Wednesday, September 26, 2012

വിശകലനത്തില്‍...


രണ്ടു മൈക്രോ നോവലുകള്‍ക്ക് 
വിശകലനത്തിന്റെ താളുകളില്‍ ഇടം. 
പത്രാധിപര്‍ക്ക് നന്ദി

Tuesday, September 4, 2012

മംഗളം ഓണപ്പതിപ്പില്‍


ഈ വര്‍ഷത്തെ മംഗളം ഓണപ്പതിപ്പില്‍ കഥ. പെണ്‍വായനകള്‍. ശ്രദ്ധിയ്ക്കുമല്ലോ.


Sunday, September 2, 2012

കഥകളുടെ പുതിയ പൂന്തോട്ടം

പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍/
 ബ്ലോഗ്‌ കഥകളുടെ സമാഹാരം
 പ്രസാധകര്‍: ഇന്‍സൈറ്റ്‌ പബ്ലിക്ക,
 കോഴിക്കോട്‌/
പേജ്‌ :146-
വില 110 
 സുരേഷ്‌ കീഴില്ലം

 മലയാളത്തിന്റെ കഥാലോകം എക്കാലത്തും ഹരിതാഭമാണ്‌. ആഖ്യാനത്തിന്റെ മികവും മൗലികതയും കൊണ്ട്‌ അവ പലപ്പോഴും ഇതര സാഹിത്യശാഖകളെ അതിശയിച്ചു നിന്നു.
എന്നാല്‍, മികച്ച കഥാകൃത്തുക്കള്‍ തങ്ങളെത്തന്നെ അനുകരിയ്‌ക്കുന്നതും ആ തനിയാവര്‍ത്തനങ്ങളുടെ വിരസത കണ്ടില്ലെന്നുവച്ച്‌ വായനാലോകം അവരെ വിഗ്രഹവത്‌ക്കരിയ്‌ക്കുന്നതും മലയാളത്തിന്റെ മാത്രം ദുരന്തമല്ല. നിറവും ഗുണവും കെട്ട ഈ വാടാമലരുകള്‍ക്കിടയില്‍, ഉദ്യാനത്തില്‍ പുതുനാമ്പുകള്‍ തളിര്‍ക്കുന്നതും, എന്തിന്‌ പൂത്തു വിടരുന്നതുപോലും സാമ്പ്രദായിക വായനാസമൂഹം തിരിച്ചറിയുന്നത്‌ ഏറെ വൈകിയാവും. പുതു ചെടികള്‍ക്ക്‌ വേരു പിടിയ്‌ക്കാനുള്ള ഇടം പോലും പലപ്പോഴും ലഭിയ്‌ക്കാറില്ലെന്നതും വസ്‌തുത.
ഇതിനിടയിലാണ്‌, പത്രാധിപര്‍ക്കും പ്രസാധകര്‍ക്കും വേണ്ടി കാത്തു നില്‍ക്കാത്ത കഥകള്‍ വായനക്കാരിലേയ്‌ക്ക്‌ വന്നത്‌. ലോകമാകെ ആത്മപ്രകാശനത്തിന്റെ വിസ്‌ഫോടനങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച്‌ ബ്ലോഗ്‌ എന്ന സ്വതന്ത്ര ഇന്റര്‍നെറ്റ്‌ പ്രസാധക സംവിധാനം മലയാള കഥാകാരന്മാരുടെ തട്ടകമാകാനും നാളേറെ വേണ്ടിവന്നില്ല.
ബൂലോഗത്ത്‌ (ബ്ലോഗ്‌ ലോകം) നിറഞ്ഞ പച്ചപ്പില്‍ കളകളാണ്‌ ഏറെയും എന്ന വിമര്‍ശനം തുടക്കം മുതലുണ്ട്‌. ഈ കളകള്‍ക്കിടിയില്‍ സുന്ദരോദ്യാനങ്ങളിലെ രാജകീയമലരുകളേക്കാള്‍ മണമുള്ള ഇലകള്‍ ഉണ്ടായിരുന്നുവെന്ന്‌്‌ നാം മെല്ലയാണ്‌ തിരിച്ചറിഞ്ഞത്‌. ആ തിരിച്ചറിവിന്റെ സാക്ഷ്യമാണ്‌ ഇന്‍സൈറ്റ്‌ പബ്ലിക്ക പുറത്തിറക്കിയ പതിന്നാലു ബ്ലോഗ്‌ എഴുത്തുകാരുടെ കഥകള്‍ ചേര്‍ത്തുള്ള സമാഹാരം: പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍.
