Sunday, December 22, 2013

രാഷ്ട്രീയത്തില്‍ നേതാക്കളില്ല, ഉള്ളത് അഭിനേതാക്കള്‍: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.

പെരുമ്പാവൂര്‍ : സമകാലിക രാഷ്ട്രീയത്തില്‍ നേതാക്കളില്ലെന്നും ഉള്ളത് അഭിനേതാക്കള്‍ മാത്രമാണമെന്നും പ്രശസ്ത ചെറുകഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.

സഹജീവികളുടേയും ചുറ്റുപാടുകളുടേയും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നവരാകണം രാഷ്ട്രീയ പ്രവര്‍ത്തകര്‍. എന്നാല്‍ കോര്‍പ്പറേറ്റുകളുടെ ബിനാമികളായി രാഷ്ട്രീയ പ്രവര്‍ത്തകരും എഴുത്തുകാരും വരെ തരം താണിരിക്കുന്നുവെന്നും ശിഹാബുദ്ദീന്‍ ചൂണ്ടിക്കാട്ടി. സുരേഷ് കീഴില്ലത്തിന്റെ ആകാശത്തേയ്ക്കുള്ള ദൂരം എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവകഥാകൃത്ത് എം.എ ബൈജു ആദ്യ പ്രതി ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനവും സാഹിത്യ സംഗമവും സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിച്ചു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, ജില്ലാ പഞ്ചായത്തുമെമ്പര്‍ ചിന്നമ്മ വറുഗീസ്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുഞ്ഞ്, പി.ആര്‍ ശിവന്‍ സ്മാരക പഠനകേന്ദ്രം പ്രസിഡന്റ് അഡ്വ. എന്‍.സി മോഹനന്‍, പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍, ഫാസ് സെക്രട്ടറി സന്തോഷ് ഗോപാലകൃഷ്ണന്‍, മാനവദീപ്തി പ്രസിഡന്റ് വറുഗീസ് പുല്ലുവഴി, പ്രസ് ക്ലബ് സെക്രട്ടറി എന്‍.കെ മുഹമ്മദ് കുഞ്ഞ്, കെ.ജെ.യു യൂണിറ്റ് പ്രസിഡന്റ് രതീഷ് പുതുശ്ശേരി, കീഴില്ലം ഗ്രാമോദ്ധാരണ വായനശാല സെക്രട്ടറി പി.ടി ജ്യോതിഷ് കുമാര്‍, അക്ഷരശ്ലോക സമിതി സെക്രട്ടറി കെ ഗോപിനാഥ്, സുരേഷ് കീഴില്ലം തുടങ്ങിയവര്‍ സംസാരിച്ചു. 
രാവിലെ നടന്ന കാവ്യസുപ്രഭാതം ഡോ. ജെ.കെ എസ് വീട്ടൂര്‍ ഉദ്ഘാടനം ചെയ്തു.സന്തോഷ് കോടനാട്, വേലായുധന്‍ വടവുകോട്, കാരുകുളം ശിവശങ്കരന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ജിതേഷ് വേങ്ങൂര്‍, നിഷാ മോഹന്‍, സജി കോടനാട് എന്നിവര്‍ കവിതകള്‍ അവതിരിപ്പിച്ചു. തുടര്‍ന്ന് നടന്ന കഥാവേള പ്രശസ്ത ചെറുകഥാകൃത്ത് മനോജ് ജാതവേദര് ഉദ്ഘാടനം ചെയ്തു. കടാതി ഷാജി, ജോസഫ് ഓടയ്ക്കാലി, ബാബു ഇരുമല, രാജേന്ദ്രന്‍ പി.പി, രായമംഗലം ജയകൃഷ്ണന്‍. പി.സി റോക്കി, പോള്‍ ആത്തുങ്കല്‍, വിജയകുമാര്‍ കളരിക്കല്‍ തുടങ്ങിയവര്‍ കഥകള്‍ അവതരിപ്പിച്ചു.

Tuesday, September 17, 2013

സത്യന്‍ താന്നിപ്പുഴയുടെ പുസ്തക പ്രകാശനം

സത്യന്‍ താന്നിപ്പുഴയുടെ മുത്തശ്ശിയും ഉണ്ണിയപ്പവും 

എന്ന പുസ്തകം ബാലസാഹിത്യകാരന്‍ ഷാജി മാലിപ്പാറ,
 കാലടി എസ്.മുരളീധരന് നല്‍കി പ്രകാശനം ചെയ്യുന്നു. 
കോടനാട് സര്‍ഗ്ഗവേദി പ്രസിഡന്റ് ജിതേഷ് വേങ്ങൂര്‍, 
ആശാന്‍ സ്മാരക സാഹിത്യവേദി ട്രഷറര്‍ എം സുകുമാരന്‍,
 പ്രസിഡന്റ് ഡോ.കെ.എ ഭാസ്‌കരന്‍, സത്യന്‍ താന്നിപ്പുഴ,
 യുവകഥാകൃത്ത് പി.എസ് ദേവദത്ത്, സുരേഷ് കീഴില്ലം, 
ആശാന്‍ സ്മാരക സാഹിത്യ വേദി വൈസ് പ്രസിഡന്റ് 
എം.എം ഓമനക്കുട്ടന്‍ തുടങ്ങിയവരേയും കാണാം.

