പുതിയ പോസ്റ്റുകള്‍ ചേര്‍ക്കുമ്പോള്‍ അറിയിക്കാം. താഴെ നിങ്ങളുടെ ഇമെയില്‍ വിലാസം കൊടുക്കുക.

Sunday, July 31, 2011

ഡോക്ടറോട്‌ ചോദിയ്ക്കാം

ചെറുകഥ/ സുരേഷ്‌ കീഴില്ലം
ഡോക്ടര്‍,
ഞാന്‍ മുപ്പത്തിയെട്ടു വയസുള്ള ഒരു വീട്ടമ്മയാണ്‌. ഭര്‍ത്താവും രണ്ടു കുട്ടികളുമുണ്ട്‌. അദ്ദേഹത്തിന്‌ ഉയര്‍ന്ന നിലയും വിലയുമുള്ള ഉദ്യോഗമാണ്‌. മക്കള്‍ പഠനത്തില്‍ സമര്‍ത്ഥരുമാണ്‌.
പക്ഷെ ഡോക്ടര്‍, എനിയ്ക്ക്‌ മടുത്തു.
 ഓരോ ദിവസവും വീര്‍പ്പുമുട്ടലുകളോടെയാണ്‌ ഞാന്‍ തള്ളി നീക്കുന്നത്‌.
ഇത്‌ ഒരു രോഗമാണോ ഡോക്ടര്‍?
മിസിസ്‌ എം, ആലപ്പുഴ
മിസിസ്‌ എം,
താങ്കള്‍ക്ക്‌ മികച്ച സൌഭാഗ്യങ്ങളുള്ള ദാമ്പത്യമാണെന്നാണ്‌ കത്തില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഭര്‍ത്താവും പഠനത്തില്‍ സമര്‍ത്ഥരായ കുട്ടികളും. പക്ഷെ, നിങ്ങള്‍ സംതൃപ്തയല്ല. തുടര്‍ച്ചയായി സൌഭാഗ്യങ്ങള്‍ അനുഭവിയ്ക്കുന്നതിനാല്‍ നിങ്ങള്‍ക്ക്‌ അവയുടെ വില അറിയാന്‍ കഴിയാതെ വരുന്നതാവാം പ്രശ്നം.
നിങ്ങള്‍ ഒന്നോര്‍ക്കണം. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്ന എത്രയോ പേര്‍ നമുക്ക്‌ ചുറ്റുമുണ്ട്‌. താങ്കള്‍ കൂടുതല്‍ പോസിറ്റീവായി ചിന്തിച്ച്‌ ഭര്‍ത്താവിനേയും കുട്ടികളേയും പരിപാലിച്ച്‌ മാതൃകാപരമായി ജീവിയ്ക്കുക.

ഒരു മനശാസ്ത്രജ്ഞണ്റ്റെ മറുപടിയാണ്‌ എനിയ്ക്ക്‌ വേണ്ടത്‌...ഒരു പഞ്ചായത്ത്‌ മെമ്പറുടേതല്ല.
വീക്ളി എഡിറ്റര്‍ സോമദാസന്‍ റൈറ്റിങ്ങ്‌ പാഡ്‌ സൂരജ്‌ മാവേലിപുരത്തിണ്റ്റെ നേര്‍ക്ക്‌ എറിഞ്ഞു.
എടോ, ഇത്‌ മനശാസ്ത്രജ്ഞനോടുള്ള ചോദ്യമാണ്‌. സൈക്ളോജിക്കലായിരിയ്ക്കണം മറുപടി.

അതിന്‌ ഇനിയിപ്പോ സൈക്കോളജിയും പഠിയ്ക്കണോ എന്ന്‌ പിറുപിറുത്ത്‌ സൂരജ്‌ റൈറ്റിങ്ങ്‌ പാഡുമെടുത്ത്‌ പുറത്തേയ്ക്ക്‌ നടന്നു.

വരികള്‍ക്കിടയിലൂടെ വായിയ്ക്കാന്‍ പഠിയ്ക്കൂ, കുട്ടി.
എഡിറ്റര്‍ സോമദാസന്‍ പുറത്തേയ്ക്ക്‌ പോകുന്ന സൂരജിനോട്‌ വിളിച്ചു പറഞ്ഞു.

