
പ്രഥമ പുസ്തകത്തിണ്റ്റെ അച്ചടി മഷിയുണങ്ങും മുമ്പ് മരണം തട്ടിയെടുത്ത പെരുമ്പാവൂരിലെ പ്രശസ്ത കഥാകൃത്ത് കെ എം ജോഷിയെ കുറിച്ച്
നിര്‍ത്താതെ ചിലമ്പുന്ന സെല്‍ഫോണ്‍.
സമയം പാതിരാപിന്നിട്ട ഏതോ നേരമാണ്. ഉറക്കച്ചടവോടെ ഫോണെടുത്ത് ചെവിയില്‍ വച്ചു.
സുരേഷ് നമ്മുടെ ജോഷി മരിച്ചുപോയി....
ഏതുജോഷി ?
മംഗളത്തില്‍ വര്‍ക്കു ചെയ്യുന്ന സുരേഷല്ലെ ... ?
അതെ.. ഇനിയിപ്പോള്‍ ഏന്തായാലും വാര്‍ത്ത കൊടുക്കാനാവില്ല.
ഉറക്കത്തിണ്റ്റെ കെട്ടുവിടാതെ ഞാന്‍ പറഞ്ഞു.
വാര്‍ത്തയ്ക്കല്ല. ഞാന്‍ അറിയിച്ചുവെന്നേയൊള്ളൂ. എന്നെ മന്നസ്സിലായില്ലെ...ഞാന്‍ ശശി ചേട്ടനാണ് ലാവണ്യ ശശി.
ഒരു നിമിഷംഎണ്റ്റെ ഉറക്കത്തിണ്റ്റെ കെട്ടുപൊട്ടി.
ഓ ശശി ചേട്ടന്. തൊട്ടുമുമ്പൊരു ദിവസം കഥാകൃത്ത് കെ.എം. ജോഷിയുടെ മുറിയില്‍ വച്ചു പരിചയപ്പെട്ട ശശിചേട്ടന്. അപ്പോള്‍ ഏതു ജോഷിയുടെ കാര്യമാണ്.. ?
നമ്മുടെ ജോഷിയെ.. കഥകളെഴുതുന്ന.. നെഞ്ചുവേദന വന്നതും ലക്ഷ്മിയില്‍ അഡ്മിറ്റാക്കിയതും ശശിചേട്ടന് വിശദമായി പറഞ്ഞു.
എന്നാല്‍ അപ്രതീക്ഷിതമായ ആ വാര്‍ത്തയ്ക്ക് പിന്നാലെ വന്ന മുഴുവന്‍ അനുബന്ധങ്ങളും എന്നെ സംബന്ധിച്ച് അപ്രസക്തമായി.
തലേദിവസം കൂടി കണ്ടുമിണ്ടിപ്പിരിഞ്ഞുപോയ ഒരാള്‍. എപ്പോള്‍ കണ്ടാലും എഴുത്തിനെപ്പറ്റിയും വായനയെപ്പറ്റിയും മാത്രം പറയാറുള്ള ഒരു സൌഹൃദം. അതാണ് പൊലിഞ്ഞുപോയിരിക്കുന്നത്.
ആശാന് സ്മാരക സാഹിത്യവേദിയുടെ ഒരു കഥയരങ്ങില്‍ വച്ചാണ് കെ.എം. ജോഷിയെന്ന കഥാകൃത്തിനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്. പശ്ചിമ കൊച്ചിയുടെ ഭാഷയും ചുററുവട്ടങ്ങളും ആവാഹിച്ചെടുത്ത ഒരു കഥ അവതരിപ്പിച്ച ഈ എഴുത്തുകാരനെ അന്നുതന്നെ ഞങ്ങളില്‍ ചിലര്‍ നോട്ടം വച്ചു. കഥാകൃത്ത് മനോജ് വെങ്ങോലയും മാധ്യമം ലേഖകന്‍ അലി കരക്കുന്നനും ഉള്‍പ്പെടുന്ന ഞങ്ങളുടെ സൌഹൃദ വലയത്തിലേക്ക് കെ.എം ജോഷിയും അംഗമായി.
