Sunday, October 21, 2012

സ്വാഗതം, നളന്ദയിലേയ്ക്ക്..


പി.കെ നരേന്ദ്രദേവിനൊപ്പം

ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പി.കെ നരേന്ദ്രദേവിനെ കണ്ടു. അത്ഭുതം കലര്‍ന്ന ആദരവ് തോന്നിയിട്ടുള്ള ഒരു സൗഹൃദം.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ സഹോദരി സജിതയുടെ സുഹൃത്തിന് വേണ്ടിയാണ് പി.കെ എന്ന് എല്ലാവരും വിളിയ്ക്കുന്ന നരേന്ദ്രദേവിനെ തേടിപ്പോയത്. ബാലപ്രസിദ്ധീകരണങ്ങളെ പറ്റി ഗവേഷണം ചെയ്യുന്ന പട്ടാമ്പി സ്വദേശിനിയായ സ്മിതയ്ക്ക് ചില പഴയ ബാലപ്രസിദ്ധീകരണങ്ങള്‍ വേണ്ടിയിരുന്നു. അതിന് സമീപിയ്ക്കാവുന്ന ഏറ്റവും നല്ല വ്യക്തി എന്ന നിലയ്ക്കാണ് ഞങ്ങള്‍ തിരുമാറാടിയിലുള്ള നളന്ദ എന്ന പി.കെ യുടെ വീട്ടില്‍ എത്തിയത്. മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള പഴയതും പുതിയതുമായ പ്രസിദ്ധീകരണങ്ങള്‍ ഒരു നിയോഗം കണക്കെ സൂക്ഷിച്ചുവയ്ക്കുന്ന മഹാമനുഷ്യനാണ് ഇദ്ദേഹം.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ നിന്ന് വിരമിച്ച പി.കെ 1997-ല്‍ സ്വന്തം നാട്ടില്‍ ഒരു  സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. സാഹിത്യ നിരൂപകരായ പ്രൊഫ. എം തോമസ് മാത്യു, പ്രൊഫ.വി.എം വിനയകുമാര്‍, കഥാകൃത്തുക്കളായ വൈശാഖന്‍, ജോര്‍ജ് ജോസഫ് കെ തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്ത ക്യാമ്പില്‍ ഞാനും ഒരു അംഗമായിരുന്നു.
അങ്ങനെയാണ് പി.കെ നരേന്ദ്രദേവ് എന്ന മനുഷ്യനുമായുള്ള 
എന്റെ സൗഹൃദത്തിന്റെ തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെ അമൂല്യമായ മാസിക ശേഖരം പലവട്ടം കണ്ടു. അത് പലവട്ടം ഉപയോഗിച്ചു.
അതിനിടയിലാണ് ഈ അപൂര്‍വ്വ ശേഖരത്തില്‍ നിന്ന് പി.കെ കവികള്‍ എഴുതിയ കഥകള്‍ കണ്ടെടുക്കുന്നത്. ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമൊക്കെ എഴുതിയ അപൂര്‍വ്വങ്ങളായ കഥകള്‍ -കവികള്‍ എഴുതിയ കഥകള്‍ എന്ന പേരില്‍ പുറത്തു വന്നു.
പിന്നീട് എപ്പോഴോ മാധ്യമം വാരാദ്യപതിപ്പില്‍ ഞാന്‍ പി.കെ യെ പറ്റി എഴുതി. കവികള്‍ എഴുതിയ കഥകളെ പറ്റി എവിടെയോ ഒരു പുസ്തകക്കുറിപ്പും എഴുതി.
പി.കെ തന്റെ മാസികാ ശേഖരത്തിനൊപ്പം 
പിന്നെ, എഴുത്തും വായനയുമില്ലാതെ പോയ നീണ്ട കുറേ വര്‍ഷങ്ങള്‍. അതിനിടയില്‍ പി.കെ പലവട്ടം എന്നെ തേടിയെത്തി. എഴുതാന്‍ നിര്‍ബന്ധിച്ചു. ഒടുവില്‍, മെല്ലെമെല്ലെ ആ ബന്ധം അകന്നു.
നാളുകള്‍ക്ക് ശേഷം ഇന്ന്‌ വീണ്ടും അദ്ദേഹത്തെ കാണുകയായിരുന്നു. അതിനിടയില്‍ ഒരു ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിയ്ക്കുന്നു. വാര്‍ദ്ധക്യം അല്പം കൂടി അദ്ദേഹത്തെ വിവശനാക്കിയിട്ടുണ്ട്.
പക്ഷെ, അദ്ദേഹത്തിന്റെ ഹൃദയപൂര്‍വ്വമുള്ള ആതിഥേയത്വം. ചിരി. സ്‌നേഹം...എല്ലാം അതേപടി...
എന്നാല്‍ പി.കെയുടെ മാസികാശേഖരം  വീണ്ടും വളര്‍ന്നിരിയ്ക്കുന്നു. അദ്ദേഹത്തിന്റെ ഒരു കവിതാ സമാഹാരവും ഓര്‍മ്മക്കുറിപ്പുകളും പുറത്തിറങ്ങുകയും ചെയ്തിരിയ്ക്കുന്നു.
28-ന് പട്ടാമ്പിയില്‍ നടക്കുന്ന മാസികാ പ്രദര്‍ശനത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. വാര്‍ദ്ധക്യത്തിനോ രോഗത്തിനോ തളര്‍ത്താന്‍ കഴിയാത്ത ഉത്സാഹമാണ് ഈ മനുഷ്യന്റെ ഏറ്റവും വലിയ ആകര്‍ഷണം.
മഞ്ജു, സജിത, സ്മിത എന്നി ഗവേഷക വിദ്യാര്‍ത്ഥിനികള്‍ 

പി.കെ നരേന്ദ്രദേവിനൊപ്പം 
നളന്ദയിലെ മാസികാ ശേഖരത്തില്‍ നിന്ന് സ്മിത ഒരിക്കലും കാണാത്ത, പ്രതീഷിയ്ക്കാത്ത ബാലപ്രസിദ്ധീകരണങ്ങള്‍ കണ്ടെടുത്ത് അത്ഭുതം കൊണ്ടു. ഒപ്പമുള്ള തൃശൂര്‍ സ്വദേശിനി മഞ്ജു ആയുര്‍വേദത്തിലാണ് ഗവേഷണം എന്നറിഞ്ഞപ്പോള്‍ അദ്ദേഹം എടുത്തു കൊടുത്തത് അതുമായി ബന്ധപ്പെട്ട ഒരു താളിയോല ഗ്രന്ഥം.
വീണ്ടും പലവട്ടം വരേണ്ടി വരും ഈ അക്ഷര സമുദ്രം നീന്തിക്കടക്കാന്‍ എന്ന തിരിച്ചറിവില്‍ ഞങ്ങള്‍ എഴുന്നേറ്റു.
മടങ്ങാന്‍ നേരം അദ്ദേഹം പറഞ്ഞു.
ഇവിടേയ്ക്ക് എപ്പോള്‍ വേണമെങ്കിലും വരാം, അക്ഷരങ്ങളെ സ്‌നേഹിയ്ക്കുന്നവര്‍ക്ക്...