പുതിയ പോസ്റ്റുകള്‍ ചേര്‍ക്കുമ്പോള്‍ അറിയിക്കാം. താഴെ നിങ്ങളുടെ ഇമെയില്‍ വിലാസം കൊടുക്കുക.

Sunday, July 31, 2011

ഡോക്ടറോട്‌ ചോദിയ്ക്കാം

ചെറുകഥ/ സുരേഷ്‌ കീഴില്ലം
ഡോക്ടര്‍,
ഞാന്‍ മുപ്പത്തിയെട്ടു വയസുള്ള ഒരു വീട്ടമ്മയാണ്‌. ഭര്‍ത്താവും രണ്ടു കുട്ടികളുമുണ്ട്‌. അദ്ദേഹത്തിന്‌ ഉയര്‍ന്ന നിലയും വിലയുമുള്ള ഉദ്യോഗമാണ്‌. മക്കള്‍ പഠനത്തില്‍ സമര്‍ത്ഥരുമാണ്‌.
പക്ഷെ ഡോക്ടര്‍, എനിയ്ക്ക്‌ മടുത്തു.
 ഓരോ ദിവസവും വീര്‍പ്പുമുട്ടലുകളോടെയാണ്‌ ഞാന്‍ തള്ളി നീക്കുന്നത്‌.
ഇത്‌ ഒരു രോഗമാണോ ഡോക്ടര്‍?
മിസിസ്‌ എം, ആലപ്പുഴ
മിസിസ്‌ എം,
താങ്കള്‍ക്ക്‌ മികച്ച സൌഭാഗ്യങ്ങളുള്ള ദാമ്പത്യമാണെന്നാണ്‌ കത്തില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഭര്‍ത്താവും പഠനത്തില്‍ സമര്‍ത്ഥരായ കുട്ടികളും. പക്ഷെ, നിങ്ങള്‍ സംതൃപ്തയല്ല. തുടര്‍ച്ചയായി സൌഭാഗ്യങ്ങള്‍ അനുഭവിയ്ക്കുന്നതിനാല്‍ നിങ്ങള്‍ക്ക്‌ അവയുടെ വില അറിയാന്‍ കഴിയാതെ വരുന്നതാവാം പ്രശ്നം.
നിങ്ങള്‍ ഒന്നോര്‍ക്കണം. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്ന എത്രയോ പേര്‍ നമുക്ക്‌ ചുറ്റുമുണ്ട്‌. താങ്കള്‍ കൂടുതല്‍ പോസിറ്റീവായി ചിന്തിച്ച്‌ ഭര്‍ത്താവിനേയും കുട്ടികളേയും പരിപാലിച്ച്‌ മാതൃകാപരമായി ജീവിയ്ക്കുക.

ഒരു മനശാസ്ത്രജ്ഞണ്റ്റെ മറുപടിയാണ്‌ എനിയ്ക്ക്‌ വേണ്ടത്‌...ഒരു പഞ്ചായത്ത്‌ മെമ്പറുടേതല്ല.
വീക്ളി എഡിറ്റര്‍ സോമദാസന്‍ റൈറ്റിങ്ങ്‌ പാഡ്‌ സൂരജ്‌ മാവേലിപുരത്തിണ്റ്റെ നേര്‍ക്ക്‌ എറിഞ്ഞു.
എടോ, ഇത്‌ മനശാസ്ത്രജ്ഞനോടുള്ള ചോദ്യമാണ്‌. സൈക്ളോജിക്കലായിരിയ്ക്കണം മറുപടി.

അതിന്‌ ഇനിയിപ്പോ സൈക്കോളജിയും പഠിയ്ക്കണോ എന്ന്‌ പിറുപിറുത്ത്‌ സൂരജ്‌ റൈറ്റിങ്ങ്‌ പാഡുമെടുത്ത്‌ പുറത്തേയ്ക്ക്‌ നടന്നു.

വരികള്‍ക്കിടയിലൂടെ വായിയ്ക്കാന്‍ പഠിയ്ക്കൂ, കുട്ടി.
എഡിറ്റര്‍ സോമദാസന്‍ പുറത്തേയ്ക്ക്‌ പോകുന്ന സൂരജിനോട്‌ വിളിച്ചു പറഞ്ഞു.