എന്തായി?
അടുത്ത ടേബിളില്‍ നിന്ന്‌ മഞ്ജു മാണി ചോദിച്ചു.
തെറി കിട്ടിയ മട്ടുണ്ടല്ലോ?
സൈക്ളോജിയ്ക്കലായില്ല. സൂരജ്‌ പറഞ്ഞു.
അതങ്ങനെ വേണമല്ലോ. മനശാസ്ത്ര പംക്തിയല്ലേ?
അതിന്‌ വരികള്‍ക്കിടയിലൂടെ വായിയ്ക്കാന്‍ തനിയ്ക്കറിയില്ലല്ലോ എന്ന്‌ സൂരജ്‌ പറഞ്ഞില്ല. എന്നാല്‍ പെട്ടെന്നാണ്‌ സൂരജിന്‌ ആ ആശയം തോന്നിയത്‌. മഞ്ജുവിനെ കൊണ്ട്‌ ഈ ചോദ്യമൊന്ന്‌ വായിപ്പിയ്ക്കാം. ഒരു സ്ത്രീപക്ഷ നിലപാട്‌ കിട്ടും.
മേം, ഇതൊന്നു വായിച്ചു നോക്കിയേ...വരികള്‍ക്കിടയിലൂടെ...
മഞ്ജു മാണി കത്തുവാങ്ങി. ഓടിച്ചു വായിച്ച ശേഷം പറഞ്ഞു.
മണ്ടന്‍....നിനക്ക്‌ മനസ്സിലായില്ലേ? പ്രശ്നം സെക്ഷ്വലാണ്‌.
സെക്ഷ്വലോ.. ?
അതെങ്ങനെ മനസ്സിലായി?
വരികള്‍ക്കിടയിലല്ല, ആ വീര്‍പ്പുമുട്ടലുകള്‍ക്കും മടുപ്പിനും ഉള്ളിലാണ്‌ വായിയ്ക്കേണ്ടത്‌. പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.
ഒ.കെ ആയിട്ടുണ്ടാവണം. അല്ലെങ്കില്‍ വീണ്ടും മാറ്റിയെഴുതന്‍ പറയുമായിരുന്നല്ലോ.
 മഞ്ജു പറഞ്ഞു.
പിന്നെയവള്‍ പാതിയില്‍ നിര്‍ത്തിയ ഫീച്ചറിലേയ്ക്ക്‌ കടന്നു.
വയലറ്റ്‌ ക്യൂട്ടക്സിട്ട കൂര്‍ത്ത നഖങ്ങള്‍ക്കിടയില്‍ ചേര്‍ത്തു പിടിച്ച പേന. നക്ഷത്രങ്ങള്‍ പൊട്ടിവീഴുന്നതു പോലെ കടലാസില്‍ വിരിയുന്ന കുനുകുനെയുള്ള അക്ഷരങ്ങള്‍.
ഇതു വരെ ചോദിയ്ക്കാനൊത്തില്ല, മേഡം മാര്യേഡാണോ?
അല്‍പമൊരു ചമ്മലോടെ സൂരജ്‌ ചോദിച്ചു.
അതിനെന്നതാടാ ഉവ്വേ സംശയം... ? പേരു കഴിഞ്ഞുള്ള വാല്‌ നീ കണ്ടില്ലേ?

ഓ... അതിപ്പോ അപ്പണ്റ്റെ പേരും ആവാലോ... ?
സൂരജ്‌ വിട്ടുകൊടുത്തില്ല.
ദാണ്ടേ...പിന്നേം... ടീഷേര്‍ട്ടിനുള്ളില്‍ നിന്ന്‌ താലിമാല പുറത്തെടുത്ത്‌ മഞ്ജു മാണി പറഞ്ഞു.
ഇതെപ്പോഴും പ്രദര്‍ശിപ്പിച്ചോണ്ട്‌ നടക്കാന്‍ പറ്റുമോ?
അവള്‍ പിന്നേയും ഫീച്ചറിലേയ്ക്ക്‌ തിരിഞ്ഞു.
അതിന്നിടയില്‍ പെട്ടെന്ന്‌ തലയുയര്‍ത്തി സൂരജിനേ നോക്കിപ്പറഞ്ഞു.
അതേയ്‌... ഞങ്ങള്‍ക്ക്‌ കുട്ടികളൊന്നും ആയിട്ടില്ല. ഇപ്പോഴും ഹണിമൂണാ...എനിയ്ക്കൊരു മുപ്പത്തിയഞ്ച്‌ ആവട്ടെ... ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലേ?
സൂരജ്‌ മാവേലിപുരം ആകെയങ്ങ്‌ ചൂളിപ്പോയി.
ഭാഗ്യം. കൃത്യസമയത്ത്‌ ഇണ്റ്റര്‍കോം ചിലച്ചു.
 സൂരജ്‌ ക്യാബിനിലേയ്ക്ക്‌ വരൂ...
എഡിറ്ററാണ്‌.
ദൈവമേ, ഇനിയും മാറ്റിയെഴുതേണ്ടി വരുമോ?
ക്യാബിനിലേയ്ക്ക്‌ ചെന്ന സൂരജിനു നേരെ എഡിറ്റര്‍ ഒരു കടലാസ്‌ നീട്ടി.
ഇപ്പോള്‍ ഫോണിലൂടെ കിട്ടിയ ഒരു ചോദ്യമാണ്‌. ആരോഗ്യ പംക്തിയിലേയ്ക്ക്‌...
പുറത്തേയ്ക്ക്‌ കടക്കുംമുമ്പ്‌ എഡിറ്റര്‍ ഓര്‍മ്മിപ്പിച്ചു.
നല്ല നാലഞ്ചു ഡോക്ടര്‍മാരുമായി ഡിസ്കസ്‌ ചെയ്തിട്ട്‌ ഉത്തരം തയ്യാറാക്കിയാല്‍ മതി, കെട്ടോ.
ശരി സാര്‍.
 എന്താ?
സീറ്റില്‍ വന്നിരുന്ന സൂരജിനോട്‌ മഞ്ജുമാണി ചോദിച്ചു.
ഓ...പുതിയൊരു ചോദ്യം.
ങ്ങാ...നോക്ക്‌.
അവള്‍ വീണ്ടും ഫീച്ചറിലേയ്ക്ക്‌ തിരിഞ്ഞു.

