Sunday, September 23, 2007

അലാറം,സൈറണ്‍ എന്നിങ്ങനെ..

കഥ
അലാറം,സൈറണ്‍ എന്നിങ്ങനെ..
സുരേഷ്‌ കീഴില്ലം

അലാറം ഒരു കൂട്ടനിലവിളിയാണ്‌.
ഒത്തിരിപടികള്‍ കയറിവേണം വീട്ടിലേയ്ക്ക്‌ ചെല്ലുവാന്‍.
മാമ്പൂമണമുള്ള നാട്ടുവഴിയിലൂടെ,ഒരു മൂളിപ്പാട്ടും പാടിമെല്ലെയങ്ങനെ... പടികള്‍ക്ക്‌ താഴെച്ചെല്ലുമ്പോഴാണ്‌ ഒരു കൂട്ടനിലവിളി.
ആരൊക്കെയാണ്‌ ഈ കരയുന്നത്‌?ശരിക്കും ഞെട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കുക തന്നെയാണ്‌. പിന്നെ സൈറണ്‍ എന്ന വ്യാളീവക്ത്രത്തിലേയ്ക്ക്‌ സ്വയം ബലിയാടാകും വരെയുള്ള ജീവിതത്തിണ്റ്റേയും മരണത്തിണ്റ്റേയും മദ്ധ്യത്തിലുള്ള ഒട്ടിടനേരം.
പല്ലുതേപ്പ്‌.
പത്രപാരായണത്തിനൊപ്പം തീരുന്ന കക്കൂസ്ജീവിതം.
കുളി.
ശല്ല്യമായി കയ്യില്‍ത്തൂങ്ങി,പള്ളിക്കൂടത്തിലെ തലേന്നത്തെ ചരിത്രം മുഴുവന്‍ പറയുന്ന മകള്‍. പലചരക്കുകടയിലേയ്ക്കുള്ള പറ്റുപടി കുറിപ്പടിയും,മോളടുത്തില്ലെങ്കില്‍.....ബസ്സിനു സമയമായില്ലെങ്കില്‍....എങ്കിലൊക്കെ മാത്രം ഭാര്യയില്‍ നിന്ന്‌ പിടിച്ചുവാങ്ങുന്ന ക്ളോസപ്പ്‌ ഗന്ധമുള്ള ഒറ്റച്ചുമ്പനവും.
-ഒറ്റച്ചുമ്പനം മാത്രം.
സൈറണ്‍-അത്‌ തലയ്ക്കുമേല്‍ ചാഞ്ചാടുന്ന കൊടുവാളാകുന്നു.
ഇനിയങ്ങോങ്ങോട്ടു നിലവിളിയില്ല.
നിശബ്ദത.
നൂറുനൂറായിരം യന്ത്രങ്ങളുടെ നിലവിളികള്‍ കൊണ്ടു മുഖരിതമായ നിശബ്ദ്ത.
നാമിനി ജീവിയ്ക്കാന്‍ തുടങ്ങുകയാണ്‌

1 comment:

akberbooks said...

അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലൊ.(സുജിത്‌)