ചില നാട്ടുകാര്യങ്ങള്‍
മുരളി തുമ്മാരുകുടി
പ്രസാധകര്‍: കറന്റ് ബുക്‌സ്, കോട്ടയം
വില: 140/-
|
വെങ്ങോലയെന്ന ചെറുഗ്രാമത്തില്‍ കാലുറപ്പിച്ച് നിന്ന് ലോകരാജ്യങ്ങളിലേയ്ക്ക് ചിറകുവിരിയ്ക്കുന്ന വിസ്മയക്കാഴ്ചയാണ് മുരളി തുമ്മാരുകുടിയുടെ എഴുത്ത്.
ചരിത്രവും സംസ്‌കാരവും സാഹിത്യവും സാങ്കേതിക വിജ്ഞാനവും സ്പര്‍ശിച്ച് അത് നമുക്ക് നല്‍കുന്ന സാര്‍വ്വ ലൗകിക ദര്‍ശനം തികച്ചും വേറിട്ടതുമാണ്.
പുളുവില്‍ നിന്നും കഥയിലേയ്ക്ക് എന്നാണ് അവതാരക പ്രഭാപിള്ള (പ്രശസ്ത സാഹിത്യകാരന്‍ എം.പി നാരായണ പിളളയുടെ ഭാര്യ) പുസ്തകത്തെ പരിചയപ്പെടുത്തുന്നത്. പല ലേഖനങ്ങളിലും ഇത് പുളുവല്ലെന്ന് മുരളി തുമ്മാരുകുടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. കാരണം, സാധാരണ ഗതിയില്‍ വിശ്വസിയ്ക്കാന്‍ പ്രയാസമുള്ള വിഷയങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം.
പാല്‍ കടയില്‍ വില്‍ക്കുകയും ചെത്തിയിറക്കുന്ന നല്ല നാടന്‍കള്ള് മക്കള്‍ക്ക് നല്‍കുകയും ചെയ്യുന്ന അമ്മയെ പറ്റിയും മഷി നോക്കി പശുമോഷ്ടാവിനെ കണ്ടെത്തുന്ന ബാലനെ പറ്റിയും ബ്രിട്ടീഷ്‌കാരനായ ക്രിസ്ബാറി ഫ്രീസറില്‍ സൂക്ഷിച്ച മൂര്‍ഖന്‍ പാമ്പിനെ പറ്റിയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചരമദിനമായ ആഗസ്റ്റ് 18-ന് മാത്രം തുറക്കുന്ന ജപ്പാനിലെ റിങ്കോജി ക്ഷേത്രത്തെ പറ്റിയും ചൈനയിലേയും തായ്‌ലെന്റിലേയും കടുവാ കൃഷി പറ്റിയും ഒക്കെ പറയുമ്പോള്‍ അത് പുളുവല്ലെന്ന് ആര്‍ക്കാണ് തോന്നാത്തത്. എന്നാല്‍, നമ്മുടെ ചെറിയ വട്ടത്തിന് പുറത്തുള്ള അത്ഭുതക്കാഴ്ചകള്‍ ലോകസഞ്ചാരിയായ മുരളി തുമ്മാരുകുടി 37 കുറിപ്പുകളിലൂടെ സമ്മാനിയ്ക്കുകയാണ്.
കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ റാങ്കും കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി ഐക്യരാഷ്ട്ര സംഘടനാ പരിസ്ഥിതി പരിപാടിയുടെ ദുരന്ത ലഘൂകരണ വിഭാഗത്തിന്റെ ചുമതല വഹിയ്ക്കുന്ന ഡോ.തുമ്മാരുകുടിയുടെ ചരിത്രബോധമാണ് ഈ പുസ്തകത്തെ വേറിട്ടതാക്കുന്നത്. ചരിത്രം പഠിച്ചാല്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭിയ്ക്കുമായിരുന്നെങ്കില്‍ താന്‍ എഞ്ചിനീയറിങ്ങിനോ ഐ.ഐ.ടിയിലോ ചേരില്ലായിരുന്നുവെന്ന് ഇദ്ദേഹം തുറന്നു പറയുന്നുണ്ട്.
