Thursday, June 19, 2014

ബാലചന്ദ്രന്‍ വടക്കേടത്ത് : വിവാദങ്ങളുടെ സഹയാത്രികന്‍

സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്തിനെ പരിചയപ്പെടുന്നത് തൊണ്ണൂറുകളുടെ ആദ്യമാണ്. ആരോഗ്യവകുപ്പിന്റെ തൃശൂരിലുള്ള ഓഫീസുമുറിയില്‍ നിന്നു തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുന്നു. ഇടയ്ക്ക് നീണ്ടകാലത്തെ ഒരു ഇടവേള ഉണ്ടായെങ്കിലും.
ഇന്ന് (19.06.2014) പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ അക്ഷരപെരുമ 2 എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള വായനാവാരാഘോഷം ഉദ്ഘാടനം ചെയ്യാന്‍ വടക്കേടത്ത് എത്തിയിരുന്നു. പ്രോഗ്രാമിന് മുനിസിപ്പാലിറ്റിയില്‍ നിന്ന് ക്ഷണിച്ചപ്പോള്‍തന്നെ എന്നെ അദ്ദേഹം ഫോണില്‍ വിളിച്ചിരുന്നു. 
"ഞാന്‍ എത്തുമ്പോള്‍ നീ അവിടെ ഉണ്ടാവില്ലേ?
ഇന്ന് രാവിലെ ആദ്യം എന്റെ ഓഫീസിലെത്തി. കൊച്ചി ആകാശവാണി നിലയത്തിനായി സമകാലികം എന്ന പ്രതിവാര പരിപാടി തയ്യാറാക്കുന്ന ആരാധനയ്ക്ക് വേണ്ടി അവിടെവച്ച് ഒരു ഹൃസ്വ ഭാഷണം.
പിന്നീട് ഉദ്ഘാടന സമ്മേളന വേദിയിലേക്ക് ...
വടക്കേടത്ത് ഇക്കുറിയും പതിവു തെറ്റിച്ചില്ല. ഇന്നസെന്റിന്റെ ആത്മകഥയിലെ ഭാഗം നാലാം ക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനേപ്പറ്റി നിശിത വിമര്‍ശനം. 
ചലച്ചിത്ര താരത്തിനുവേണ്ടി ആരോ എഴുതികൊടുത്ത ആത്മകഥ കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കുന്നതിന്റെ അനൗചിത്യം. ഇടതു സ്ഥാനാര്‍ത്ഥിയായി ലോകസഭയിലേക്ക് മത്സരിച്ച് ജയിച്ച ഇന്നസെന്റിന്റെ ആത്മകഥാഭാഗം പാഠപുസ്തകത്തില്‍ തിരുകി കയറ്റുകയായിരുന്നുവെന്ന് വടക്കേടത്ത് പറഞ്ഞു. ഇത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും അതിന്റെ ഇരകള്‍ നമ്മുടെ കുട്ടികളാണെന്നും അദ്ദേഹം തുറന്നടിച്ചു. 
പതിവുപോലെ സംഗതി വിവാദം.
സി.പി.എം ലോക്കല്‍ സെക്രട്ടറിയായ കെ.ഇ നൗഷാദ് ഉള്‍പ്പെടെയുള്ളവര്‍ വേദിക്കു പുറത്തിറങ്ങിയ വടക്കേടത്തിനെ നേരിട്ട് എത്തി പ്രതിഷേധമറിയിച്ചു.

ബാലചന്ദ്രന്‍ വടക്കേടത്ത് എക്കാലവും വിവാദങ്ങളില്‍ നിന്ന് വഴിമാറാതെയാണ് സഞ്ചരിച്ചിട്ടുള്ളത്.
എന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന സാഹിതീ സായകം മാസിക സംഘടിപ്പി്ച്ച ചടങ്ങിലാണ് ടി പത്മനാഭന്‍ കഥയെഴുത്ത് നിര്‍ത്തണമെന്ന് വടക്കേടത്ത് ആവശ്യപ്പെട്ടത്. ചെറുകഥയുടെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന പത്മനാഭന്‍ എഴുത്തു നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത് പിന്നീട് കേരളം മുഴുവന്‍ കൊണ്ടാടിയ വിവാദമായി മാറി. പത്മനാഭന്‍ മികച്ച കഥകളുടെ രചയിതാവാണെന്നും എന്നാല്‍ ഒടുവില്‍ അദ്ദേഹം തന്നേതന്നെ അനുകരിക്കുകയാണെന്നും വടക്കേടത്ത് സ്ഥാപിച്ചു.

