Saturday, October 16, 2010

അക്ഷരനിയോഗം

ഇന്ന്‌ വിദ്യാരംഭം
കേരളത്തില്‍ വിദ്യാരംഭം കൊണ്ടാടുന്നതില്‍ പ്രശസ്തമായ,
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന
പനച്ചിക്കാട്‌ സരസ്വതിക്ഷേത്രത്തെപറ്റിയും
അവിടെ അക്ഷരം പുതുതലമുറയ്ക്ക്‌ കൈമാറുന്നത്‌ നിയോഗമായി
ഏറ്റെടുക്കുന്ന ബ്രാഹ്മണ കുടുംബത്തെ പറ്റിയും
ഗണപതായേ നമ:
കുരുന്നു നാവുകളില്‍ തീര്‍ത്ഥം തളിച്ച്‌ ശുദ്ധി വരുത്തിയ സ്വര്‍ണ മോതിരം കൊണ്ട്‌ എഴുതുന്ന ആദ്യാക്ഷരി. ഇനിയിത്‌ വെറും നാവല്ല.
മ്യദുവായ, അതേ സമയം ഖനഗംഭീരമായ ശബ്ദത്തില്‍ യുവാവായ പുരോഹിതന്‍ പറയുന്നു.
അക്ഷരങ്ങളുള്ള നാവാണ്‌.
അറിവിണ്റ്റെ അഗ്നിസ്പര്‍ശത്തില്‍ കുതറിക്കരയുന്ന പിഞ്ചോമനകളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന അച്ഛനമ്മമാരോട്‌ അനുഗ്രഹം തുടിക്കുന്ന നേര്‍ത്ത ശബ്ദത്തില്‍ അദ്ദേഹം പറയുന്നു .
നന്നായി വരും.
ഹ്യദയത്തിലും നാവിലും സാരസ്വതത്തിണ്റ്റെ നിറവുള്ള ഈ യുവ പുരോഹിതണ്റ്റെ പേര്‍ ശ്രീജിത്ത്‌. കൊല്ലൂരുനിന്നു ദേവി മൂകാംബികയെ മലയാളത്തിലേക്ക്‌ ആനയിച്ച ദാമോദരന്‍ നമ്പൂതിരിയുടെ പതിന്നാലാം തലമുറയിലെ ആണ്‍ തരി.
എണ്റ്റെ പ്രൊഫഷന്‍ ആനിമേഷനാണ്‌
ശ്രീജിത്ത്‌ പറയുന്നു.
ഇവിടെ അച്ഛനു വയ്യാതായപ്പോള്‍, കരിയര്‍ ഉപേക്ഷിച്ച്‌ ഇങ്ങോട്ട്‌ പോന്നു.
ദക്ഷിണ മൂകാംബിക.
ജില്ലയിലെ പനച്ചിക്കാട്‌ സരസ്വതി ക്ഷേത്രം.
ആയിരക്കണക്കിന്‌ കുഞ്ഞുങ്ങള്‍ക്ക്‌ അക്ഷര മന്ത്രം അനുഗ്രഹിച്ചു നല്‍കുന്ന വിദ്യാസങ്കേതം. വരാതിരിക്കാനായില്ല...........
കുലീനമായ ഒരു മന്ദഹാസത്തോടെ ശ്രീജിത്ത്‌ പറയുന്നു.
എണ്റ്റെ ജന്‍മനിയോഗം
സരസ്വതി മണ്ഡപത്തില്‍ ചമ്രംപടിയിട്ട്‌ നിവര്‍ന്നിരുന്ന്‌ ശ്രീജിത്ത്‌ ആ അക്ഷര നിയോഗത്തിണ്റ്റെ കഥ പറഞ്ഞു. പനച്ചിക്കാട്‌ പ്രധാനമായും മൂന്ന്‌ ബ്രാഹ്മണ കുടുംബങ്ങളാണ്‌ ഉള്ളത്‌.
കിഴുപ്പുറം കരിനാട്‌ കൈമൂക്ക്‌
അതില്‍ കിഴുപ്പുറം ഇല്ലത്ത്‌ ദാമോദരന്‍ നമ്പൂതിരിക്ക്‌ സന്താനഭാഗ്യമുണ്ടായില്ല. പ്രായം ചെന്നതോടെ നമ്പൂതിരിയുടെ മനോദുഖവുമേറി. തന്നോടോപ്പം കുടുംബം ക്ഷയിക്കുന്നതിണ്റ്റെ വിഷമം ഒരു വശത്ത്‌. മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ ആണ്‍മക്കളില്ലാത്തതിനാല്‍ മോക്ഷം കിട്ടാതെ അലഞ്ഞു തിരിയേണ്ടി വരുമെന്നതിണ്റ്റെ ബുദ്ധിമുട്ട്‌ മറുവശത്ത്‌.