മികച്ച കഥകള്‍ കൊണ്ട്‌ വായനക്കാരെ മുമ്പു തന്നെ വിസ്‌മയിപ്പിച്ച ചുരുക്കം ചിലരെങ്കിലും ഈ കൂട്ടത്തിലുണ്ട്‌. കഥയാണോ ജീവിതം തന്നെയാണോ എന്ന്‌ സംഭ്രമിപ്പിയ്‌ക്കുന്ന നോവല്‍ സാഹിത്യം എന്ന മനോജ്‌ വെങ്ങോലയുടെ രചനയാണ്‌ ഇതില്‍ പ്രധാനം. ഉപമകളില്‍ സുഭാഷ്‌ ചന്ദ്രനേയും കഥകളില്‍ സക്കറിയയേയും വെല്ലുന്ന ശിവന്‍ പിറക്കാട്ട്‌ എന്ന കഥാകൃത്തിന്റെ ജീവിതമാണ്‌ അസൂയാര്‍ഹമായ ആഖ്യാനത്തികവുകൊണ്ട്‌ നമുക്ക്‌ മുമ്പിലെത്തുന്നത്‌.
അധികാരത്തിന്റെ സങ്കീര്‍ണതകള്‍ അന്വേഷിയ്‌ക്കുന്ന നിരവധി കഥകള്‍ ഇക്കൂട്ടത്തിലുണ്ട്‌. സ്‌പെസിഫിക്‌ ഗ്രാവിറ്റി (ഉബൈദ്‌), ഖരമാലിന്യങ്ങള്‍ (പ്രദീപ്‌കുമാര്‍) എന്നിവയാണ്‌ ഇതില്‍ പ്രധാനം. കാലഘട്ടത്തിന്‌ അനുസൃതമായി കഥാസന്ദര്‍ഭങ്ങളിലും ഭാഷയിലും ഉണ്ടാകുന്ന മാറ്റം ഉബൈദിന്റെ കഥ അനുഭവിപ്പിയ്‌ക്കുന്നു. ഖരമാലിന്യവകുപ്പിന്റെ പ്രാദേശിക മേധാവി ഏതുവിധേനയും സംസ്‌കരിച്ചെടുക്കുവാന്‍ കഴിയാത്ത തരത്തിലുള്ള ഖരമാലിന്യമായി മാറുന്ന സാമൂഹ്യ നേര്‍ക്കാഴ്‌ചയാണ്‌ പ്രദീപ്‌കുമാര്‍ പങ്കുവയ്‌ക്കുന്നത്‌.
മാറിയ കാലത്തെ സ്‌ത്രീ-പുരുഷ ബന്ധങ്ങളുടെ ഒറ്റരാത്രി കാഴ്‌ചകളാണ്‌ സിയാഫ്‌ അബ്‌ദുള്‍ ഖാദറിന്റെ കാസിനോ എന്ന കഥ. അക്രമത്തിന്റെയും ഭോഗത്തിന്റെയും വിഭ്രമകാഴ്‌ചകള്‍ അതിവേഗതയോടെ, അതിലേറെ സൂഷ്‌മതയോടെ കഥാകൃത്ത്‌ നമ്മുടെ തലച്ചോറിലേയ്‌ക്ക്‌ തൊടുത്തു വിടുന്നു.
സമകാലികമായ സ്‌ത്രീപക്ഷ രചനകള്‍ക്കും ഈ ചെറു പുസ്‌തകത്തില്‍ ഇടമുണ്ട്‌. മദ്ധ്യവയസ്സിലെ പ്രണയം ഒരു സ്‌ത്രീയെ എത്രത്തോളം മാറ്റിമറിയ്‌ക്കുമെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എങ്ങനെയൊക്കെയായിരിയ്‌ക്കുമെന്നും അതീവ കയ്യൊതുക്കത്തോടെ അനന്തരം എന്ന കഥയിലൂടെ സേതുലക്ഷ്‌മി ആവിഷ്‌കരിയ്‌ക്കുന്നു. തുടര്‍ച്ചയായ പീഡനങ്ങളിലും ഹൃദയം നുറുങ്ങിപ്പോകാതെ കാത്ത ചാരുലതയുടെ കഥയാണ്‌ റോസിലി ജോയിയുടേത്‌. ഇരയുടെ യഥാര്‍ത്ഥ്യത്തിലുള്ള മരണം എപ്പോഴാണ്‌ സംഭവിയ്‌ക്കുന്നതെന്ന്‌ പിരാനകള്‍ എന്ന രചനയിലൂടെ അറിയാം.
മാര്‍ക്വസിന്റെ മാജിക്കല്‍ റിയലിസവും കഥാപാത്രങ്ങളും പുനസൃഷ്‌ടിയ്‌ക്കപ്പെടുന്ന മലമടക്കുകളും വന്യരാത്രിയും ഷീലാ ടോമിയുടെ കഥയിലുണ്ട്‌. അങ്ങനെ മണ്ണിന്റെ ഹൃദയത്തിലേയ്‌ക്ക്‌ നോക്കുന്ന ദൂരദര്‍ശിനിയായി മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്‌തകം എന്ന കഥ മാറുന്നു.