പ്രിയപ്പെട്ട ഡോക്ടര്‍,ലൈംഗിക പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിയ്ക്കുന്ന നിരവധി മരുന്നുകള്‍ ഇന്ന്‌ വിപണിയില്‍ ലഭ്യമാണല്ലോ. പാര്‍ശ്വഫലങ്ങളില്ലാത്തതും കൂടുതല്‍ ഗുണകരവുമായ ഏതു ബ്രാണ്റ്റാണ്‌ താങ്കള്‍ക്ക്‌ നിര്‍ദ്ദേശിയ്ക്കാന്‍ കഴിയുക?

ഡയറക്ടറി നോക്കി നാലഞ്ചു ഡോക്ടര്‍മാരെ വിളിച്ചു. ഒടുവില്‍ സൂരജ്‌ മാവേലിപുരം പ്രമുഖനായ ഡോക്ടറുടെ പേരില്‍ ഇങ്ങനെ എഴുതി.

ഒ.ടി.സി പ്രൊഡക്ടുകളുടെ പരസ്യങ്ങളാണ്‌ മാധ്യമങ്ങളില്‍ വരുന്നത്‌. അതായത്‌ ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ പരസ്യം വഴി വില്‍ക്കുന്നവ. ഇവ പലതും മികച്ചതാവാം. പക്ഷെ, അവയിലേതെങ്കിലും ഞങ്ങള്‍ ശുപാര്‍ശ ചെയ്യാറില്ല.
 താങ്കള്‍ക്ക്‌ എന്തെങ്കിലും ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഒരു സെക്സോളജിസ്റ്റിനെ കാണുന്നതാണ്‌ അഭികാമ്യം.
സൂരജ്‌ മാവേലിപുരം തയ്യാറാക്കിയ മറുപടി വായിച്ച ശേഷം എഡിറ്റര്‍ സോമദാസന്‍ തണ്റ്റെ ഈസി ചെയറിലേയ്ക്ക്‌ ചാരി.
പിന്നെ സ്വയം ചോദിച്ചു.
ടൌണിലെ മികച്ച സെക്സോളജിസ്റ്റ്‌ ആരായിരിയ്ക്കും?

                                                                                                     സണ്‍ഡേ മംഗളം (31.07.2011)

Tuesday, July 12, 2011

ഏഴാം മാളികമേലേ.......

