പുതിയ പോസ്റ്റുകള്‍ ചേര്‍ക്കുമ്പോള്‍ അറിയിക്കാം. താഴെ നിങ്ങളുടെ ഇമെയില്‍ വിലാസം കൊടുക്കുക.

Thursday, October 6, 2011

വെറും മഴ; വെറും പുഴ

സുരേഷ്‌ കീഴില്ലം

ജനാലയ്ക്കു പുറത്തിപ്പോള്‍ മഴ പെയ്യുകയാണ്‌. 
മുറ്റത്തു പതിയ്ക്കുന്ന ഓരോ മഴനൂലുകളും ഓരോ രാജകിരീടങ്ങളായി മാറി ഒറ്റ നിമിഷാര്‍ദ്ധത്തില്‍ പൊലിഞ്ഞു തീരുന്നു. 
ഇന്ത്യന്‍ രാജാക്കന്‍മാരുടെ കിരീടങ്ങളല്ല. ദമയന്തി ടീച്ചര്‍ ഓര്‍ത്തു. 
പണ്ടെന്നോ കേട്ട നേഴ്സറി കഥയിലെ, ദുര്‍മന്ത്രവാദിനിയുടെ കയ്യില്‍പ്പെട്ട രാജകുമാരിയെ രക്ഷപ്പെടുത്തി കുതിരപ്പുറത്ത്‌ പാഞ്ഞുപോയ ആംഗലേയ രാജകുമാരണ്റ്റെ കിരീടങ്ങള്‍. 
ജനാലയ്ക്കപ്പുറം നൂറുനൂറായിരം രാജകുമാരന്‍മാര്‍. എല്ലാവരും രാജകുമാരിയെ തേടി... 
പക്ഷെ, ഇതിലേതാണ്‌ നളന്‍.. ?
നളന്‍ പക്ഷെ, ഇന്ത്യന്‍ രാജാവല്ലേ... ?ദമയന്തി ടീച്ചര്‍ക്ക്‌ ചിരിപൊട്ടി. 
എന്താണിത്ര ചിരിയ്ക്കാന്‍.. ?
ദമയന്തി ടീച്ചറുടെ തോളില്‍ കൈ വച്ച്‌ , തലയ്ക്കുമുകളിലൂടെ സുരേന്ദ്രക്കുറുപ്പ്‌ പുറത്തേയ്ക്ക്‌ നോക്കി. മഴയത്ത്‌ നനഞ്ഞ അയാളുടെ അരക്കെട്ട്‌ ടീച്ചറുടെ മുതുകില്‍ തണുത്തു. അവരുടെ നേര്‍ത്ത ചൂടിലേയ്ക്ക്‌ ഒന്നുകൂടി അമര്‍ന്നുകൊണ്ട്‌ അയാള്‍ പറഞ്ഞു. 
ഞാനൊന്നും കാണുന്നില്ല. വെറും മഴയല്ലാതെ... 
മഴയാണ്‌...ദമയന്തി ടീച്ചര്‍ പറഞ്ഞു. 
വെറും മഴ. 
എന്നിട്ടവര്‍ തലയുയര്‍ത്തി സുരേന്ദ്രക്കുറുപ്പിനെ നോക്കി. അവരയാളുടെ ബുള്‍ഗാന്‍ ഒരു കുന്തത്തലപ്പുപോലെ കൂര്‍ത്തുകണ്ടു. അതിനിടയിലെ ചിരിയില്‍ നിന്ന്‌ തുപ്പേല്‍ ചാറലും പുകയില മണവും തെറിയ്ക്കുന്നു. നാസാരന്ധ്രങ്ങള്‍ക്കകത്ത്‌ രോമക്കൂടിനകത്ത്‌ കുരുങ്ങിക്കിടക്കുന്ന ഒരു മൂക്കിട്ട. 
എല്ലാറ്റിനും പുറമെ തവിട്ടു നിറമുള്ള ആഭിചാരകലശങ്ങള്‍പോലെ അയാളുടെ കണ്ണുകള്‍ തന്നിലേയ്ക്ക്‌ പൊട്ടിവീഴാന്‍ വെമ്പി നില്‍ക്കുന്നത്‌ ദമയന്തി ടീച്ചര്‍ കണ്ടു. 
സുരേന്ദ്രക്കുറുപ്പിണ്റ്റേയും ജനലിണ്റ്റെയും ഇടയില്‍ക്കുടുങ്ങി ദമയന്തി ടീച്ചര്‍ ഇരുന്നു. 
നേഴ്സറിക്കഥയില്‍, ദുര്‍മന്ത്രവാദിയുടെ ഏഴുനില മാളികയ്ക്ക്‌ മുകളിലെ കിളിവാതിലില്‍ ഒറ്റ നക്ഷത്രം പോലെ ജ്വലിച്ചു നിന്ന രാജകുമാരിയുടെ മുഖം ടീച്ചര്‍ ഓര്‍ത്തു. അതിനു പിന്നില്‍ രാജകുമാരിയെ പ്രലോഭിപ്പിച്ചു കൊണ്ട്‌, ഭീഷണിപ്പെടുത്തികൊണ്ട്‌ ഒരു ദുര്‍മന്ത്രവാദിയുണ്ടായിരുന്നുവെന്നും...... 