ആശാന്‍ സ്മാരക സാഹിത്യവേദിയുടെ പ്രതിമാസ പരിപടിയില്‍ (1.09.2013) ഇത്തവണ പ്രകാശനം ചെയ്തത് ശ്രീ.സത്യന്‍ താന്നിപ്പുഴയുടെ മുത്തശ്ശിയും ഉണ്ണിയപ്പവും എന്ന പുസ്തകമാണ്. മിഷന്‍ മാസികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയിരുന്ന പ്രശസ്ത ബാലസാഹിത്യകാരന്‍ ഷാജി മാലിപ്പാറയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. കാലടിയിലെ ബുധ സംഗമം എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ സംഘാടകനും കുറുപ്പംപടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ ലൈബ്രേറിയനുമായ കാലടി എസ് മുരളീധരന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.
പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സിലെ ജീവനക്കാരനായിരുന്ന സത്യന്‍ താന്നിപ്പുഴ സാഹിത്യലോകത്തേയ്ക്ക് വരുന്നത് ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ്. ഇപ്പോള്‍ നന്നായി അറിയപ്പെടുന്ന ബാലസാഹിത്യകാരനാണ്. നാല്‍പതോളം പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. 
സത്യന്‍ താന്നിപ്പുഴയുമായി എനിയ്ക്കുള്ളത് വര്‍ഷങ്ങളുടെ ബന്ധമാണ്. അതുകൊണ്ടു തന്നെ, അദ്ദേഹത്തിന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന വേദിയില്‍ ഉള്‍പ്പെടാനും അതിന്റെ സംഘാടകനാകാനും കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.
മറ്റൊരു സന്തോഷം, പുസ്തക പ്രകാശനത്തിന് എത്തിയ ഷാജി മാലിപ്പാറയുമായി കാണാന്‍ ഏകദേശം ഇരുപതോളം വര്‍ഷങ്ങള്‍ക്ക് ശേഷം അവസരം ലഭിച്ചതിലാണ്. മൂവാറ്റുപുഴ നിര്‍മ്മല സ്‌കൂളില്‍ മിഷന്‍ മാസിക കുട്ടികള്‍ക്കായി നടത്തിയ ഒരു സാഹിത്യ ക്യാമ്പില്‍ ഒരു കേവല നിരീക്ഷകനായിട്ടാണ് അന്നു ഞാന്‍ എത്തിയത്. എന്നെ തിരിച്ചറിഞ്ഞ ഷാജി, കുട്ടികളോട് കഥകളെ പറ്റി സംസാരിയ്ക്കണം എന്നാവശ്യപ്പെട്ടു. എന്തൊക്കെയോ പറഞ്ഞു. പിരിഞ്ഞു.
പിന്നീട് ഷാജി മാലിപ്പാറയെ കാണുന്നത് ഈ ചടങ്ങിലാണ്. ഇതിനോടകം ഷാജി മാലിപ്പാറയുടെ മുപ്പത്തിയഞ്ചോളം പുസ്തകങ്ങള്‍ പുറത്തിറങ്ങി. തേവര യു.പി സ്‌കൂളില്‍ അദ്ധ്യാപകനായി. ടി.വി/റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലും സജീവമായി. 
ഏതുനിലയ്ക്കും ഈ പ്രകാശന ചടങ്ങും ഒരു നല്ല ഓര്‍മ്മ. 

Sunday, September 8, 2013

അധസ്ഥിത ജീവിതത്തിന്റെ അടയാളങ്ങള്‍

അമ്മ മഴ നനഞ്ഞ്‌ നില്‍ക്കുകയാണ്‌
കഥകള്‍
കടാതി ഷാജി
പ്രസാധനം: പ്രിന്റ്‌ ഹൗസ്‌ മതിലകം
വില: 50 രൂപ



