Wednesday, November 26, 2008

മൂക്ക്‌ തന്നെയാണ്‌ പ്രശ്നം

സുരേഷ്‌ കീഴില്ലം
നഗരത്തില്‍ മുട്ട ഓംലെറ്റിണ്റ്റെ മണം പടര്‍ന്നുതുടങ്ങുമ്പോഴാണ്‌ അച്യുതന്‍ കുട്ടി മടങ്ങുക.
മദ്യത്തിണ്റ്റേയും നിലക്കടലയുടേയും സമ്മിശ്രഗന്ധമുള്ള രാത്രി.
വണ്ടിയില്‍ എല്ലാ ഇന്ദ്രിയങ്ങള്‍ക്കും പൂട്ടിട്ട്‌ ശ്വാസംമുട്ടി അയാള്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കും.
കണ്ണ്‌ ഇറുകെ പൂട്ടിയിരിയ്ക്കും.
പല്ല്‌ കടിച്ചമര്‍ത്തി ചുണ്ട്‌ കൂര്‍പ്പിച്ച്‌ അടച്ചുപിടിയ്ക്കും.
എല്ലാ താഢനങ്ങളിലും ശബ്ദ കോലാഹലങ്ങളിലും പെട്ട്‌ ത്വക്കും ചെവിയും നിര്‍വേദാവസ്ഥയിലാണ്‌.
പക്ഷെ....
മൂക്ക്‌-
അത്‌ പരിശീലനം സിദ്ധിച്ച വേട്ട നായയെപ്പോലെ സര്‍വത്ര ഗന്ധങ്ങളും പിടിച്ചെടുക്കുക തന്നെ ചെയ്യും. വിദേശ സ്പ്രേകളുമായി ഇണചേര്‍ന്ന നൂറുനൂറായിരം കക്ഷങ്ങളില്‍ നിന്നുള്ള ചൂര്‌ അയാളെ ക്രൂരമായി ബലാത്കാരം ചെയ്തു. തൂങ്ങിച്ചത്തവനെ പ്പോലെ അച്യുതന്‍കുട്ടി ബസിണ്റ്റെ മോന്തായത്തില്‍ തൂങ്ങിയാടി.
ഇനി അച്യുതന്‍കുട്ടി ഒരു സ്വപ്നം കാണുകയാണ്‌.
ബസ്‌ നിറയെ പൂക്കള്‍ കൊണ്ട്‌ അലങ്കരിച്ചിരിയ്ക്കുന്നു. മുന്നിലെ സീറ്റിലെ, തലനിറയെ മുല്ലപ്പൂ ചൂടിയ പെണ്‍കുട്ടിയുടെ മുടിയിഴകള്‍ ഒരല്‍പം ഇക്കിളിപ്പെടുത്തിക്കൊണ്ട്‌ അച്യുതന്‍കുട്ടിയുടെ മുഖത്തേയ്ക്ക്‌ പാറുന്നുണ്ട്‌.
സുഗന്ധങ്ങളുടെ പറുദീസായിലാണ്‌ അയാളിപ്പോള്‍....
പെട്ടെന്ന്‌ അയാളുടെ മൂക്ക്‌ വിയര്‍ക്കാന്‍ തുടങ്ങി. വല്ലാത്തൊരു വ്യഗ്രതയോടെ അച്യുതന്‍കുട്ടിയുടെ മൂക്ക്‌ കര്‍മ്മനിരതമാവുകയാണ്‌.
സുഗന്ധങ്ങളുടെ സാന്ദ്രതയ്ക്ക്‌ ഇടയിലൂടെ വെടിമരുന്നിണ്റ്റെ ഗന്ധം കൂര്‍ത്തുവരുന്നത്‌ അയാള്‍ തിരിച്ചറിഞ്ഞു.
ഇല്ല.
അച്യുതന്‍ കുട്ടിയ്ക്ക്‌ സ്വപ്നങ്ങളൊന്നും കാണാനാവില്ല.
സ്പ്നങ്ങളുടെ മായക്കാഴ്ചകള്‍ക്കിടയിലും അയാളുടെ മൂക്ക്‌ മണക്കുക ചോരയുടെ ചുവപ്പാണ്‌.
2000- നവംബര്‍, പൂങ്കാവനം കുടുംബ മാസിക