ഇന്നും മാര്‍ക്കറ്റ്‌ കീഴോട്ടാണ്‌. നാനൂറ്റമ്പത്‌ രൂപയാണ്‌ ഒരൊറ്റ ദിവസംകൊണ്ട്‌.... 
സുരേന്ദ്രക്കുറുപ്പ്‌ ദമയന്തി ടീച്ചറില്‍ നിന്ന്‌ അടര്‍ന്നു മാറി കട്ടിലിലിരുന്നു.. 
ഇത്‌ മൂകാംബികയാണ്‌..... ടീച്ചര്‍ പറഞ്ഞു. 
അതിന്‌.. ?
ടീച്ചര്‍ മഴയിലേക്ക്‌ തന്നെ കണ്ണു നട്ടിരുന്നു. പിന്നെ സുരേന്ദ്രക്കുറുപ്പ്‌ ഒന്നും പറഞ്ഞില്ല. കൈയ്യിലുള്ള നനഞ്ഞ പത്രം നിവര്‍ത്തി കൊപ്ര വിലയുടെ വരുംവരായ്കയിലേക്ക്‌ തന്നെ അയാള്‍ മടങ്ങി. അതില്‍ അവജ്ഞകൊണ്ട്‌ ടീച്ചറും....
കുറച്ചു കഴിഞ്ഞപ്പോഴോ പത്രം അലസമായി കട്ടിലിലിട്ടു സുരേന്ദ്രക്കുറുപ്പ്‌ മുറിക്ക്‌ പുറത്തേയ്ക്കു പോയി. ജനാലയ്ക്കു പുറത്ത്‌, ഓര്‍മ്മകളുടെ പെരുംമഴയിലേക്ക്‌ കണ്ണുകള്‍ പായിച്ച്‌ ദമയന്തി ടീച്ചര്‍ അവിടെത്തന്നെ നിന്നു. 
ഒരേ ഡിപ്പാര്‍ട്ടുമെണ്റ്റില്‍ 22 വര്‍ഷക്കാലം..... 
സെണ്റ്റ്‌ ഓഫ്‌ ഫംഗ്ഷനില്‍ പ്രിന്‍സിപ്പാള്‍ തണ്റ്റെ മുഴങ്ങുന്ന ശബ്ദത്തില്‍ പറഞ്ഞു. അതു മാത്രമല്ല കൌതുകം. ഒരേ ദിവസമാണത്രേ ഇവര്‍ ജോയിന്‍ ചെയ്തത്‌. ദാ... ഇപ്പോഴവര്‍ ഒന്നിച്ചു തന്നെ ഈ പടിയിറങ്ങുന്നു. 
ഇതു കേള്‍ക്കുമ്പോള്‍ നേര്‍ത്ത കാറ്റു പോലെ, ഇരിയ്ക്കുന്ന കസാലയില്‍ നിന്ന്‌ താന്‍ അലിഞ്ഞില്ലാതായിപ്പോകുംപോലെ ദമയന്തി ടീച്ചര്‍ക്കനുഭവപ്പെട്ടിരുന്നു. 
ഇടതുവശത്ത്‌ വല്ലാത്തൊരു തലയെടുപ്പോടെ നിവര്‍ന്നിരിയ്ക്കുന്ന പ്രൊഫ. പീറ്റര്‍ സാമുവലിനെ ഇടംകണ്ണിട്ടൊന്നു കാണുവാന്‍ ടീച്ചര്‍ ഉത്ക്കടമായി അഭിലഷിച്ചുപോവുകയും ചെയ്തിരുന്നു. 
ദമയന്തി ടീച്ചര്‍ മുറിക്ക്‌ പുറത്തിറങ്ങി. ഇപ്പോള്‍ മഴ മാറിയിട്ടുണ്ട്‌. അന്തരീക്ഷം പൊടുന്നനെ പ്രസാദാത്മകമായിരിക്കുന്നു. മഴയില്‍ കുളിച്ച്‌ ശുദ്ധമായ വെയില്‍... 
നിരത്തിലൂടെ മുല്ലപ്പൂ മാലയുമായി ഒരു കൊച്ചു പെണ്‍കുട്ടി. 
രമേശിണ്റ്റെ കുട്ടിയ്ക്കിപ്പോള്‍ ഇവളുടെ പ്രായമായിരിക്കും.
മൂകാംബികക്ക്‌ പോകുന്ന വിവരം കാണിച്ച്‌ രമേഷിന്‌ കത്തെഴുതിയതിനു അവനെഴുതിയ മറുപടി ഓര്‍ത്തു.
ചാന്ദ്നിക്കിപ്പോള്‍ പരീക്ഷയല്ലേ... പരീക്ഷക്കാലത്താണോ തീര്‍ത്ഥാടനം... ?
വലിയ പരീക്ഷകളെ നേരിടുമ്പോഴല്ലാതെ മറ്റെപ്പോഴാണ്‌ നാം തീര്‍ത്ഥാടനത്തിന്‌ പാകപ്പെടുക എന്ന്‌ ദമയന്തി ടീച്ചര്‍ രമേഷിന്‌ മറുപടി എഴുതിയില്ല. തണ്റ്റെ മകനും അവണ്റ്റെ മകളുമൊന്നും തീര്‍ത്ഥാടനത്തിന്‌ പാകപ്പെട്ടിട്ടില്ലെന്ന്‌ മാത്രം ടീച്ചര്‍ സ്വയം നിശ്വസിച്ചു.. 