സുരേഷ്‌ കീഴില്ലം




`മറക്കാന്‍ കഴിയാത്ത സംഭവങ്ങളാണ്‌ ഓരോ ജീവിതത്തേയും സമ്പന്നമാക്കുന്നത്‌. `കടാതി ഷാജിയുടെ ചത്തവന്റെ വസ്‌ത്രങ്ങള്‍ എന്ന കഥ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. 
പത്രാധിപര്‍ നിരന്തരം ആവശ്യപ്പെടുന്നത്‌ മനസ്സിലെന്നും പൂത്തും തളിര്‍ത്തും നില്‍ക്കുന്ന ഒരു സംഭവത്തെ പറ്റി പറയാനാണ്‌. അത്‌ കഥയാകാം, ലേഖനമാകാം, വെറുതെ പറയുന്ന രീതിയുമാകാം. അതുകൊണ്ട്‌ ചത്തവന്റെ വസ്‌ത്രങ്ങള്‍ മൂന്നു രീതിയിലും വായിക്കാം എന്ന്‌ കഥ തുടരുന്നു.
അമ്മ മഴ നനഞ്ഞു നില്‍ക്കുകയാണ്‌ എന്ന കഥാസമാഹാരത്തിലൂടെ കടന്നു പോകുമ്പോള്‍, കടാതി ഷാജിയുടെ ഓരോ കഥകള്‍ക്കും ഇത്‌ ബാധകമായിതോന്നി. അനുഭവങ്ങള്‍ക്കാണ്‌ പ്രാധാന്യം. ആഖ്യാനത്തിനല്ല.
ജീവിതം കൂട്ടിമുട്ടിയ്‌ക്കാന്‍ പാടുപെടുന്ന ഒരു അമ്മയും അവരെ നന്നായി മനസ്സിലാക്കുന്ന, അതേസമയം അങ്ങേയറ്റം നിസ്സഹായനായ, കീറിത്തുടങ്ങിയ നിക്കറിട്ട കൗമാരപ്രായക്കാരനും ഓരോകഥകളിലും ആവര്‍ത്തിയ്‌ക്കുന്നു. പെരുംമഴയും ഓലമേഞ്ഞ, ചാണകം മെഴുകിയ തറയുള്ള ചെറിയ വീടുമാണ്‌ പശ്ചാത്തലം. ഈ കഥകള്‍ ചേര്‍ത്തു വായിയ്‌ക്കുമ്പോഴാകട്ടെ, കേരളത്തിലെ ഒരു കാലഘട്ടത്തിലെ അധസ്ഥിത വിഭാഗങ്ങളുടെ നേര്‍ചരിത്രം നമുക്ക്‌ ലഭിയ്‌ക്കുകയും ചെയ്യുന്നു.
കടാതി ഷാജിയുടെ കഥകള്‍ തീര്‍ച്ചയായും പുതിയ എഴുത്തന്വേഷണങ്ങളില്‍ വിജയം കാണുന്നുണ്ടെന്ന്‌ പറയാനാവില്ല. പക്ഷെ, ഓരോ രചനയുടേയു സത്യസന്ധത വായനക്കാരനെ പിടിച്ചു നിര്‍ത്തുക തന്നെ ചെയ്യുന്നു. കുന്നിന്‍ പുറത്തെ മണ്‍കുടിലില്‍ മലത്തിന്റേയും മൂത്രത്തിന്റെയും ദുര്‍ഗന്ധത്തില്‍ ജീവന്‍ മാത്രം ശേഷിയ്‌ക്കുന്ന പങ്കിയമ്മനും എപ്പോഴും ഇടനെഞ്ചിലൊരു തേങ്ങലുമായി ജീവിതത്തോട്‌ പടവെട്ടുന്ന കുട്ടി വേലത്തിയും അവരുടെ വള്ളി നിക്കറിട്ട മകനുമൊക്കെ അവഗണിയ്‌ക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളാണ്‌.
വിവാഹദിനത്തില്‍ വിരുന്നുകാരുടെ എച്ചില്‍ ഇലയെടുക്കാനും ഉയര്‍ന്ന സമുദായക്കാര്‍ മരിയ്‌ക്കുമ്പോള്‍ ചത്തലക്കിന്‌ ചെല്ലാനും പ്രസവിച്ച പെണ്ണിനേയും അവരുടെ കുഞ്ഞിനേയും കുളിപ്പിയ്‌ക്കാനുമൊക്കെ വിധിയ്‌ക്കപ്പെട്ട ഒരു സമുദായം. പ്രതിഫലം പലപ്പോഴും കുത്താത്ത നെല്ലാണ്‌. അത്‌ അടുത്ത കടയില്‍ കൊടുത്താണ്‌ മണ്ണെണ്ണയും സോപ്പും അത്യാവശ്യം തുണിയുമൊക്കെ വാങ്ങുന്നത്‌. ഈ കഥകള്‍ അടയാളപ്പെടുത്തുന്നത്‌ ഒരു കാലഘട്ടത്തെ തന്നെ.
അമ്മക്കെന്നും മഴയുടെ മണമായിരുന്നുവെന്ന്‌ കഥാകൃത്ത്‌. ആകെയുള്ള പത്തു കഥകളില്‍ എട്ടെണ്ണവും ആഴത്തിലുള്ള അമ്മയനുഭവങ്ങള്‍ കൂടിയാണ്‌. അതോടൊപ്പം അവയെല്ലാം തീര്‍ത്തും അധസ്ഥിതരായിരുന്ന ഒരു സമുദായം നേരിട്ട ദുരനുഭവത്തിന്റെ സാക്ഷ്യങ്ങളുമാണ്‌. ഇവയില്‍ നിന്ന്‌ വഴി മാറി സഞ്ചരിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്ന ഒരു ലാസ്‌്‌റ്റ്‌ ഗ്രേഡ്‌ ദുരന്തം, കോളറ തുടങ്ങിയ കഥകള്‍ കേവല പരീക്ഷണങ്ങളായി, കഥാനുഭവം സമ്മാനിയ്‌ക്കാനാകാതെ ഒടുങ്ങുകയും ചെയ്യുന്നു.