കഥ/സുരേഷ്‌ കീഴില്ലം

ഫോണ്‍ ബെല്‍.
പക്ഷേ ഫോണെടുക്കാന്‍ കേശുമ്മാന്‌ ഭയമാണ്‌.
ഒരു നിക്യഷ്ട ജീവിയുടെ നിലവിളി കേട്ടിട്ടെന്നവണ്ണം കോശുമ്മാനാകെ അലോസരപ്പെടും.
നാഴികക്ക്‌ നാല്‍പ്പതുവട്ടമാണ്‌ ഈ നിലവിളി. മിക്കവാറും കേശുമ്മാനൊരാളെ ഫ്ളാറ്റിലുണ്ടാകു.
ഒടുവില്‍ ഭയന്ന്‌, അറച്ച്‌, അടുപ്പിക്കരുതാത്ത എന്തോ ഒന്നുപോലെ ചെവിത്തണ്ടയിലെ രോമങ്ങളില്‍പ്പോലും മുട്ടാതെ, ഹലോണ്‍...
വസുന്ധര ആര്‍ വാര്യരില്ലേ... ?
ഇല്യാലോ..... കേശുമ്മാന്‍ ഫോണ്‍ വയ്ക്കും.
നര്‍മ്മദയില്ലേ അവിടെ... ?
ഇല്യാലോ..... കേശുമ്മാന്‍ ഫോണ്‍ വയ്ക്കും.
ഇതാരാപ്പാ...
കാര്‍ന്നോര്‍ടെ ശബ്ദമാണല്ലോ...?
വട്ടൊള്ളതാ...?
നിങ്ങക്ക്‌ വേറെ ആരേ കിട്ടീല്ലേ, വീടുനോട്ടത്തിന്‌..? എന്നിങ്ങനെ ഒത്തിരി ക്രോസുവിസ്താരങ്ങള്‍ പുറത്തുനിന്ന്‌ കിട്ടിയതിനെ തുടര്‍ന്നാണ്‌ വസുന്ധര ആര്‍ വാര്യരെന്ന അമ്മയും നര്‍മ്മദയെന്ന മകളും കൂടി കേശുമ്മാനെ കാര്യങ്ങളോക്കെ പഠിപ്പിച്ചെടുക്കാമെന്ന്‌ കരുതിയത്‌.
കേശുമ്മാനെന്തിനാ, ഇത്ര ധ്യതി...? ചോദിച്ചൂടെ, ആരാ... എവ്ടെന്നാ, എന്തിനാന്നൊക്കെ...
കേശുമ്മാന്‍ സമ്മതിച്ചു. ആവാം...ആവാം...
വഴുവഴുപ്പുള്ള വ്യത്തികെട്ട എന്തോ ദ്രാവകംപോലെ റസീവറില്‍ നിന്നു വന്ന ശബ്ദം കേശുമ്മാണ്റ്റെ ചെവിക്ക്‌ അസ്കിതയുണ്ടാക്കിയിട്ടും കേശുമ്മാന്‍ ചോദിച്ചു.
ആരാ..? എവിട്ന്നാ...? എന്തിനാ... ?
പക്ഷേ എന്നിട്ടും കുഴപ്പം. വൈകിട്ടു വസുന്ധരാ വാരസ്യാര്‌ ക്ഷീണത്തോടെ സെറ്റിയുടെ പതുപതുപ്പില്‍ വീണ്‌ മലയ്ക്കുമ്പോള്‍ ചോദിയ്ക്കും.
കേശുമ്മാനെ, ആരെങ്കിലും വിളിച്ചോ... ?
വാരസ്യാര്‍ക്ക്‌ ചായയെടുക്കുന്ന ധ്യതിയില്‍ കേശുമ്മാന്‍ പറയും- ഇല്യാലോ...
പിറ്റേന്ന്‌, എന്നാല്വെണ്റ്റെ വസുന്ധരേ... ഞാനാ കാരണവരോട്‌ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചതാണല്ലോ.. എത്ര രൂപേടെ ലോസാണ്ടായേ... ?
കേശുമ്മാനെ ണ്റ്റെ കേശുമ്മാനെ... ഇപ്പൊ ഇങ്ങ്നെയായോ കുഴപ്പം...
കേശുമ്മാണ്റ്റെ കുഴപ്പങ്ങള്‍ ഇത്രടം കൊണ്ടൊന്നും തീരണില്ല.
ഫാനിണ്റ്റെ കാറ്റടിച്ചാ കേശുമ്മാന്‍ ചുമയ്ക്കും. ചുമച്ച്‌ തൊണ്ടയില്‍ ഊറുന്ന കഫവുമായി, ഫ്ളാറ്റിണ്റ്റെ ജനാല തുറക്കും കേശുമ്മാന്‍.
വടക്കേപ്പുഞ്ചയില്‍ നിന്ന്‌ ശുളുശുളാ വീശണ കാറ്റ്‌...കാറ്റിനോട്‌ മല്ലിട്ട്‌ നീട്ടി ഒരൊറ്റത്തുപ്പ്‌.