താനോ... ?
തലേന്ന്‌ വൈകിട്ട്‌ സരസ്വതി മണ്ഡപത്തിലിരുന്ന്‌ തന്നോടു സംസാരിച്ച വ്യദ്ധനെ ദമയന്തി ടീച്ചര്‍ ഓര്‍ത്തു. 
ആഴത്തില്‍ കുഴിഞ്ഞുപോയ കണ്ണുകളും നരച്ചതാടിയുംമുള്ള ഒരു മെലിഞ്ഞ മനുഷ്യന്‍. 
അദ്ദേഹത്തിണ്റ്റെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ ദൂരെയെവിടെയോ രണ്ടു സന്ധ്യാ ദീപങ്ങള്‍ കൊളുത്തി വച്ച പോലെയാണ്‌ ടീച്ചര്‍ക്ക്‌ തോന്നിയത്‌. 
ഇവിടെ നിന്ന്‌ എങ്ങനെയാണ്‌ കുടജാദ്രിയിലേക്ക്‌ പോവുക....? ദമയന്തി ടീച്ചര്‍ അദ്ദേഹത്തോട്‌ ചോദിച്ചു. 
അമ്മയുടെ മൂലസ്ഥാനമാണ്‌ കുടജാദ്രി.... അദ്ദേഹം പുഞ്ചിരിച്ചു. 
ആര്‍ക്കും എപ്പോഴും അങ്ങോട്ടു ചെല്ലാനാവില്ല..... 
തെല്ലിട മൌനം പൂണ്ടിരുന്നശേഷം അദ്ദേഹം തുടര്‍ന്നു. 
വഴിയന്വേഷിയ്ക്കണ്ട നിങ്ങള്‍. അമ്മയുടെ വിളിയുണ്ടാകും. അപ്പോഴല്ലാതെ... 
രാത്രി ബനിയനൂരിക്കൊണ്ട്‌ സുരേന്ദ്രക്കുറുപ്പ്‌ പറഞ്ഞു. 
ജീപ്പുകാര്‌ ചോദിക്കുന്നത്‌ തൊള്ളായിരം രൂപയാണ്‌. ഇപ്പോള്‍ സീസണല്ല. വേറാരുമില്ല അങ്ങോട്ടുപോകുവാന്‍. നമ്മള്‍ രണ്ടുപേരും ഇത്രയും പണം മുടക്കി.... 
കൊച്ചുകുട്ടികളെപ്പോലെ ശാഠ്യം പിടിക്കണമെന്നുണ്ടായിരുന്നു ദമയന്തി ടീച്ചര്‍ക്ക്‌. 
പക്ഷേ, ടീച്ചര്‍ക്കപ്പോള്‍ പ്രവചനത്തിണ്റ്റെ ശക്തിയുള്ള നിസ്സംഗമായ രണ്ടു കണ്ണുകള്‍ ഓര്‍മ്മവന്നു. അദ്ദേഹം പറഞ്ഞ വാക്കുകളും.. 
വഴിയന്വേഷിയ്ക്കേണ്ട നിങ്ങള്‍... 
വഴി മുഴുവന്‍ വഴുക്കലാണ്‌... അറപ്പോടെ സുരേന്ദ്രക്കുറുപ്പ്‌ തുടര്‍ന്നു. കാടു മുഴുവന്‍ അട്ടകളാണത്രേ... 
അയാള്‍ തണ്റ്റെ വലിയ വയറിനു മുകളില്‍ കൈകള്‍ കയറ്റി വച്ച്‌ ഉറങ്ങാന്‍ കിടക്കുകയും ചെയ്തു. ഇപ്പോള്‍ ടീച്ചര്‍ക്ക്‌ മുന്നില്‍ ഒരു പുഴ ഒഴുകുകയാണ്‌. 
സൌപര്‍ണ്ണിക. 
സൌപര്‍ണികയിലേക്ക്‌ ചാഞ്ഞു നിന്ന പച്ചത്തലപ്പുകള്‍ ഇപ്പോഴും പെയ്യുന്നുണ്ട്‌. രാജകിരീടമായി, കുഞ്ഞോളമായി ഓരോതുള്ളിയും... 
തണ്റ്റെ മുഴങ്ങുന്ന ശബ്ദത്തില്‍ പ്രൊഫ. പീറ്റര്‍ സാമുവല്‍ ഷേക്സ്പിയര്‍ കവിത പഠിപ്പിക്കുന്നത്‌ ദമയന്തി ടീച്ചര്‍ ഒരു നിമിഷം ഓര്‍ത്തുപോയി.
അതേ സമയം തന്നെ, കാല്‍ മുട്ടുകള്‍ക്കുമേല്‍ പാവാടകളും ഉടുമുണ്ടുകളും ഉയര്‍ത്തി, എഴുന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങളില്‍ ചിവിട്ടി മറുകര പറ്റുന്ന കുട്ടികളേയും സ്ത്രീകളേയും ടീച്ചര്‍ കണ്ടു. 
ദൈവമേ, സൌപര്‍ണ്ണിക ഒഴുകുന്നത്‌ എത്ര ശാന്തമായാണ്‌!