സണ്ടേ മംഗളം 8 09 2013 

Monday, September 2, 2013

ഡോ.എസ്.കെ വസന്തനൊപ്പം

ഡോ.എസ്.കെ വസന്തന്‍. ഡോ.കെ.എന്‍ ഉണ്ണികൃഷ്ന്‍,
സുരേഷ് കീഴില്ലം, പി.ആര്‍ ഹരികുമാര്‍, നഗരസഭ
കൗണ്‍സിലര്‍മാരായ പോള്‍ പാത്തിയ്ക്കല്‍, എന്‍.എ ലുക്മാന്‍,
പി.എസ് രഘു എന്നിവരേയും കാണാം
ഡോ.എസ്.കെ വസന്തനൊപ്പം വേദി പങ്കിടാന്‍ ഒരു അവസരം. 
മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി വാസുദേവന്‍ നായരുടെ എണ്‍പതാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറിയും വായനക്കൂട്ടവും ചേര്‍ന്ന് സംഘടിപ്പിച്ച ചര്‍ച്ചാ സായാഹ്നമായിരുന്നു വേദി. (21.08.2013)
എം.ടിയുടെ എഴുത്തിനെ പറ്റിയും ജീവിതത്തെ പറ്റിയും ജ്ഞാനത്തെ പറ്റിയും വസന്തന്‍ സാറിന്റെ അനര്‍ഗളവും സരസവുമായ പ്രഭാഷണം. 
ആ നിമിഷം ഓര്‍ത്തത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാമ്പസ് അനുഭവത്തെ പറ്റിയാണ്. 
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല.
എന്റെ ബിരുദാനന്തര ബിരുദ പഠന കാലം.
അന്നവിടെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലുള്ളത് പ്രൊഫ.എം.അച്യുതന്‍, ഡോ.എം ലീലാവതി, പ്രൊഫ.പി മീരാക്കുട്ടി, ഡോ.എസ്.കെ വസന്തന്‍ തുടങ്ങിയ തലമുതിര്‍ന്ന എഴുത്തുകാര്‍...
മലയാളം വിദ്യാര്‍ത്ഥിയല്ലാത്ത എനിയ്ക്ക് ഇവരൊക്കെയായി ക്ലാസുമുറിയ്ക്ക് പുറത്തെ പരിചയം മാത്രം...
അതും കഴിഞ്ഞാണ് കേരള സാഹിത്യ അക്കാദമി ഒരു സാഹിത്യകാര ഡയറക്ടറി പുറത്തിറക്കുന്നത്. അതില്‍ എന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഡയറക്ടറിയുടെ ചുമതല വസന്തന്‍ സാറിനായിരുന്നുവെന്ന് പിന്നീട് അറിഞ്ഞു.
ഇപ്പോള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം വസന്തന്‍ സാറുമൊത്ത് ഒരു വേദിയില്‍...
എം.ടിയുടെ തിരക്കഥകളെ മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ച തുടങ്ങി  വയ്ക്കുകയായിരുന്നു എന്റെ ചുമതല. വളരെ ആവേശത്തോടെ നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു.