എന്തായി?
അടുത്ത ടേബിളില്‍ നിന്ന്‌ മഞ്ജു മാണി ചോദിച്ചു.
തെറി കിട്ടിയ മട്ടുണ്ടല്ലോ?
സൈക്ളോജിയ്ക്കലായില്ല. സൂരജ്‌ പറഞ്ഞു.
അതങ്ങനെ വേണമല്ലോ. മനശാസ്ത്ര പംക്തിയല്ലേ?
അതിന്‌ വരികള്‍ക്കിടയിലൂടെ വായിയ്ക്കാന്‍ തനിയ്ക്കറിയില്ലല്ലോ എന്ന്‌ സൂരജ്‌ പറഞ്ഞില്ല. എന്നാല്‍ പെട്ടെന്നാണ്‌ സൂരജിന്‌ ആ ആശയം തോന്നിയത്‌. മഞ്ജുവിനെ കൊണ്ട്‌ ഈ ചോദ്യമൊന്ന്‌ വായിപ്പിയ്ക്കാം. ഒരു സ്ത്രീപക്ഷ നിലപാട്‌ കിട്ടും.
മേം, ഇതൊന്നു വായിച്ചു നോക്കിയേ...വരികള്‍ക്കിടയിലൂടെ...
മഞ്ജു മാണി കത്തുവാങ്ങി. ഓടിച്ചു വായിച്ച ശേഷം പറഞ്ഞു.
മണ്ടന്‍....നിനക്ക്‌ മനസ്സിലായില്ലേ? പ്രശ്നം സെക്ഷ്വലാണ്‌.
സെക്ഷ്വലോ.. ?
അതെങ്ങനെ മനസ്സിലായി?
വരികള്‍ക്കിടയിലല്ല, ആ വീര്‍പ്പുമുട്ടലുകള്‍ക്കും മടുപ്പിനും ഉള്ളിലാണ്‌ വായിയ്ക്കേണ്ടത്‌. പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.
ഒ.കെ ആയിട്ടുണ്ടാവണം. അല്ലെങ്കില്‍ വീണ്ടും മാറ്റിയെഴുതന്‍ പറയുമായിരുന്നല്ലോ.
 മഞ്ജു പറഞ്ഞു.
പിന്നെയവള്‍ പാതിയില്‍ നിര്‍ത്തിയ ഫീച്ചറിലേയ്ക്ക്‌ കടന്നു.
വയലറ്റ്‌ ക്യൂട്ടക്സിട്ട കൂര്‍ത്ത നഖങ്ങള്‍ക്കിടയില്‍ ചേര്‍ത്തു പിടിച്ച പേന. നക്ഷത്രങ്ങള്‍ പൊട്ടിവീഴുന്നതു പോലെ കടലാസില്‍ വിരിയുന്ന കുനുകുനെയുള്ള അക്ഷരങ്ങള്‍.
ഇതു വരെ ചോദിയ്ക്കാനൊത്തില്ല, മേഡം മാര്യേഡാണോ?
അല്‍പമൊരു ചമ്മലോടെ സൂരജ്‌ ചോദിച്ചു.
അതിനെന്നതാടാ ഉവ്വേ സംശയം... ? പേരു കഴിഞ്ഞുള്ള വാല്‌ നീ കണ്ടില്ലേ?

ഓ... അതിപ്പോ അപ്പണ്റ്റെ പേരും ആവാലോ... ?
സൂരജ്‌ വിട്ടുകൊടുത്തില്ല.
ദാണ്ടേ...പിന്നേം... ടീഷേര്‍ട്ടിനുള്ളില്‍ നിന്ന്‌ താലിമാല പുറത്തെടുത്ത്‌ മഞ്ജു മാണി പറഞ്ഞു.
ഇതെപ്പോഴും പ്രദര്‍ശിപ്പിച്ചോണ്ട്‌ നടക്കാന്‍ പറ്റുമോ?
അവള്‍ പിന്നേയും ഫീച്ചറിലേയ്ക്ക്‌ തിരിഞ്ഞു.
അതിന്നിടയില്‍ പെട്ടെന്ന്‌ തലയുയര്‍ത്തി സൂരജിനേ നോക്കിപ്പറഞ്ഞു.
അതേയ്‌... ഞങ്ങള്‍ക്ക്‌ കുട്ടികളൊന്നും ആയിട്ടില്ല. ഇപ്പോഴും ഹണിമൂണാ...എനിയ്ക്കൊരു മുപ്പത്തിയഞ്ച്‌ ആവട്ടെ... ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലേ?
സൂരജ്‌ മാവേലിപുരം ആകെയങ്ങ്‌ ചൂളിപ്പോയി.
ഭാഗ്യം. കൃത്യസമയത്ത്‌ ഇണ്റ്റര്‍കോം ചിലച്ചു.
 സൂരജ്‌ ക്യാബിനിലേയ്ക്ക്‌ വരൂ...
എഡിറ്ററാണ്‌.
ദൈവമേ, ഇനിയും മാറ്റിയെഴുതേണ്ടി വരുമോ?
ക്യാബിനിലേയ്ക്ക്‌ ചെന്ന സൂരജിനു നേരെ എഡിറ്റര്‍ ഒരു കടലാസ്‌ നീട്ടി.
ഇപ്പോള്‍ ഫോണിലൂടെ കിട്ടിയ ഒരു ചോദ്യമാണ്‌. ആരോഗ്യ പംക്തിയിലേയ്ക്ക്‌...
പുറത്തേയ്ക്ക്‌ കടക്കുംമുമ്പ്‌ എഡിറ്റര്‍ ഓര്‍മ്മിപ്പിച്ചു.
നല്ല നാലഞ്ചു ഡോക്ടര്‍മാരുമായി ഡിസ്കസ്‌ ചെയ്തിട്ട്‌ ഉത്തരം തയ്യാറാക്കിയാല്‍ മതി, കെട്ടോ.
ശരി സാര്‍.
 എന്താ?
സീറ്റില്‍ വന്നിരുന്ന സൂരജിനോട്‌ മഞ്ജുമാണി ചോദിച്ചു.
ഓ...പുതിയൊരു ചോദ്യം.
ങ്ങാ...നോക്ക്‌.
അവള്‍ വീണ്ടും ഫീച്ചറിലേയ്ക്ക്‌ തിരിഞ്ഞു.