വടക്കേമുറ്റത്തിണ്റ്റെ കെട്ടിനുമപ്പുറം, കൊന്നത്തെങ്ങിണ്റ്റെ ചോട്ടിലു വീഴും തുപ്പല്‌.
ന്താ യീ കാട്ടണെ കേശുമ്മാനെ...തുപ്പല്ലെ...തുപ്പല്ലെ...
വടക്കേപുഞ്ചയില്‍ നിന്നുള്ള കാറ്റില്ല.
വടക്കേ മുറ്റമില്ല.
മുറ്റമേയില്ല.
ത്രിശൂലം പോലെ മുകളിലേയ്ക്കു കുതികൊണ്ട്‌ നില്‍ക്കുന്ന ഒരു വൈദ്യുതികാലിണ്റ്റെ മേലഗ്രം.
ഒരു നാലഞ്ചാള്‌ താഴെ.
അതിനും താഴെ വാര്യത്തെ കുളത്തിണ്റ്റെ താഴത്തെപ്പടിയില്‍ പെണ്ണുങ്ങള്‌ അലക്കാനും കുളിക്കാനും കൊണ്ടുവച്ച സോപ്പ്‌ പെട്ടി.
പൊട്ടനുറുമ്പിണ്റ്റെ ഒരു വെകിളിപിടിച്ചോട്ടം.
ചോണനുറുമ്പിണ്റ്റെ പടയോട്ടം.
എന്താദ്്‌... ഞാനെവിട്യാത്‌... ?
കേശുമ്മാനെ...തുപ്പണത്‌ വാഷ്ബെയ്സണേല്‌... ഇതേ നാടല്ല....നാട്ടിലെ വാര്യല്ല...
ത്ഫു... വാഷ്ബോയ്സണില്‍ ഒതുക്കിതുപ്പുന്നു കേശുമ്മാന്‍.
അതില്‍ ഉരുണ്ട്‌ വഴുക്കുന്ന കഫക്കട്ട കണ്ട്‌ മനം പുരട്ടുന്നു. കേശുമ്മാന്‌...
ഒടുവില്‍ ബ്‌വേം...ബ്‌വേം... എന്ന്‌ കുടലാകെ മലക്കംമറിഞ്ഞ്‌ നീണ്ട ഛര്‍ദ്ദി.
അതു കണ്ട്‌ നര്‍മ്മദയുടെ അടിവയറ്റില്‍ നിന്നും ഒരറപ്പ്‌ ഉരുണ്ട്‌ കയറി തൊണ്ടക്കുഴിയില്‍ തേട്ടി.
അസഹ്യതയാല്‍ ചുളിഞ്ഞുപോയ സ്വന്തം മുഖം, കിടപ്പുമുറിയിലെ നിലക്കണ്ണാടിയില്‍ പ്രതിഫലിച്ചതുകൊണ്ട്‌ വസുന്ധര വാര്യസ്യാര്‍ ഞെട്ടി.
മനുഷ്യന്‌ വയസ്സായാലെത്തെ ഒര്‌ കാര്യേ..
തനിക്ക്‌ വയസ്സായോ?
വസുന്ധരാ വാരസ്യാര്‍ ഒന്നു സംശയിച്ചു.
ഏയ്‌ ഇല്യാന്നേ...
വസുന്ധരാ വാരസ്യാര്‍ കേശുമ്മാനിലേയ്ക്ക്‌ മലക്കംമറിഞ്ഞ്‌ ആലോചിച്ചു.
കേശുമ്മാനെ ഇനി എന്താ ചെയ്യാ... ?
അമ്മ തന്ന്യാ കുഴപ്പോണ്ടാക്യേ... എന്തിനാ നാട്ടീന്ന്‌ ഈ കേശുമ്മാനെ...
വസുന്ധരയുടെ പിറുപിറുപ്പുകളിലേയ്ക്ക്‌ നര്‍മ്മദ കടന്നുകയറുന്നു.
നിണ്റ്റെ മുത്തശ്ശി നിര്‍ബന്ധിക്കുമ്പോ...
രഘുരാമന്‍ വാര്യര്‌ പ്ളെയിന്‍ തകര്‍ന്ന്‌ മരിച്ച്‌, വസുന്ധരയെന്ന മകള്‍ക്കും നര്‍മ്മദയെന്ന പേരക്കിടാവിനും ഒരാണ്‍തുണയില്ലാണ്ടായപ്പോ...
അപ്പൊ ചെന്നു നിന്ന്‌ തുണയാവാന്‍ പറ്റ്യ ഒരാള്‌...
ലക്ഷ്മിക്കുട്ടി വാരസ്യാര്‌ അടുക്കള ജനാലയിലൂടെ കണ്ടതാണല്ലോ, വിറകു കീറി ഒതുക്കുന്ന കേശുവിണ്റ്റെ ഒരു മെയ്ക്കരുത്ത്‌.
മറ്റൊരിയ്ക്കല്‍ നിലവറയ്ക്കകത്തെ ഇരുട്ടില്‍ നിന്നും തന്നെ കൈപിടിച്ച്‌ കയറ്റുമ്പോഴത്തെ കൈക്കരുത്ത്‌.