Thursday, August 29, 2013

രായമംഗലം ജയകൃഷ്ണന്റെ ഹൃസ്വചിത്രം : ഡിവിഡി പ്രകാശനം ചെയ്തു

 മുഖത്തു തുപ്പരുത് എന്ന ഹൃസ്വചിത്രത്തിന്റെ ഡി.വി.ഡി പ്രകാശനം
പുകവലിയ്‌ക്കെതിരെ രായമംഗലം ജയകൃഷ്ണന്‍ തയ്യാറാക്കിയ മുഖത്തു തുപ്പരുത് എന്ന ഹൃസ്വചിത്രത്തിന്റെ ഡി.വി.ഡി പ്രകാശനം കേരള  ലളിത കലാ അക്കാദമി സെക്രട്ടറിയും പ്രശസ്ത നാടകകൃത്തുമായ ശ്രീമൂലനഗരം മോഹന്‍ പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാമിന് നല്‍കി പ്രകാശനം ചെയ്യുന്നു.
രായമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ മുരളീധരന്‍, അഡ്വ.ഗോകുലം മുരളി, മുരുകന്‍ അകനാട്, പെരുമ്പാവൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ബി രഘുകുമാര്‍, ഡോ.പി.കെ ഷാജി, നിര്‍മ്മാതാവ് വിനോദ്, രായമംഗലം ജയകൃഷ്ണന്‍, സുരേഷ് കീഴില്ലം എന്നിവരെ കാണാം. 
വേനല്‍ മുക്കൂറ്റികള്‍, പ്രാരാബ്ധം എന്നി രണ്ടു നോവലുകളുടെ രചയിതാവാണ് രായമംഗലം ജയകൃഷ്ണന്‍.

Monday, August 26, 2013

മലയാള ഭാഷാദിനാചരണ പരിപാടി


ഭാരതീയ വിചാരകേന്ദ്രം പെരുമ്പാവൂര്‍ വ്യാപാരഭവനില്‍

 സംഘടിപ്പിച്ച മലയാള ഭാഷാദിനാചരണ പരിപാടി 
സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അംഗം
 ഇ.വി നാരായണന്‍, ഡോ.കൈപ്പള്ളി കേശവന്‍ നമ്പൂതിരി, 
എന്‍ കൃഷ്ണന്‍ കര്‍ത്ത, സുരേഷ് കീഴില്ലം 
തുടങ്ങിയവരെ കാണാം
ഭാരതീയ വിചാരകേന്ദ്രം പെരുമ്പാവൂര്‍ വ്യാപാരഭവനില്‍ ചിങ്ങം ഒന്നിന് (2013 ഓഗസ്റ്റ് 17) സംഘടിപ്പിച്ച മലയാള ഭാഷാദിനാചരണ പരിപാടി. സാജുപോള്‍ എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്. ഡോ.കൈപ്പള്ളി കേശവന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അംഗം ഇ.വി നാരായണന്‍, എന്‍ കൃഷ്ണന്‍ കര്‍ത്ത, സുരേഷ് കീഴില്ലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ മലയാളം കലണ്ടര്‍ എം.എല്‍.എ പ്രകാശനം ചെയ്തു.

Sunday, August 25, 2013

കടാതി ഷാജിയുടെ ആദ്യ പുസ്തകം

പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ.കെ.എന്‍ ഉണ്ണികൃഷ്ണന്‍ 

കടാതി ഷാജിയുടെ
 പ്രഥമ കഥാസമാഹാരം അമ്മ മഴ നനഞ്ഞു നില്‍ക്കുകയാണ് 
പെരുമ്പാവൂര്‍ ആശാന്‍ സ്മാരക സാഹിത്യവേദി പ്രസിഡന്റ്
 ഡോ.കെ.എ ഭാസ്‌കരന് നല്‍കി പ്രകാശനം ചെയ്യുന്നു. 
സുരേഷ് കീഴില്ലം, ഡോ.കൈപ്പിള്ളി കേശവന്‍ നമ്പൂതിരി, 
കടാതി ഷാജി,വേലായുധന്‍ വടവുകോട്, 
സത്യന്‍ താന്നിപ്പുഴ എന്നിവരേയും കാണാം.
കടാതി ഷാജിയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തത് പെരുമ്പാവൂര്‍ ആശാന്‍ സ്മാരക സാഹിത്യവേദിയുടെ പ്രതിമാസ പരിപാടിയിലാണ്. 2013 ഓഗസ്റ്റ് നാലിന് എസ്.എന്‍.ഡി.പി ഹാളില്‍ പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറിയും നിരൂപകനുമായ ഡോ.കെ.എന്‍ ഉണ്ണികൃഷ്ണന്‍ സാഹിത്യവേദി പ്രസിഡന്റ് ഡോ.കെ.എ ഭാസ്‌കരന് നല്‍കി പ്രകാശനം ചെയ്തു.
ഡോ.കൈപ്പിള്ളി കേശവന്‍ നമ്പൂതിരി, വര്‍ണ്ണിഭ പത്രാധിപര്‍ വേലായുധന്‍ വടവുകോട്, ബാലസാഹിത്യകാരന്‍ സത്യന്‍ താന്നിപ്പുഴ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കഥാസമാഹാരം: അമ്മ മഴ നനഞ്ഞു നില്‍ക്കുകയാണ്. തൃശൂര്‍ മതിലകം പ്രിന്റ് ഹൗസാണ് പ്രസാധകര്‍. 