പ്രിയപ്പെട്ട ഡോക്ടര്‍,ലൈംഗിക പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിയ്ക്കുന്ന നിരവധി മരുന്നുകള്‍ ഇന്ന്‌ വിപണിയില്‍ ലഭ്യമാണല്ലോ. പാര്‍ശ്വഫലങ്ങളില്ലാത്തതും കൂടുതല്‍ ഗുണകരവുമായ ഏതു ബ്രാണ്റ്റാണ്‌ താങ്കള്‍ക്ക്‌ നിര്‍ദ്ദേശിയ്ക്കാന്‍ കഴിയുക?

ഡയറക്ടറി നോക്കി നാലഞ്ചു ഡോക്ടര്‍മാരെ വിളിച്ചു. ഒടുവില്‍ സൂരജ്‌ മാവേലിപുരം പ്രമുഖനായ ഡോക്ടറുടെ പേരില്‍ ഇങ്ങനെ എഴുതി.

ഒ.ടി.സി പ്രൊഡക്ടുകളുടെ പരസ്യങ്ങളാണ്‌ മാധ്യമങ്ങളില്‍ വരുന്നത്‌. അതായത്‌ ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ പരസ്യം വഴി വില്‍ക്കുന്നവ. ഇവ പലതും മികച്ചതാവാം. പക്ഷെ, അവയിലേതെങ്കിലും ഞങ്ങള്‍ ശുപാര്‍ശ ചെയ്യാറില്ല.
 താങ്കള്‍ക്ക്‌ എന്തെങ്കിലും ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഒരു സെക്സോളജിസ്റ്റിനെ കാണുന്നതാണ്‌ അഭികാമ്യം.
സൂരജ്‌ മാവേലിപുരം തയ്യാറാക്കിയ മറുപടി വായിച്ച ശേഷം എഡിറ്റര്‍ സോമദാസന്‍ തണ്റ്റെ ഈസി ചെയറിലേയ്ക്ക്‌ ചാരി.
പിന്നെ സ്വയം ചോദിച്ചു.
ടൌണിലെ മികച്ച സെക്സോളജിസ്റ്റ്‌ ആരായിരിയ്ക്കും?

                                                                                                     സണ്‍ഡേ മംഗളം (31.07.2011)

7 comments:

മനോജ്‌ വെങ്ങോല said...

അത് തന്നെ ആലോചിക്കുന്നു.
ടൌണിലെ മികച്ച സെക്സോളജിസ്റ്റ്‌ ആരായിരിയ്ക്കും?

ഷിനോജ്‌ അസുരവൃത്തം said...

ആരായിരിയ്ക്കും.......?

Villagemaan/വില്ലേജ്മാന്‍ said...

കൊള്ളാം !

skpottackal said...

ആരായിരിയ്ക്കും.......?

സുരേഷ്‌ കീഴില്ലം said...

പ്രിയപ്പെട്ട മനോജ്‌, ഷിനോജ്‌, വില്ലേജ്മാന്‍, എസ്‌.കെ
വന്നതിനും
വായിച്ചതിനും
പിന്നെ നല്ല വാക്കുകള്‍ക്കും...
നന്ദി

അനില്‍ഫില്‍ (തോമാ) said...

ഡോക്ടറെ ഒന്നും കാണണ്ട മലപ്പുറത്ത് പോയി മുടിയിട്ട വെള്ളം കുടിച്ചാല്‍ മതി

Anonymous said...

കൊള്ളാം !