അങ്ങനെ എത്രയെത്ര വിവാദങ്ങള്‍!!
കേരള കലാമണ്ഡലത്തിന്റേയും കേരള സാഹിത്യ അക്കാദമിയുടേയും ഒക്കെ തലപ്പത്തിരിക്കുമ്പോഴും വടക്കേടത്ത് വിവാദങ്ങളില്‍ നിന്ന് വഴിമാറിയിട്ടില്ല. അതു കൊണ്ടുതന്നെ പല സ്ഥാന നഷ്ടങ്ങളും ഈ എഴുത്തുകാരന് ഉണ്ടായിട്ടുണ്ട്.

എന്നാല്‍ അതിനൊക്കെ അപ്പുറം, ഒരു നിലപാട് കൈക്കൊള്ളുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന ഈ എഴുത്തുകാരനെ വ്യക്തിപരമായി എനിക്ക് ഏറെ ഇഷ്ടമാണ്.

Friday, June 13, 2014

പ്രതിരോധത്തിന്റെ അടയാളങ്ങള്‍

എതിരടയാളത്തിന്റെ ആത്മകഥ
നോവല്‍
ഇന്ദുചൂഡന്‍ കിഴക്കേടം
ഡി.സി ബുക്‌സ്, കോട്ടയം
വില: 90.00 രൂപ