Tuesday, May 28, 2013

ലോകം ചുറ്റിയെത്തുന്ന ഓര്‍മ്മക്കഥകള്‍


ചില നാട്ടുകാര്യങ്ങള്‍
മുരളി തുമ്മാരുകുടി
പ്രസാധകര്‍: കറന്റ് ബുക്‌സ്, കോട്ടയം
വില: 140/-





വെങ്ങോലയെന്ന ചെറുഗ്രാമത്തില്‍ കാലുറപ്പിച്ച് നിന്ന് ലോകരാജ്യങ്ങളിലേയ്ക്ക് ചിറകുവിരിയ്ക്കുന്ന വിസ്മയക്കാഴ്ചയാണ് മുരളി തുമ്മാരുകുടിയുടെ എഴുത്ത്. 
ചരിത്രവും സംസ്‌കാരവും സാഹിത്യവും സാങ്കേതിക വിജ്ഞാനവും സ്പര്‍ശിച്ച് അത് നമുക്ക് നല്‍കുന്ന സാര്‍വ്വ ലൗകിക ദര്‍ശനം തികച്ചും വേറിട്ടതുമാണ്. 
പുളുവില്‍ നിന്നും കഥയിലേയ്ക്ക് എന്നാണ് അവതാരക പ്രഭാപിള്ള (പ്രശസ്ത സാഹിത്യകാരന്‍ എം.പി നാരായണ പിളളയുടെ ഭാര്യ) പുസ്തകത്തെ പരിചയപ്പെടുത്തുന്നത്. പല ലേഖനങ്ങളിലും ഇത് പുളുവല്ലെന്ന് മുരളി തുമ്മാരുകുടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. കാരണം, സാധാരണ ഗതിയില്‍ വിശ്വസിയ്ക്കാന്‍ പ്രയാസമുള്ള വിഷയങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. 
പാല്‍ കടയില്‍ വില്‍ക്കുകയും ചെത്തിയിറക്കുന്ന നല്ല നാടന്‍കള്ള് മക്കള്‍ക്ക് നല്‍കുകയും ചെയ്യുന്ന  അമ്മയെ പറ്റിയും മഷി നോക്കി പശുമോഷ്ടാവിനെ കണ്ടെത്തുന്ന ബാലനെ പറ്റിയും ബ്രിട്ടീഷ്‌കാരനായ ക്രിസ്ബാറി ഫ്രീസറില്‍ സൂക്ഷിച്ച മൂര്‍ഖന്‍ പാമ്പിനെ പറ്റിയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചരമദിനമായ ആഗസ്റ്റ് 18-ന് മാത്രം തുറക്കുന്ന ജപ്പാനിലെ റിങ്കോജി ക്ഷേത്രത്തെ പറ്റിയും ചൈനയിലേയും തായ്‌ലെന്റിലേയും കടുവാ കൃഷി പറ്റിയും ഒക്കെ പറയുമ്പോള്‍ അത് പുളുവല്ലെന്ന് ആര്‍ക്കാണ് തോന്നാത്തത്. എന്നാല്‍, നമ്മുടെ ചെറിയ വട്ടത്തിന് പുറത്തുള്ള അത്ഭുതക്കാഴ്ചകള്‍ ലോകസഞ്ചാരിയായ മുരളി തുമ്മാരുകുടി 37 കുറിപ്പുകളിലൂടെ സമ്മാനിയ്ക്കുകയാണ്.
കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ റാങ്കും കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി ഐക്യരാഷ്ട്ര സംഘടനാ പരിസ്ഥിതി പരിപാടിയുടെ ദുരന്ത ലഘൂകരണ വിഭാഗത്തിന്റെ ചുമതല വഹിയ്ക്കുന്ന ഡോ.തുമ്മാരുകുടിയുടെ ചരിത്രബോധമാണ് ഈ പുസ്തകത്തെ വേറിട്ടതാക്കുന്നത്. ചരിത്രം പഠിച്ചാല്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭിയ്ക്കുമായിരുന്നെങ്കില്‍ താന്‍ എഞ്ചിനീയറിങ്ങിനോ ഐ.ഐ.ടിയിലോ ചേരില്ലായിരുന്നുവെന്ന് ഇദ്ദേഹം തുറന്നു പറയുന്നുണ്ട്. 