ഔഷധി കവലയിലൂടെ എപ്പോള്‍ കടന്നു പോകുമ്പോഴും ജോഷിചേട്ടന്‍ മാനേജരായ ഹോണ്ട ഷോറൂം എണ്റ്റെ സന്ദര്‍ശന കേന്ദ്രമായി. എപ്പോള്‍ ചെല്ലുമ്പോഴും ആ മനുഷ്യന് വായനയുടേയോ എഴുത്തിണ്റ്റേയോ ലോകത്തായിരിക്കും. ഏറ്റവും പുതിയ ആനുകാലികങ്ങളും പുസ്തകങ്ങളും മേശപ്പുറത്ത് സുലഭം.
പിന്നീട് ഔഷധി കവലയിലേക്ക് എണ്റ്റെ ഓഫീസ് മാറിയതോടെ ഞങ്ങള്‍ എന്നും കാണാന്‍ തുടങ്ങി. ഒന്നുകില്‍ ജോഷി ചേട്ടന് എന്നെ തേടി വരും. അല്ലെങ്കില്‍ ഞാന്‍ അവിടെ ചെല്ലും. സംസാരം കഥകളെ പറ്റി മാത്രം. മുനിസിപ്പല്‍ കൌണ്‍സിലറായ ഭാര്യ മിനി ജോഷിയ്ക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാനുള്ള മുന്‍ധാരണ ലംഘിയ്ക്കപ്പെട്ടതിനെ കുറിച്ച്, പത്രക്കാരനെന്ന നിലയില്‍ ഞാന്‍ എന്തെങ്കിലും ചോര്‍ത്താന്‍ ശ്രമിക്കുമ്പോഴും ജോഷി ചേട്ടണ്റ്റെ സംസാരം കഥകളിലേക്ക് വഴിമാറുന്നത് എന്നെ അത്ഭുതപ്പെടുത്താറുണ്ട്.
അധികാരമോ പണമോ ഒരിക്കല്‍ പോലും തീണ്ടാത്ത ഒരു മനസ്സായിരുന്നു കെ.എം. ജോഷിയെന്ന മനുഷ്യണ്റ്റെ മൂലധനം. അക്ഷരങ്ങള്‍ നക്ഷത്രങ്ങളായി അവിടെയെപ്പോഴും പ്രകാശിച്ചു നിന്നു.
സാഹിത്യ പ്രസാധക സഹകരണ സംഘം തണ്റ്റെ കഥാസമാഹാരം പുറത്തിറക്കുന്നതിലുള്ള സന്തോഷത്തിലായിരുന്നു ഈ എഴുത്തുകാരന്. പ്രൂഫ് നോട്ടം പൂര്‍ത്തിയായത്, അച്ചടികഴിഞ്ഞത് എല്ലാം അപ്പപ്പോള്‍ അറിയിച്ചുകൊണ്ടിരുന്നു. പുസ്തക പ്രകാശനം തിരുവനന്തപുരത്തായിരിക്കുമെന്നും തീയതി അടുത്തുതന്നെ അറിയാനാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗോണു എന്നായിരുന്നു സമാഹാരത്തിണ്റ്റെ പേര്. ഗോണു ഒരു ചുഴലിക്കാറ്റിണ്റ്റെ പേരാണ്. ഗോണുവിണ്റ്റെ അച്ചടി മഷിയുണങ്ങും മുമ്പ് കഥാകാരന് നമ്മെ വിട്ടുപോയി. പക്ഷെ, വീശിത്തുടങ്ങിയ കാറ്റിനു നിലച്ചു പോകാനാകുമോ... അത് സഹൃദയ മനസ്സുകളില്‍ ഒടുങ്ങാത്ത കൊടുങ്കാറ്റായിരിയ്ക്കുമെന്ന് എനിയ്ക്കുറപ്പുണ്ട്
(ഫാസ് മാസിക, ഡിസംബര്‍ 2009 )