Friday, October 2, 2015

അധസ്ഥിത ജീവിതം അടയാളപ്പെടുത്തുന്ന കഥകള്‍

സുരേഷ് കീഴില്ലം


അമ്മ മഴ നനഞ്ഞ് നില്‍ക്കുകയാണ്
കഥകള്‍ 
കടാതി ഷാജി
പ്രസാധനം: പ്രിന്റ് ഹൗസ് മതിലകം
വില: 50 രൂപ



'മറക്കാന്‍ കഴിയാത്ത സംഭവങ്ങളാണ് ഓരോ ജീവിതത്തേയും സമ്പന്നമാക്കുന്നത്. 'കടാതി ഷാജിയുടെ ചത്തവന്റെ വസ്ത്രങ്ങള്‍ എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. 
പത്രാധിപര്‍ നിരന്തരം ആവശ്യപ്പെടുന്നത് മനസ്സിലെന്നും പൂത്തും തളിര്‍ത്തും നില്‍ക്കുന്ന ഒരു സംഭവത്തെ പറ്റി പറയാനാണ്. അത് കഥയാകാം, ലേഖനമാകാം, വെറുതെ പറയുന്ന രീതിയുമാകാം. അതുകൊണ്ട് ചത്തവന്റെ വസ്ത്രങ്ങള്‍ മൂന്നു രീതിയിലും വായിക്കാം എന്ന് കഥ തുടരുന്നു.
അമ്മ മഴ നനഞ്ഞു നില്‍ക്കുകയാണ് എന്ന കഥാസമാഹാരത്തിലൂടെ കടന്നു പോകുമ്പോള്‍, കടാതി ഷാജിയുടെ ഓരോ കഥകള്‍ക്കും ഇത് ബാധകമായിതോന്നി. അനുഭവങ്ങള്‍ക്കാണ് പ്രാധാന്യം. ആഖ്യാനത്തിനല്ല.
ജീവിതം കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുന്ന ഒരു അമ്മയും അവരെ നന്നായി മനസ്സിലാക്കുന്ന, അതേസമയം അങ്ങേയറ്റം നിസ്സഹായനായ, കീറിത്തുടങ്ങിയ നിക്കറിട്ട കൗമാരപ്രായക്കാരനും ഓരോകഥകളിലും ആവര്‍ത്തിയ്ക്കുന്നു. പെരുംമഴയും ഓലമേഞ്ഞ, ചാണകം മെഴുകിയ തറയുള്ള ചെറിയ വീടുമാണ് പശ്ചാത്തലം. ഈ കഥകള്‍ ചേര്‍ത്തു വായിയ്ക്കുമ്പോഴാകട്ടെ, കേരളത്തിലെ ഒരു കാലഘട്ടത്തിലെ അധസ്ഥിത വിഭാഗങ്ങളുടെ നേര്‍ചരിത്രം നമുക്ക് ലഭിയ്ക്കുകയും ചെയ്യുന്നു.
കടാതി ഷാജിയുടെ കഥകള്‍ തീര്‍ച്ചയായും പുതിയ എഴുത്തന്വേഷണങ്ങളില്‍ വിജയം കാണുന്നുണ്ടെന്ന് പറയാനാവില്ല. പക്ഷെ, ഓരോ രചനയുടേയു സത്യസന്ധത വായനക്കാരനെ പിടിച്ചു നിര്‍ത്തുക തന്നെ ചെയ്യുന്നു. കുന്നിന്‍ പുറത്തെ മണ്‍കുടിലില്‍ മലത്തിന്റേയും മൂത്രത്തിന്റെയും ദുര്‍ഗന്ധത്തില്‍ ജീവന്‍ മാത്രം ശേഷിയ്ക്കുന്ന പങ്കിയമ്മനും എപ്പോഴും ഇടനെഞ്ചിലൊരു തേങ്ങലുമായി ജീവിതത്തോട് പടവെട്ടുന്ന കുട്ടി വേലത്തിയും അവരുടെ വള്ളി നിക്കറിട്ട മകനുമൊക്കെ അവഗണിയ്ക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളാണ്.
വിവാഹദിനത്തില്‍ വിരുന്നുകാരുടെ എച്ചില്‍ ഇലയെടുക്കാനും ഉയര്‍ന്ന സമുദായക്കാര്‍ മരിയ്ക്കുമ്പോള്‍ ചത്തലക്കിന് ചെല്ലാനും പ്രസവിച്ച പെണ്ണിനേയും അവരുടെ കുഞ്ഞിനേയും കുളിപ്പിയ്ക്കാനുമൊക്കെ വിധിയ്ക്കപ്പെട്ട ഒരു സമുദായം. പ്രതിഫലം പലപ്പോഴും കുത്താത്ത നെല്ലാണ്. അത് അടുത്ത കടയില്‍ കൊടുത്താണ് മണ്ണെണ്ണയും സോപ്പും അത്യാവശ്യം തുണിയുമൊക്കെ വാങ്ങുന്നത്. ഈ കഥകള്‍ അടയാളപ്പെടുത്തുന്നത് ഒരു കാലഘട്ടത്തെ തന്നെ.
അമ്മക്കെന്നും മഴയുടെ മണമായിരുന്നുവെന്ന് കഥാകൃത്ത്. ആകെയുള്ള പത്തു കഥകളില്‍ എട്ടെണ്ണവും ആഴത്തിലുള്ള അമ്മയനുഭവങ്ങള്‍ കൂടിയാണ്. അതോടൊപ്പം അവയെല്ലാം തീര്‍ത്തും അധസ്ഥിതരായിരുന്ന ഒരു സമുദായം നേരിട്ട ദുരനുഭവത്തിന്റെ സാക്ഷ്യങ്ങളുമാണ്. ഇവയില്‍ നിന്ന് വഴി മാറി സഞ്ചരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഒരു ലാസ്റ്റ് ഗ്രേഡ് ദുരന്തം, കോളറ തുടങ്ങിയ കഥകള്‍ കേവല പരീക്ഷണങ്ങളായി, കഥാനുഭവം സമ്മാനിയ്ക്കാനാകാതെ ഒടുങ്ങുകയും ചെയ്യുന്നു.

സണ്ടേ മംഗളം 2013