എല്ലാത്തിനും പുറമെ, തിരുവാതിരക്കുളിരില്‍ കയ്യും മെയ്യും കത്തിപ്പടര്‍ന്ന്‌ ലക്ഷ്മിക്കുട്ടിയിലേക്ക്‌ പകര്‍ന്ന ഉള്‍ക്കരുത്ത്‌.
രഘുരാമനില്ലാണ്ട്‌...ന്താ വസുന്ധരേ ഇയ്യീ പറേണേ... നഗരത്തിന്‌ നിങ്ങള്‍്‌ രണ്ടു പെണ്ണുങ്ങള്‍്‌ ഒറ്റയ്ക്കോ... ഒന്ന്വെങ്കി നെങ്ങളിങ്ങോട്ട്‌ വര്‍വാ... നിവ്യത്തീല്ല്യാന്നാണെങ്കി കേശു കൂടെ വരും..... അത്‌ വേണം.
കേശു മതിയെന്ന്‌ ലക്ഷ്മിക്കുട്ടി വാരസ്യാര്‍ക്കറിയാം.
ഏതു നഗരത്തിലായാലും.. ഏതു നരകത്തിലായാലും..
അയാളുടെ തണലില്‍ കുട്ടികള്‍ക്ക്‌ ഒരാപത്തും വരില്ല.
മുത്തശ്ശി വരുത്തിവച്ച ഒരാപത്തേ.... സഹികെട്ട്‌, കെറുവിച്ച്‌ കാലിനു മുകളില്‍ കാല്‍ കയറ്റിവച്ച്‌ നര്‍മ്മദ സെറ്റിയിലേക്ക്‌ ചാരി.
മുട്ടിനു മുകളില്‍, വലിഞ്ഞ്‌ നിന്ന കടുംനീല മിഡിയ്ക്ക്‌ താഴെ അവളുടെ മെല്ലിച്ച തുടകള്‍ കണ്ടപ്പോള്‍ കേശുമ്മാന്‌ തോന്നുന്നത്‌ സഹതാപമാണ്‌.
ധനു നിലാവ്‌ ഒഴുകിപ്പടര്‍ന്ന, ലക്ഷ്മിക്കുട്ടിയുടെ മാദകമായ തുടകളുടെ ഓര്‍മ്മ കേശുമ്മാണ്റ്റെ നരച്ച നെഞ്ചിന്‌ താഴെ ഒരു മാത്ര കൊളുത്തി വലിച്ചു.
ഇപ്പോള്‍ രാത്രിയാണ്‌.
നര്‍മ്മദയുടെ മുറിയില്‍ പൊട്ടിത്തെറിയ്ക്കുന്ന സ്റ്റീരിയോ.
താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരാള്‍.
മുഖത്ത്‌ രോമമില്ലാത്ത മറ്റൊരാള്‍..
ഒറ്റക്കാതില്‍ കടുക്കനുമായി ഇനിയൊരാള്‍.
താളാത്മകമായി കെട്ടുപിണഞ്ഞാടുന്ന നര്‍മ്മദയുടെ ശോഷിച്ച തുടകളും.
പാവം കുട്ടി...കേശുമ്മാന്‍ ജനാലക്കരികില്‍ നിന്ന്‌ കിടുകിടുത്തു.
താളപെരുക്കങ്ങളില്‍ നിന്നും പുറത്തുകടന്നൊരാള്‍ ഇപ്പോള്‍ ഇഴഞ്ഞ്‌ കയറുന്നത്‌ വസുന്ധരാ വാരസ്യാരുടെ മടക്കുകള്‍ വീണ ഉദരത്തിലെ വ്യത്തികെട്ട കത്രികപ്പാടിലേയ്ക്കാണ്‌.
കേശുമ്മാന്‍ താഴേയ്ക്കു നോക്കി.
ചീറിപ്പായുന്ന വാഹനങ്ങള്‍...
തലതാഴ്ത്തി നില്‍ക്കുന്ന തെരുവ്‌ വിളക്കുകള്‍...
അല്ലല്ലോ...
കവുങ്ങിന്‍ തോട്ടവും പുഴയും കടന്ന്‌, തീക്കറ്റയും വീശി ആര്‍ത്തു വരുന്ന ഒരാള്‍ക്കുട്ടംപിടഞ്ഞെഴുന്നേറ്റ്‌, പുറത്തും ചന്തിയിലും പറ്റിപ്പിടിച്ച കരിയിലകള്‍ തുത്തുമാറ്റി, കേശുവും ലക്ഷ്മിക്കുട്ടിയും ഇപ്പോള്‍, ദാ ഓട്ടം തന്നെ ഓട്ടം.
സര്‍പ്പക്കാവിണ്റ്റെ കടുത്ത ഇരുട്ടില്‍ നിന്നും പുറത്തു വന്ന കേശുമ്മാന്‍, ഏഴാം നിലയില്‍ നിന്നും ഒടിഞ്ഞ്‌ മടങ്ങിവീണ ഗോവണിപ്പടികളിലാണിപ്പോള്‍....
തീക്കറ്റകള്‍ വീശി ആള്‍ക്കുട്ടം പാഞ്ഞുപാഞ്ഞ്‌... .

