേന്ന്‌ വൈകിട്ട്‌ സരസ്വതി മണ്ഡപത്തിലിരുന്ന്‌ തന്നോടു സംസാരിച്ച വ്യദ്ധനെ ദമയന്തി ടീച്ചര്‍ ഓര്‍ത്തു. 
ആഴത്തില്‍ കുഴിഞ്ഞുപോയ കണ്ണുകളും നരച്ചതാടിയുംമുള്ള ഒരു മെലിഞ്ഞ മനുഷ്യന്‍. 
അദ്ദേഹത്തിണ്റ്റെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ ദൂരെയെവിടെയോ രണ്ടു സന്ധ്യാ ദീപങ്ങള്‍ കൊളുത്തി വച്ച പോലെയാണ്‌ ടീച്ചര്‍ക്ക്‌ തോന്നിയത്‌. 
ഇവിടെ നിന്ന്‌ എങ്ങനെയാണ്‌ കുടജാദ്രിയിലേക്ക്‌ പോവുക....? ദമയന്തി ടീച്ചര്‍ അദ്ദേഹത്തോട്‌ ചോദിച്ചു. 
അമ്മയുടെ മൂലസ്ഥാനമാണ്‌ കുടജാദ്രി.... അദ്ദേഹം പുഞ്ചിരിച്ചു. 
ആര്‍ക്കും എപ്പോഴും അങ്ങോട്ടു ചെല്ലാനാവില്ല..... 
തെല്ലിട മൌനം പൂണ്ടിരുന്നശേഷം അദ്ദേഹം തുടര്‍ന്നു. 
വഴിയന്വേഷിയ്ക്കണ്ട നിങ്ങള്‍. അമ്മയുടെ വിളിയുണ്ടാകും. അപ്പോഴല്ലാതെ... 
രാത്രി ബനിയനൂരിക്കൊണ്ട്‌ സുരേന്ദ്രക്കുറുപ്പ്‌ പറഞ്ഞു. 
ജീപ്പുകാര്‌ ചോദിക്കുന്നത്‌ തൊള്ളായിരം രൂപയാണ്‌. ഇപ്പോള്‍ സീസണല്ല. വേറാരുമില്ല അങ്ങോട്ടുപോകുവാന്‍. നമ്മള്‍ രണ്ടുപേരും ഇത്രയും പണം മുടക്കി.... 
കൊച്ചുകുട്ടികളെപ്പോലെ ശാഠ്യം പിടിക്കണമെന്നുണ്ടായിരുന്നു ദമയന്തി ടീച്ചര്‍ക്ക്‌. 
പക്ഷേ, ടീച്ചര്‍ക്കപ്പോള്‍ പ്രവചനത്തിണ്റ്റെ ശക്തിയുള്ള നിസ്സംഗമായ രണ്ടു കണ്ണുകള്‍ ഓര്‍മ്മവന്നു. അദ്ദേഹം പറഞ്ഞ വാക്കുകളും.. 
വഴിയന്വേഷിയ്ക്കേണ്ട നിങ്ങള്‍... 
വഴി മുഴുവന്‍ വഴുക്കലാണ്‌... അറപ്പോടെ സുരേന്ദ്രക്കുറുപ്പ്‌ തുടര്‍ന്നു. കാടു മുഴുവന്‍ അട്ടകളാണത്രേ... 
അയാള്‍ തണ്റ്റെ വലിയ വയറിനു മുകളില്‍ കൈകള്‍ കയറ്റി വച്ച്‌ ഉറങ്ങാന്‍ കിടക്കുകയും ചെയ്തു. ഇപ്പോള്‍ ടീച്ചര്‍ക്ക്‌ മുന്നില്‍ ഒരു പുഴ ഒഴുകുകയാണ്‌. 
സൌപര്‍ണ്ണിക. 
സൌപര്‍ണികയിലേക്ക്‌ ചാഞ്ഞു നിന്ന പച്ചത്തലപ്പുകള്‍ ഇപ്പോഴും പെയ്യുന്നുണ്ട്‌. രാജകിരീടമായി, കുഞ്ഞോളമായി ഓരോതുള്ളിയും... 
തണ്റ്റെ മുഴങ്ങുന്ന ശബ്ദത്തില്‍ പ്രൊഫ. പീറ്റര്‍ സാമുവല്‍ ഷേക്സ്പിയര്‍ കവിത പഠിപ്പിക്കുന്നത്‌ ദമയന്തി ടീച്ചര്‍ ഒരു നിമിഷം ഓര്‍ത്തുപോയി.
അതേ സമയം തന്നെ, കാല്‍ മുട്ടുകള്‍ക്കുമേല്‍ പാവാടകളും ഉടുമുണ്ടുകളും ഉയര്‍ത്തി, എഴുന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങളില്‍ ചിവിട്ടി മറുകര പറ്റുന്ന കുട്ടികളേയും സ്ത്രീകളേയും ടീച്ചര്‍ കണ്ടു. 
ദൈവമേ, സൌപര്‍ണ്ണിക ഒഴുകുന്നത്‌ എത്ര ശാന്തമായാണ്‌!

ചന്ദ്രിക ആഴ്ച പതിപ്പ്‌ 2001 ജൂലൈ