ലോകരാജ്യങ്ങളില്‍ സോഫ്റ്റ് വ്യഭിചാരമായി മാറിയ മസാജിന്റെ ചരിത്രം, തേയിലയുടേയും ചൈനയിലെ ടീ സെറിമണിയുടേയും ചരിത്രം,  മണലാരണ്യമായ സൗദി അറേബ്യയിലെ വിജയകരമായ ഗോതമ്പു കൃഷിയുടെ ചരിത്രം, കൊല്ലവര്‍ഷം 1115 -ല്‍ പൂര്‍ത്തിയായ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന്റെ ചരിത്രം, കറുത്തപൊന്നായ കുരുമുളകിന്റെ ചരിത്രം എന്നിങ്ങനെ സ്ട്രീക്കിങ്ങിന്റെ  (പൂര്‍ണ്ണ നഗ്നരാരായി തെരുവുകളിലൂടെയുള്ള ഓട്ടം) വരെ ചരിത്രം നമുക്കിതില്‍ വായിയ്ക്കാം. അങ്ങനെ പഴയകാല അറിവുകളിലേയ്ക്കുള്ള വലിയ വാതായനമായി ഈ ചെറിയ പുസ്തകം മാറുന്നു.
അതീവ ഗൗരവമായ കാര്യങ്ങള്‍ പോലും നര്‍മ്മ രസത്തോടെ അവതരിപ്പിയ്ക്കുന്നതിനാല്‍ പുസ്തകം കയ്യിലെടുക്കുന്നവര്‍ക്ക് വായനതീരാതെ താഴെ വയ്ക്കാനാവില്ല. ആഖ്യാനത്തിലെ സ്വയം വിമര്‍ശനവും യുക്തിഭദ്രതയും എടുത്തുപറയണം. സ്വയം വിമര്‍ശനവും ഹാസ്യവും പാകത്തില്‍ ചേര്‍ത്താണ് മുരളിയുടെ രചന എന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ആമുഖക്കുറിപ്പിലെ സാക്ഷ്യം.
നേര്‍യുക്തികളില്‍ നിന്ന് തകിടം മറിഞ്ഞ് വിപരീതയുക്തികളിലൂടെ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് ആഘാതപൂര്‍വ്വം വായനക്കാരനെ വീഴ്ത്തുന്ന എം.പി നാരായണപിള്ളയുടെ രചനാകൗശലം ഈ കുറിപ്പുകള്‍ നമ്മെ ചിലപ്പോഴെങ്കിലും ഓര്‍മ്മപ്പെടുത്തും. നാരായണപിള്ളയുടെ ഭാര്യ പ്രഭാപ്പിള്ള അവതാരകയായി വരുമ്പോള്‍, ഈ സാദൃശ്യം യാദൃശ്ചികമല്ലെന്നും നാരായണപിള്ള അത്രയേറെ തുമ്മാരുകുടിയെ  സ്വാധീനിച്ചിട്ടുണ്ടെന്നും എഴുത്തുകാരന്‍ തുറന്നുസമ്മതിയ്ക്കുന്നതായി നമുക്ക് വിലയിരുത്താം.
എന്തായാലും മലയാളിയുടെ ലോകബോധം പതുക്കിപ്പണിയുന്നതില്‍ മുരളി തുമ്മാരുകുടി നല്‍കുന്ന സംഭാവന തീര്‍ച്ചയായും ചെറുതല്ല. അതിനാല്‍ത്തന്നെ, അനായസ വായനയ്ക്ക് മാത്രമല്ല  വായനമുറിയിലെ സൂക്ഷിപ്പുപുസ്തകമായും പരിഗണിയ്ക്കാവുന്നതാണ് ചില നാട്ടുകാര്യങ്ങള്‍. 