ഒടുവില്‍ നമ്പൂതിരി ഇല്ലവും നാടും ഉപേക്ഷിച്ച്‌, അപുത്രസ്യ കുതോ മുക്തി: എന്നു വിചാരിച്ച്‌ ഗംഗാസ്നാനത്തിന്‌ കാശിയിലേക്ക്‌ പോകാന്‍ തീരുമാനിച്ചു.
മോക്ഷ ലബ്ദ്ധിക്കിനി അതേയുള്ളുവഴി.
എന്നാല്‍ യാത്രയ്ക്കിടയില്‍ കൊല്ലൂറ്‍ മൂകാംബിക സന്നിധിയില്‍ എത്തിയ നമ്പൂതിരിയ്ക്ക്‌ അവിടം വിട്ടുപോകാനായില്ല. മോക്ഷത്തെ പറ്റിയുള്ള ആകുലതകള്‍ വെടിഞ്ഞ്‌ ദേവി മൂകാംബികയെ ഉപാസിച്ച്‌ അദ്ദേഹം അവിടെ കഴിയാന്‍ തീരുമാനിച്ചു.
നാളുകള്‍ കടന്നുപോയി.
ഒരു ദിവസം ഉറക്കത്തില്‍ നമ്പൂതിരിയ്ക്ക്‌ ദേവിയുടെ സ്വപ്ന ദര്‍ശനമുണ്ടായി. അങ്ങിനി നാട്ടിലേയ്ക്ക്‌ മടങ്ങിക്കൊള്ളു എന്നായിരുന്നു അരുളപ്പാട്‌. കരിനാട്‌ ഇല്ലത്തെ അന്തര്‍ജനം ഗര്‍ഭിണിയാണെന്നും അതിലുണ്ടാവുന്ന ഇരട്ടക്കുട്ടികളില്‍ ഒരാളെ അങ്ങ്‌ എടുത്തു വളര്‍ത്തി കുടുംബംനിലനിര്‍ത്തണമെന്നും ദേവി നിര്‍ദ്ദേശിച്ചു. അതനുസരിച്ച്‌ ദാമോദരന്‍ നമ്പൂതിരി പനിച്ചിക്കാടേക്ക്‌ മടങ്ങി.
കടുംബ ക്ഷേത്രമായ പനച്ചിക്കാട്‌ വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനത്തിനു മുമ്പായി, കൊണ്ടു വന്ന ഓലക്കുട താഴെ വച്ച്‌ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങി. തിരിച്ച്‌ കുടയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ അത്ഭുതം. കുടയെടുക്കാനാവുന്നില്ല.
പരിഭ്രമിച്ചു. ഈ സമയം അതിതേജ്വസിയായ ഒരാള്‍ കുളത്തിലെത്തി. അദ്ദേഹം പറഞ്ഞു
താങ്കള്‍ ഉപാസിച്ച ദേവി മൂകാംബിക താങ്കള്‍ക്കൊപ്പം വന്നിരിയ്ക്കുന്നു. ദേവി ഇവിടെ ഇരിപ്പിടം കണ്ടെത്തിയിരിക്കുകയാണ്‌. സാധാരണ വിഗ്രഹത്തില്‍ ദേവിയെ കുടിയിരുത്താനാവില്ലെന്നും ഋഷിമാര്‍ ആരാധിച്ചുപോന്ന ഒരു വിഗ്രഹം കുളത്തിനു പടിഞ്ഞാറു ഭാഗത്തുള്ള മലയുടെ മുകളില്‍ അല്‍പം തെക്കുമാറി കാടിനു നടുവിലുണ്ടെന്നും ആഗതന്‍ അറിയിച്ചു. പക്ഷേ ആ വിഗ്രഹം പനച്ചിക്കാട്‌ യക്ഷിയുടെ സംരക്ഷണയിലാണ്‌. യക്ഷിയെ പ്രീതിപ്പെടുത്തി വേണം വിഗ്രഹം എടുക്കാനെന്നും വന്നയാള്‍ ഉപദേശിച്ചു.
ഉപദേശപ്രകാരം നമ്പൂതിരി നടത്തിയ പ്രതിഷ്ഠയാണ്‌ പനച്ചിക്കാടുള്ളത്‌. ഒപ്പം ദേശസംരക്ഷണത്തിനായി യക്ഷിയുടെ പ്രതിഷ്ഠയും നിര്‍വ്വഹിച്ചു.
പക്ഷെ, ഇവിടത്തെ സരസ്വതി പ്രതിഷ്ഠ നമുക്കൊരിക്കലും കാണാനാവില്ല. പടര്‍ന്ന കാട്ടുവള്ളികള്‍ക്കുള്ളില്‍ എവിടെയോ ആണ്‌ അത്‌. ശക്തമായ ആ ചൈതന്യം ഏതൊരാള്‍ക്കും താങ്ങാവുന്നതിനുമപ്പുറമാണെന്നാണ്‌ സങ്കല്‍പം. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ പ്രതിഷ്ഠയ്ക്ക്‌ എതില്‍ വശത്തായി സ്ഥാപിച്ച അര്‍ച്ചനാ ബിംബമാണ്‌ ഭക്തജനങ്ങള്‍ കാണുന്നത്‌.