വികസനമെന്നത് അത്യന്തം പ്രലോഭനകരമായ പദമാണ്. ഈ സുകുമാരപദത്തിന്റെ മുഖംമൂടിയെടുത്തു മാറ്റുമ്പോഴാണ് അത് ചൂഷണമെന്നോ, അധിനിവേശമെന്നോ രൂപമാറ്റം ചെയ്യപ്പെടുന്നത്. എന്നാല്‍, അതു പലപ്പോഴും സംഭവിക്കുന്നത് ഏറെ വൈകിയാണ്.
മനുഷ്യ/പ്രകൃതി വിരുദ്ധങ്ങളായ പൊള്ളയായ വികസനത്തിനെതിരെ സമരത്തിലേര്‍പ്പെടുന്നത് എക്കാലവും വളരെ കുറച്ചുപേരാണ്. ആ സമരങ്ങളുടെ പരിസമാപ്തിയാകട്ടെ, പലപ്പോഴും മഹത്തായ പരാജയങ്ങളിലുമാണ്. ഓരോ പരാജയങ്ങളില്‍ നിന്നും ഊര്‍ജ്ജം കൊണ്ട പ്രതിരോധം പിന്നെയും ശക്തിപ്പെടുന്നു. 
ജീവരാശിയെ നിലനിര്‍ത്തുന്ന ഈ പ്രതിരോധങ്ങളുടെ ചരിത്രമാണ് 'എതിരടയാളത്തിന്റെ ആത്മകഥ'. വളരെ കുറച്ചു കഥകള്‍ മാത്രമെഴുതി, മലയാള കഥാലോകത്ത് സ്വന്തം ഇടം സ്ഥാപിച്ചെടുത്ത ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ പ്രഥമ നോവല്‍.
അധികാര നഗരിയായ മുംബൈ ആണ്‌ നോവലിന്റെ  പശ്ചാത്തലം. ഭരണകൂടത്തിന്റെ, മാധ്യമങ്ങളുടെ, എന്തിന് ജനതയുടെ അപ്പാടെ ആരാധനകള്‍ ഏറ്റുവാങ്ങുന്ന ആനന്ദവര്‍മ്മയാണ് ഇവിടെ വികസനനായകന്‍. അജണ്ടകള്‍ നിശ്ചയിക്കുന്ന, ലോകത്തെ മുഴുവന്‍ അടിയാളരാക്കുന്ന സവര്‍ണ്ണാധിപത്യത്തിന്റെ അടയാളമാണ് അയാള്‍. എന്നാല്‍, നോവലില്‍ എവിടേയും ആനന്ദ വര്‍മ്മ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. പക്ഷെ, ദുസ്വപ്നങ്ങളായി, ഭീഷണിയായി, വ്യാവസായിക കുതിപ്പായി, അത്യാര്‍ത്തിയായി അയാളുടെ സാന്നിദ്ധ്യം ഉടനീളമുണ്ട്.
പ്രതിരോധവും സമരവും ഓരോരുത്തര്‍ക്കും ഓരോ മട്ടിലാണ്. എഴുത്തിലൂടെ, വരയിലൂടെ, മുദ്രാവാക്യങ്ങളിലൂടെ, ഒളിയാക്രമണങ്ങളിലൂടെ പലരും പലമട്ടില്‍ മാനവരാശിക്ക് വേണ്ടിയുള്ള ചെറുത്തു നില്‍പ്പ് ഏറ്റെടുക്കുന്നു. നോവലിലെ കേന്ദ്രകഥാപാത്രങ്ങളും അനുനിമിഷം സംഭരിക്കുന്നത് പ്രതിരോധിക്കാനുള്ള ഊര്‍ജ്ജമാണ്.
ആനന്ദവര്‍മ്മയെ പ്രഭുവായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണിസ്റ്റ് നളിനിയാണ് നോവലിലെ കേന്ദ്രകഥാപാത്രം. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി ജീവിതം മാറ്റിവച്ച ആക്ടിവിസ്റ്റ് അരുണനാണ് അവളുടെ ഭര്‍ത്താവ്. കഥാഗതിയുടെ മദ്ധ്യത്തില്‍ അരുണന്റേയും നളിനിയുടേയും പ്രതിരോധങ്ങള്‍ തകരുന്നതാണ് നാം കാണുന്നത്. നളിനിയുടെ കാര്‍ട്ടൂണ്‍ പരമ്പരയ്ക്ക് പത്രം വിലക്കേര്‍പ്പെടുത്തി. അതോടെ ജോലി ഉപേക്ഷിക്കുന്ന നളിനി ഹൃദ്രോഗിണിയായി മാറുന്നു. ആനന്ദ വര്‍മ്മയുടെ കമ്പനി നിര്‍മ്മിക്കുന്ന മരുന്നുകള്‍ കൊണ്ട് ജീവന്‍ രക്ഷപ്പെടുത്തേണ്ട ഗതികേടിലേക്കാണ് നളിനി എത്തുന്നത്. അവിടെ, ഔഷധം പോലും നിരസിച്ചുകൊണ്ടായി നളിനിയുടെ പ്രതിരോധം. ചാവേറിന്റെ വഴി.
മഹാനഗരത്തിന്റെ ഒമ്പതാം നില വിട്ട് നളിനിയും അരുണനും മകന്‍ വിശ്വാസും നോവലിന്റെ ഒടുവില്‍ പലായനം ചെയ്യുന്നത് ഗ്രാമീണ നന്മയിലേക്കാണ്. കുന്നിന് മേലെ വിരുന്ന് വന്ന ചെറുകാറ്റില്‍ പുല്‍നാമ്പുകള്‍ ത്രസിക്കുന്നത് അവര്‍ തിരിച്ചറിയുന്നു. അവിടേക്ക് ഒരു പറ്റം ചിത്രശലഭങ്ങള്‍ പറന്നു വരുന്നു. അനാദിയായ ചിരിയില്‍ തന്റെ വരകള്‍ക്ക് മേല്‍ നളിനി വീണ്ടും മുഖം അമര്‍ത്തുന്നു.
ഏതു പ്രതിസന്ധിയേയും പൊട്ടിച്ചിരികൊണ്ട് നേരിടുന്ന ദലൈലാമയും അഭയാര്‍ത്ഥി സുന്ദരിയായ പേമയും യാഥാര്‍ത്ഥ്യത്തിലേക്ക് ഒരിക്കലെങ്കിലും കണ്ണു തുറക്കാത്ത ന്യൂസ് എഡിറ്റര്‍ ജോസഫ് പിന്‍ഹീറോയും പണത്തിന്റെ വഴികള്‍ മാത്രം മുന്നിലുള്ള തപന്‍ഘോഷും നിരന്തരം ദുരന്തങ്ങളിലൂടെ കടന്നുപോന്ന് മാനവരാശിയുടെ മുഴുവന്‍ ദുരിതങ്ങളും ഏറ്റെടുക്കാനുള്ള ശേഷി ആര്‍ജ്ജിച്ച കിഷന്‍ ചന്ദും ഉള്‍പ്പെട്ട കഥാപാത്ര വൈവിദ്ധ്യം നോവലിന് നല്‍കുന്നത് ഒരു ആഗോള വായനാപരിസരമാകുന്നു. 

സണ്ടേ മംഗളം 11.05.2014