  സണ്‍ഡേ മംഗളം 26.05.2013                                                             

Sunday, April 28, 2013

ആശാന്‍ സ്‌മാരക സാഹിത്യവേദി

കവി എന്‍ കെ ദേശത്തോടൊപ്പം 

ഇന്ന്‌ പെരുമ്പാവൂര്‍ ആശാന്‍ സ്‌മാരക സാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്‌ഘാടനമായിരുന്നു. കവി എന്‍.കെ ദേശമായിരുന്നു മുഖ്യ അതിഥി.

1973-ല്‍ പ്രശസ്‌ത നോവലിസ്‌റ്റ്‌ ഉറൂബ്‌ ഉദ്‌ഘാടനം ചെയ്‌ത സാഹിത്യ സംഘടനയാണ്‌ ആശാന്‍ സ്‌മാരക സാഹിത്യവേദി.. തകഴി ശിവശങ്കരപ്പിള്ള, എസ്‌.കെ പൊറ്റക്കാട്‌, ചെറുകാട്‌ തുടങ്ങിയ മഹാരഥന്‍മാര്‍ പെരുമ്പാവൂരില്‍ വന്നത്‌ സാഹിത്യവേദിയുടെ ലേബലിലാണ്‌. പ്രശസ്‌ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ആദ്യമായി പൊതുവേദിയില്‍ കവിത അവതരിപ്പിച്ചത്‌ ഈ വേദിയിലാണെന്ന്‌ കഴിഞ്ഞ ദിവസം മുന്‍ സാഹിത്യ അക്കാദമി സെക്രട്ടറിയും കഥാകൃത്തുമായ പായിപ്ര രാധാകൃഷ്‌ണന്‍ സാര്‍ എന്നോടു പറയുകയുണ്ടായി.
പ്രശസ്‌ത നോവലിസ്‌റ്റ്‌ എസ്‌.കെ മാരാര്‍ സാര്‍ ആയിരുന്നു ദീര്‍ഘകാലം സാഹിത്യവേദിയുടെ പ്രസിഡന്റ്‌. മുളക്കുളം പരമേശ്വരന്‍ സെക്രട്ടറി. ആ സുവര്‍ണ്ണകാലത്തിന്റെ സമാപന കാലം തൊട്ട്‌ എനിയ്‌ക്കും സാഹിത്യവേദിയുമായി ബന്ധമുണ്ട്‌. ഇന്ന്‌ ആ രണ്ടുപേരും ഇല്ല.
പിന്നീട്‌ മലയാറ്റൂര്‍ സുരേന്ദ്രനും ഡോ.കെ.എ ഭാസ്‌കരനും വേദിയുടെ അദ്ധ്യക്ഷ സ്ഥാനത്തു വന്നു. ഇപ്പോള്‍ കേരള ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായ ഇ.വി നാരായണന്‍ മാസ്‌റ്റര്‍ സെക്രട്ടറിയായി.
പിന്നീട്‌, പല കാരണങ്ങള്‍കൊണ്ട്‌ സാഹിത്യ വേദി തളര്‍ന്നു. ആ ഘട്ടത്തിലാണ്‌, ഈ സംഘടനയേക്കാള്‍ പ്രായം കുറഞ്ഞ ഞാന്‍ ഇതിന്റെ സെക്രട്ടറിയാകുന്നത്‌.
ഒത്തിരി സന്തോഷം തോന്നുന്നുണ്ട്‌ ഇപ്പോള്‍.
ഒരുപാട്‌ ചരിത്രമുള്ള സാഹിത്യവേദിയ്‌ക്ക്‌ അതിലേറെ സാദ്ധ്യതകളുളള ഒരു ഭാവികാലമുണ്ടെന്ന സൂചനകളാണ്‌ ഇന്ന്‌ ലഭിച്ചത്‌. ക്ഷണപ്രകാരവും അല്ലാതെയും ചടങ്ങില്‍ പങ്ക്‌ കൊള്ളാനെത്തിയ പ്രൗഡമായ സദസ്സാണ്‌ അതില്‍ പ്രധാനം. അക്ഷരങ്ങളെ സ്‌നേഹയ്‌ക്കുന്ന, സാഹിത്യമേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണ്‌ എത്തിയവരൊക്കെയും. 
സാഹിത്യവേദിയുടെ വരുംകാലത്തേയ്‌ക്ക്‌ അവര്‍ നല്‍കിയ സഹകരണ വാഗ്‌ദാനങ്ങളാണ്‌ മറ്റൊന്ന്‌. സര്‍ഗ്ഗാത്മകമായ, തുടര്‍ച്ചയായ ഒത്തുചേരലുകള്‍ക്ക്‌ സാഹിത്യവേദി ഇടമാകണമെന്നതില്‍ ആര്‍ക്കും രണ്ട്‌ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ല.
സമീപ പ്രദേശങ്ങളിലെ സാഹിത്യ കൂട്ടായ്‌മകളായ ബുധസംഗമം (കാലടി), സുവര്‍ണരേഖ (കോതമംഗലം), സാഹിതീസംഗമം (മൂവാറ്റുപുഴ) സര്‍ഗ്ഗവേദി (കോടനാട്‌) തുടങ്ങിയവരൊക്കെ പിന്തുണ പ്രഖ്യാപിച്ചു.
അതുകൊണ്ടൊക്കെ തന്നെ തുടര്‍ച്ചയായ പരിപാടികളുമായി ആശാന്‍ സ്‌മാരക സാഹിത്യവേദി മികച്ച പ്രവര്‍ത്തനം കാഴ്‌ച വയ്‌ക്കുമെന്നു തന്നെയാണ്‌ വിശ്വാസം.