ചന്ദ്രിക 2000 ഏപ്രില്‍

Sunday, July 10, 2011

തുരുത്ത്‌

കഥ/സുരേഷ്‌ കീഴില്ലം

പരീക്ഷാ ഹാളിണ്റ്റെ വൃത്തികെട്ട മൌനത്തില്‍ ഞാനൊറ്റപ്പെട്ടിരിയ്ക്കുമ്പോഴാണ്‌ മുത്തശ്ശി എനിയ്ക്ക്‌ കൂട്ടു വന്നത്‌. ഒരു പാദചലനം അടുത്തെത്തിയപ്പോള്‍ ഇന്‍വിജിലേറ്ററാണെന്നേ കരുതിയൊള്ളു. എന്നാല്‍ എണ്റ്റെ ഹൃദയത്തിലേയ്ക്ക്‌ കടന്നു വന്നത്‌ മുത്തശ്ശിയാണെന്നു പറയുമ്പോള്‍, മുത്തശ്ശിയും പരീക്ഷയും തമ്മിലുള്ള ബന്ധത്തെ പറ്റി ഏതൊരാളാണ്‌ അത്ഭുതപ്പെടാതിരിയ്ക്കുക!

താളത്തില്‍ തുള്ളി വന്ന മുത്തശ്ശി എണ്റ്റെ ഹൃദയത്തില്‍ നിറകൊണ്ടു. പിന്നെപ്പിന്നെ അവരെണ്റ്റെ ഹൃദയത്തിണ്റ്റെ തന്നെ ഒരു കോണില്‍ ഇരുന്ന്‌ ശാന്തയായി സ്വാതിക ഭാവം കൈക്കൊണ്ട്‌, എന്നോട്‌ കനിവോടെ ചോദിച്ചു.

പരീക്ഷ്യാ ല്യോ?

ങ്ങും.

ഞാന്‍ മൂളി.

നീം ണ്റ്റെ കുട്ട്യേ അവര്‌ ജീവിയ്ക്കാന്‍ സമ്മതിയ്ക്കില്ല്യ ല്ലേ?

മുത്തശ്ശി പതുക്കെ കരഞ്ഞുതുടങ്ങി.

നെണക്ക്‌ രക്ഷപ്പെടാന്‍ ഒരു വഴീം ല്യാ-ല്ലേ?

കൊഴുത്ത്‌ ചുവന്ന മുത്തശ്ശിയുടെ കവിളിലൂടെ കണ്ണീര്‍ക്കണങ്ങള്‍ ഒലിച്ചിറങ്ങി. അത്‌ എണ്റ്റെ പരീക്ഷാ പേപ്പറിലൂടെ ഒഴുകിപ്പരന്നു. മഷി പടര്‍ന്ന പരീക്ഷാക്കടലാസില്‍ തിരകളുണര്‍ന്നു. ആഞ്ഞടിച്ചു. ഞാന്‍ ഒഴുക്കില്‍പ്പെട്ടു.

തിരയ്ക്കുമീതെ മഴയും.

എത്ര മഴപെയ്താലും ഈ കുന്നിന്‍മേല്‍ വെള്ളം കേറില്ലേ?

ഇല്യ.

ഇന്നും നാളേം നാളെകഴിഞ്ഞും?

ഇല്യായില്ല്യാ..

അതിണ്റ്റെ പിറ്റേന്നും-ഈ മാസം മുഴ്വോനും... ?

ണ്റ്റെ കുട്ട്യേ... അങ്ങന്‌ നെയൊരു മഴേണ്ടോ?

അങ്ങനെ പെയ്താ കുന്ന്‌ അടീലാവില്ലേ?

അങ്ങ്‌ നെ പെയ്താലേ പ്രളയാണ്ട്ാവാ-അപ്പോ കുന്ന്‌ മാത്രല്ലാ...ഈ ലോകം ലോകം മുഴ്വോനും വെള്ളത്തിനടീലാവും.

നമ്മളും?

ല്ല്യാണ്ടെങ്ങ്നാ കുട്ട്യേ. എല്ലാര്‍ടേം പോലല്ലേ നമ്മളും?

ഇല്ല. ഞാനും ണ്റ്റെ മുത്തശ്ശീം ഒര്‌ വഞ്ചീണ്ടാക്കീട്ട്‌...

തിരകള്‍ക്ക്‌ മേല്‍ ഉലയുന്ന വഞ്ചിയില്‍ മുത്തശ്ശിയുടെ മാറില്‍ ചാരി ഞാന്‍ നീങ്ങുകയാണ്‌.

മുത്തശ്ശി രാമായണം വായിയ്ക്കുകയായിരുന്നു അപ്പോള്‍.