ലോകരാജ്യങ്ങളില്‍ സോഫ്റ്റ് വ്യഭിചാരമായി മാറിയ മസാജിന്റെ ചരിത്രം, തേയിലയുടേയും ചൈനയിലെ ടീ സെറിമണിയുടേയും ചരിത്രം, മണലാരണ്യമായ സൗദി അറേബ്യയിലെ വിജയകരമായ ഗോതമ്പു കൃഷിയുടെ ചരിത്രം, കൊല്ലവര്‍ഷം 1115 -ല്‍ പൂര്‍ത്തിയായ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന്റെ ചരിത്രം, കറുത്തപൊന്നായ കുരുമുളകിന്റെ ചരിത്രം എന്നിങ്ങനെ സ്ട്രീക്കിങ്ങിന്റെ (പൂര്‍ണ്ണ നഗ്നരാരായി തെരുവുകളിലൂടെയുള്ള ഓട്ടം) വരെ ചരിത്രം നമുക്കിതില്‍ വായിയ്ക്കാം. അങ്ങനെ പഴയകാല അറിവുകളിലേയ്ക്കുള്ള വലിയ വാതായനമായി ഈ ചെറിയ പുസ്തകം മാറുന്നു.
അതീവ ഗൗരവമായ കാര്യങ്ങള്‍ പോലും നര്‍മ്മ രസത്തോടെ അവതരിപ്പിയ്ക്കുന്നതിനാല്‍ പുസ്തകം കയ്യിലെടുക്കുന്നവര്‍ക്ക് വായനതീരാതെ താഴെ വയ്ക്കാനാവില്ല. ആഖ്യാനത്തിലെ സ്വയം വിമര്‍ശനവും യുക്തിഭദ്രതയും എടുത്തുപറയണം. സ്വയം വിമര്‍ശനവും ഹാസ്യവും പാകത്തില്‍ ചേര്‍ത്താണ് മുരളിയുടെ രചന എന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ആമുഖക്കുറിപ്പിലെ സാക്ഷ്യം.
നേര്‍യുക്തികളില്‍ നിന്ന് തകിടം മറിഞ്ഞ് വിപരീതയുക്തികളിലൂടെ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് ആഘാതപൂര്‍വ്വം വായനക്കാരനെ വീഴ്ത്തുന്ന എം.പി നാരായണപിള്ളയുടെ രചനാകൗശലം ഈ കുറിപ്പുകള്‍ നമ്മെ ചിലപ്പോഴെങ്കിലും ഓര്‍മ്മപ്പെടുത്തും. നാരായണപിള്ളയുടെ ഭാര്യ പ്രഭാപ്പിള്ള അവതാരകയായി വരുമ്പോള്‍, ഈ സാദൃശ്യം യാദൃശ്ചികമല്ലെന്നും നാരായണപിള്ള അത്രയേറെ തുമ്മാരുകുടിയെ സ്വാധീനിച്ചിട്ടുണ്ടെന്നും എഴുത്തുകാരന്‍ തുറന്നുസമ്മതിയ്ക്കുന്നതായി നമുക്ക് വിലയിരുത്താം.
എന്തായാലും മലയാളിയുടെ ലോകബോധം പതുക്കിപ്പണിയുന്നതില്‍ മുരളി തുമ്മാരുകുടി നല്‍കുന്ന സംഭാവന തീര്‍ച്ചയായും ചെറുതല്ല. അതിനാല്‍ത്തന്നെ, അനായസ വായനയ്ക്ക് മാത്രമല്ല വായനമുറിയിലെ സൂക്ഷിപ്പുപുസ്തകമായും പരിഗണിയ്ക്കാവുന്നതാണ് ചില നാട്ടുകാര്യങ്ങള്‍.
സണ്‍ഡേ മംഗളം 26.05.2013
2 comments:
നന്ദി ഈ പരിചയപ്പെടുത്തലിന്
ഷാജു അത്താണിയ്ക്കല്‍...നന്ദി, പ്രതികരണത്തിന്
Post a Comment