Sunday, April 28, 2013

ആശാന്‍ സ്‌മാരക സാഹിത്യവേദി

കവി എന്‍ കെ ദേശത്തോടൊപ്പം 

ഇന്ന്‌ പെരുമ്പാവൂര്‍ ആശാന്‍ സ്‌മാരക സാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്‌ഘാടനമായിരുന്നു. കവി എന്‍.കെ ദേശമായിരുന്നു മുഖ്യ അതിഥി.

1973-ല്‍ പ്രശസ്‌ത നോവലിസ്‌റ്റ്‌ ഉറൂബ്‌ ഉദ്‌ഘാടനം ചെയ്‌ത സാഹിത്യ സംഘടനയാണ്‌ ആശാന്‍ സ്‌മാരക സാഹിത്യവേദി.. തകഴി ശിവശങ്കരപ്പിള്ള, എസ്‌.കെ പൊറ്റക്കാട്‌, ചെറുകാട്‌ തുടങ്ങിയ മഹാരഥന്‍മാര്‍ പെരുമ്പാവൂരില്‍ വന്നത്‌ സാഹിത്യവേദിയുടെ ലേബലിലാണ്‌. പ്രശസ്‌ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ആദ്യമായി പൊതുവേദിയില്‍ കവിത അവതരിപ്പിച്ചത്‌ ഈ വേദിയിലാണെന്ന്‌ കഴിഞ്ഞ ദിവസം മുന്‍ സാഹിത്യ അക്കാദമി സെക്രട്ടറിയും കഥാകൃത്തുമായ പായിപ്ര രാധാകൃഷ്‌ണന്‍ സാര്‍ എന്നോടു പറയുകയുണ്ടായി.
പ്രശസ്‌ത നോവലിസ്‌റ്റ്‌ എസ്‌.കെ മാരാര്‍ സാര്‍ ആയിരുന്നു ദീര്‍ഘകാലം സാഹിത്യവേദിയുടെ പ്രസിഡന്റ്‌. മുളക്കുളം പരമേശ്വരന്‍ സെക്രട്ടറി. ആ സുവര്‍ണ്ണകാലത്തിന്റെ സമാപന കാലം തൊട്ട്‌ എനിയ്‌ക്കും സാഹിത്യവേദിയുമായി ബന്ധമുണ്ട്‌. ഇന്ന്‌ ആ രണ്ടുപേരും ഇല്ല.
പിന്നീട്‌ മലയാറ്റൂര്‍ സുരേന്ദ്രനും ഡോ.കെ.എ ഭാസ്‌കരനും വേദിയുടെ അദ്ധ്യക്ഷ സ്ഥാനത്തു വന്നു. ഇപ്പോള്‍ കേരള ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായ ഇ.വി നാരായണന്‍ മാസ്‌റ്റര്‍ സെക്രട്ടറിയായി.
പിന്നീട്‌, പല കാരണങ്ങള്‍കൊണ്ട്‌ സാഹിത്യ വേദി തളര്‍ന്നു. ആ ഘട്ടത്തിലാണ്‌, ഈ സംഘടനയേക്കാള്‍ പ്രായം കുറഞ്ഞ ഞാന്‍ ഇതിന്റെ സെക്രട്ടറിയാകുന്നത്‌.
ഒത്തിരി സന്തോഷം തോന്നുന്നുണ്ട്‌ ഇപ്പോള്‍.
ഒരുപാട്‌ ചരിത്രമുള്ള സാഹിത്യവേദിയ്‌ക്ക്‌ അതിലേറെ സാദ്ധ്യതകളുളള ഒരു ഭാവികാലമുണ്ടെന്ന സൂചനകളാണ്‌ ഇന്ന്‌ ലഭിച്ചത്‌. ക്ഷണപ്രകാരവും അല്ലാതെയും ചടങ്ങില്‍ പങ്ക്‌ കൊള്ളാനെത്തിയ പ്രൗഡമായ സദസ്സാണ്‌ അതില്‍ പ്രധാനം. അക്ഷരങ്ങളെ സ്‌നേഹയ്‌ക്കുന്ന, സാഹിത്യമേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണ്‌ എത്തിയവരൊക്കെയും. 
സാഹിത്യവേദിയുടെ വരുംകാലത്തേയ്‌ക്ക്‌ അവര്‍ നല്‍കിയ സഹകരണ വാഗ്‌ദാനങ്ങളാണ്‌ മറ്റൊന്ന്‌. സര്‍ഗ്ഗാത്മകമായ, തുടര്‍ച്ചയായ ഒത്തുചേരലുകള്‍ക്ക്‌ സാഹിത്യവേദി ഇടമാകണമെന്നതില്‍ ആര്‍ക്കും രണ്ട്‌ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ല.
സമീപ പ്രദേശങ്ങളിലെ സാഹിത്യ കൂട്ടായ്‌മകളായ ബുധസംഗമം (കാലടി), സുവര്‍ണരേഖ (കോതമംഗലം), സാഹിതീസംഗമം (മൂവാറ്റുപുഴ) സര്‍ഗ്ഗവേദി (കോടനാട്‌) തുടങ്ങിയവരൊക്കെ പിന്തുണ പ്രഖ്യാപിച്ചു.
അതുകൊണ്ടൊക്കെ തന്നെ തുടര്‍ച്ചയായ പരിപാടികളുമായി ആശാന്‍ സ്‌മാരക സാഹിത്യവേദി മികച്ച പ്രവര്‍ത്തനം കാഴ്‌ച വയ്‌ക്കുമെന്നു തന്നെയാണ്‌ വിശ്വാസം.