അമ്മയ്ക്ക്‌ ഇതൊന്നു പതുക്കെ വായിച്ചൂടെ..?

അച്ഛന്‍ പറഞ്ഞു.

അവനു പരീക്ഷ അടുക്ക്വാ..

മുത്തശ്ശി മറുപടി ഒന്നും പറഞ്ഞില്ല. വായന നിര്‍ത്തി എഴുന്നേറ്റു പോയി.

അപ്പോഴും ഹോം വര്‍ക്ക്‌ ഉത്തരം കിട്ടാതെ എന്നെ പരിഹസിച്ചുകൊണ്ടിരുന്നു.

എത്ര നേരായി കുട്ടീ നീയിരിപ്പിങ്ങ്നെ ഇരിയ്ക്കുണൂമുത്തശ്ശി എണ്റ്റെ തലയില്‍ മെല്ലെത്തലോടി. ഞാന്‍ ദൈന്യതയോടെ മുത്തശ്ശിയെ നോക്കി.

ഇനി ഈ മാമ്പഴം തിന്നിട്ടു മതി പഠിത്തൊക്കെ...

ന്താമ്മേ ഇത്‌? പറമ്പില്‌ ഒക്കെ കെടക്കണതല്ലേ.

അമ്മ അടുക്കളയില്‍ നിന്ന്‌ വന്ന്‌ പറഞ്ഞു. എടാ അത്‌ കളഞ്ഞേക്ക്‌...

അതാപ്പോ നന്നായേ...ണ്റ്റെ കുട്ടീ മുത്തശ്ശി തരണതല്ലേ-തിന്നോളൂട്ടോ... ഒരു കുഴപ്പോല്യ...

ന്താ ഈ അമ്മയ്ക്ക്‌ പറ്റീത്‌? അവന്‌ പരീക്ഷ്യാന്നൊള്ളത്‌ മറന്നോ? അമ്മ മാമ്പഴം വാങ്ങി ദൂരേയ്ക്ക്‌ എറിഞ്ഞു.

ഞാന്‍ മയക്കത്തില്‍ നിന്ന്‌ ഞെട്ടിയുണര്‍ന്നു.

ഇല്ല.

മുത്തശ്ശിയില്ല.

മുന്നില്‍ തിരകള്‍ അലറിയടിയ്ക്കുന്നു. പിന്നെപ്പിന്നെ മെല്ലെ ഒതുങ്ങുന്നു. നിശ്ചലമായ നീലപ്പരപ്പ്‌.

നീലിച്ച പരീക്ഷാ പേപ്പര്‍.

അപ്പോഴും പരീക്ഷാ പേപ്പറിലേയ്ക്ക്‌ കണ്ണീര്‍ വീഴുന്നുണ്ടായിരുന്നു.

എന്താ തനിയ്ക്ക്‌ പറ്റീത്‌?

ഇന്‍വിജിലേറ്ററുടെ അമ്പരപ്പുള്ള ചോദ്യം.

ഈ പരീക്ഷാ ഹാളിണ്റ്റെ മൌനമാകെ, ദൈവമേ എണ്റ്റെ നാവിന്‍ തുമ്പില്‍ത്തന്നെയാണല്ലോ തളം കെട്ടി കിടക്കുന്നത്‌.

1994 മാതൃഭൂമി ആഴ്ചപ്പതിപ്പ്‌


പരീക്ഷ കീറാമുട്ടിയാകുന്ന ഒരു കുട്ടിയുടെ മനസ്സാണ്‌ സുരേഷ്‌ കീഴില്ലത്തിണ്റ്റെ തുരുത്തില്‍. വര്‍ത്തമാനകാലം പരീക്ഷകളുടേതാവുന്നതിണ്റ്റെ വിഭ്രാന്തിയുണ്ടിതില്‍. അലിവ്‌ ആശ്വാസമാകുന്നതിണ്റ്റെ സൂചനയും. മുത്തശ്ശി അലിവാണ്‌ ഇവിടെ. പക്ഷെ, കീഴില്ലം, പ്രത്യാശ തീരെ ഉപേക്ഷിയ്ക്കണോ. പരീക്ഷകളിലൊക്കെ വലിയ വിജയം നേടുന്ന മിടുക്കന്‍മാന്‍ നമ്മുടെ ഇടയില്‍ത്തന്നെയുള്ളവരാണ്‌!

(മാതൃഭൂമി (പുസ്തകം 72 ലക്കം 26) (1994) യില്‍ ബാലപംക്തിയിലേയ്ക്ക്‌ ഈ കഥ തെരഞ്ഞെടുത്തുകൊണ്ട്‌ കഥാകൃത്ത്‌ അക്ബര്‍ കക്കട്ടില്‍ എഴുതിയത്‌)