അറിവ്‌ എപ്പോഴും അജ്ഞാനം കൊണ്ട്‌ മൂടിക്കിടക്കുമെന്നും അത്‌ അകകണ്ണുകൊണ്ട്‌ തെളിയിച്ചെടുക്കുകയാണ്‌ വേണ്ടതെന്നും ശ്രീജിത്‌ നമുക്ക്‌ വിശദീകരിച്ചു തരുന്നു.
കൊല്ലവര്‍ഷം ആറാം ശതാബ്ദത്തിലെപ്പോഴോ ആണ്‌ ഇവിടെ പ്രതിഷ്ഠ നടന്നതായി കരുതപ്പെടുന്നത്‌. കാര്‍ത്തിക തിരുന്നാള്‍ രാജാവ്‌ ഇവിടെ താമസിച്ച്‌ ഭജനമിരുന്നതായും പഴമക്കാരുടെ വാമൊഴികളില്‍ നിന്നറിയാം. നവരാത്രിയുള്‍പ്പടെ പന്ത്രണ്ടു ദിനം മൂന്നുകൊല്ലം തുടര്‍ച്ചയായി ഭജിച്ചാല്‍ സര്‍വ്വാഭീഷ്ട സിദ്ധിയെന്നാണ്‌ സങ്കല്‍പം. പക്ഷെ, അത്‌ നൂറില്‍ ഒരാള്‍ക്കുപോലും കഴിയാറില്ല. കുട്ടികളാണെങ്കില്‍ പനിയോ മറ്റോ വന്ന്‌ ദേഹശുദ്ധിവരുത്താനാകാതെ വന്ന്‌ ഭജനം മുടങ്ങും. മുതിര്‍ന്ന പുരുഷന്‍മാര്‍ക്കാവട്ടെ, ഉറക്കത്തില്‍ സര്‍വ്വാംഗസുന്ദരിയായ ഒരു സ്ത്രീയുടെ സ്വപ്നദര്‍ശനമുണ്ടായി ദേഹശുദ്ധി നഷ്ടപ്പെടും. പനച്ചിക്കാട്‌ യക്ഷിയാണ്‌ ഇവ്വിധം ഭജനം തടസ്സപ്പെടുത്തുന്നതെന്നാണ്‌ സങ്കല്‍പം. അതിനാല്‍ യക്ഷിയ്ക്ക്‌ വറനിവേദ്യം നല്‍കിയ ശേഷമാണ്‌ സാധാരണ ഭജനം തുടങ്ങുകയെന്ന്‌ ഐതീഹ്യമാലയില്‍ പറയുന്നു. വിഘ്നങ്ങള്‍ മറികടന്ന്‌ ഭജനം പൂര്‍ത്തീകരിയ്ക്കാന്‍ അസാമാന്യ മനോബലം വേണം. ഇങ്ങനെ ചെയ്യുന്നവര്‍ സംഗീതസാഹിത്യകലകളില്‍ അതി പ്രശസ്തരായി മാറുന്നതായാണ്‌ അനുഭവമെന്നും ഐതീഹ്യമാലയിലുണ്ട്‌.
ആധുനികമായ നിരവധി സൌകര്യങ്ങള്‍ ഒരുക്കുമ്പോഴും കൈമോശപ്പെടാതെ കാക്കുന്ന ബ്രഹത്തായ ജൈവസങ്കേതമാണ്‌ പനച്ചിക്കാടിണ്റ്റെ മറ്റൊരാകര്‍ഷണം. കാട്ടുവള്ളികള്‍ പടര്‍ന്ന യക്ഷി സങ്കേതവും ഒരിക്കലും വെള്ളം വറ്റാത്ത തീര്‍ത്ഥകുളവും മനസ്സുകളില്‍ നന്‍മയുടെ നിറവാകുന്നു.
മറ്റു ക്ഷേത്രങ്ങളില്‍ അഭിഷേക ജലം തീര്‍ത്ഥമായി നല്‍കുമ്പോള്‍ പനച്ചിക്കാട്‌ ഭഗവതിയുടെ പാദസ്പര്‍ശമുള്ള നിലയ്ക്കാത്ത ഉറവയാണ്‌ തീര്‍ത്ഥം.
ഇത്‌ ഒരു തുള്ളിയെങ്കിലും ഹ്യദയത്തില്‍ വീണാല്‍ ശേഷിക്കുന്ന ജീവിതം ധന്യം.
പിന്നെ അവിടെ ഒരേയൊരു മന്ത്രം.
ഓം സം സരസ്വതൈ നമ:
(സണ്‍ഡേ മംഗളം 2010 ഒക്ടോബര്‍ 16 ഞായറാഴ്ച).