ഊഷ്‌മള ഗന്ധങ്ങളിലൂടെ കരോള്‍ ബാഗ്‌ മെട്രോ സ്റ്റേഷനിലെ റിക്ഷാക്കാരന്‍ ഗബ്രിയേലിന്റെ കഥയാണ്‌ സുജ ജെ.എസ്‌ പറയുന്നത്‌. പത്മിനിയ്‌ക്ക്‌ വേണ്ടി അയാള്‍ വാങ്ങിയ വയല്‍പ്പൂക്കളുടെ ഗന്ധമുള്ള ലഹങ്കയും പ്രിയങ്ക സൈഗാളിനു നല്‍കിയ പച്ചക്കര്‍പ്പൂരത്തിന്റെ ഗന്ധമുള്ള ലഹങ്കയും വായനക്കാര്‍ക്ക്‌ മുമ്പില്‍ വിരിച്ചിടുന്നത്‌ പച്ചയായ ജീവിതത്തിന്റെ സൂഷ്‌മഗന്ധങ്ങള്‍ തന്നെ.
മാനസികവൈകല്യമുള്ള ഒരു സ്‌ത്രീയുമായി നടന്ന രതിയുടെ തീഷ്‌ണാനുഭമാണ്‌ മനോജ്‌ വി.ഡി എഴുതിയ രാത്രിമഴ. വസ്‌ത്രങ്ങളുടെ ബന്ധനമില്ലാതെ ഉടലിലേയ്‌ക്ക്‌ വലിച്ചടിപ്പിയ്‌ക്കുമ്പോള്‍ പ്രാന്തിപപ്പി പറയുന്നത്‌ ഇങ്ങനെയാണ്‌: നീയൊരു ആണാണ്‌...ഞാനൊരു പെണ്ണും!
അവതരണത്തിന്റെ അനായാസതയാല്‍ ആകര്‍ഷകമായ രചനയാണ്‌ എസ്‌ ജയേഷിന്റേത്‌. മൂന്നു തെലുങ്കന്‍മാര്‍ പഴനിയ്‌ക്ക്‌ പോയ കഥയില്‍ മൂന്നുപേരും എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനങ്ങള്‍ കഥാകാരന്റെ ഉള്‍ക്കാഴ്‌ചയുടെ തെളിവായി മാറുന്നു.
കച്ചവടതന്ത്രങ്ങളുടെ അഴിയാക്കുരുക്കുകളും അതില്‍ പെടുന്ന പച്ചമനുഷ്യരുടെ മനസാക്ഷി വിലാപങ്ങളുമാണ്‌ ധനസഹായം ബാറിന്റെ പ്രമേയം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജയദേവ്‌ വി എഴുതിയ ഈ കഥയ്‌ക്കും വായനയുടെ ലഹരി നല്‍കുവാന്‍ കഴിയുന്നുണ്ട്‌.
സിദ്ധന്‍ എന്ന കഥയിലൂടെ ചരിത്രത്തിന്റെ സഹയാത്രികനായ പത്രപ്രവര്‍ത്തകന്റെ നിസ്സഹായത ആരിഫ്‌ സെയ്‌നും ഒന്‍പതു തലകളും നീണ്ടകൈകാലുകളും ഉള്ളിലേയ്‌ക്ക്‌ ചുരുക്കി പന്തുകണക്കേ, മറ്റൊരു മൂര്‍ഛയേറിയ വാള്‍ത്തല മുകളില്‍ മിന്നുന്നതും കാത്ത്‌ ഉദ്വേഗത്തോടെ കാത്തിരിയ്‌ക്കുന്ന പ്രതികാരദാഹം ഹൈഡ്ര എന്ന കഥയിലൂടെ നിധീഷ്‌ ജിയും ആവിഷ്‌കരിയ്‌ക്കുന്നു. ബ്ലോഗ്‌ കഥകളുടെ മുഖമുദ്രയായ ലളിതവായനയ്‌ക്ക്‌ ഉദാഹരണമായി ബിജു ഡേവിസിന്റെ കുരിയപ്പന്‍ അലിയാസ്‌ മറഡോണ എടുത്തുകാട്ടാം.
പല കഥകളുടേയും ഒരുപിടി മുകളില്‍ നില്‍ക്കുന്ന ബിജു കാഞ്ഞങ്ങാടിന്റെ ചിത്രങ്ങളാണ്‌ പുസ്‌തകത്തിന്റെ മറ്റൊരു ആകര്‍ഷണം. ഡെനി ലാലിന്റെ കവര്‍ ഡിസൈനും നന്ന്‌. എന്നാല്‍, സംഭവിയ്‌ക്കരുതാത്ത അക്ഷരത്തറ്റുകള്‍ പുസ്‌തകത്താളുകളില്‍ ഏറെയുണ്ടെന്നും പറയാതെ വയ്യ.
സണ്ടേ മംഗളം 2.9.2012