ചന്ദ്രിക ആഴ്ച പതിപ്പ്‌ 2001 ജൂലൈ

13 comments:

Lipi Ranju said...

"തന്റെ മകനും അവന്റെ മകളുമൊന്നും തീര്‍ത്ഥാടനത്തിന്‌ പാകപ്പെട്ടിട്ടില്ലെന്ന്‌ മാത്രം ടീച്ചര്‍ സ്വയം നിശ്വസിച്ചു..
താനോ... ?" കഥ ഇഷ്ടായി ...

മനോജ്‌ വെങ്ങോല said...

നല്ല കഥയാണ്.
ഇഷ്ടപ്പെട്ടു.
സുരേഷിന്‍റെ മുന്‍പ്‌ വായിക്കാത്ത കഥ.

സുരേഷ്‌ കീഴില്ലം said...

ലിപി രഞ്ജു,
മനോജ്‌ വെങ്ങോല....
വായനയ്ക്ക്‌,
നല്ല വാക്കുകള്‍ക്ക്‌
നന്ദി

faisalbabu said...

ആദ്യമായാ ഇവിടെ ,,ഒരു നല്ല കഥ സമ്മാനിച്ചതിനു നന്ദി !!

kochumol(കുങ്കുമം) said...

വലിയ പരീക്ഷകളെ നേരിടുമ്പോഴല്ലാതെ മറ്റെപ്പോഴാണ്‌ നാം തീര്‍ത്ഥാടനത്തിന്‌ പാകപ്പെടുക.....ശരിയാണ് ജീവിതത്തില്‍ പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ മനുഷ്യന്‍ ദൈവത്തില്‍ കൂടുതല്‍ വിശ്വസിക്കും അത് കഴിഞ്ഞാല്‍ വീണ്ടും പഴെപടി തന്നെ അല്ലെ .. കഥ ഇഷ്ടായിട്ടോ ....

khaadu.. said...

ആദ്യമായിട്ടല്ല... മുന്‍പും വന്നു മിക്കവാറും എല്ലാ കഥകളും വായിച്ചിട്ടുണ്ട്... കംമെന്റിയിട്ടില്ല......
ആശംസകള്‍....

അമല്‍ദേവ് ഉണ്ണികൃഷ്ണന്‍ said...

നല്ല കഥ

സുരേഷ്‌ കീഴില്ലം said...

ഫൈസല്‍ ബാബു, കൊച്ചുമോള്‍, khaadu...
കഥ ശ്രദ്ധിച്ചതിനും അഭിപ്രായമിട്ടതിനും നന്ദി

സുരേഷ്‌ കീഴില്ലം said...

അമല്‍ദേവിനും

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കുടജാദ്രി അപ്പൂര്‍വ്വ ഔഷധികള്‍ വളരുന്നയിടമാണ് ,സൌപര്‍ണ്ണികയില്‍ മുങ്ങി നിവര്‍ന്ന കുളിരും ഉന്മേഷവും ..നന്നായി സുരേഷ്,,,

ഷിനോജ്‌ അസുരവൃത്തം said...

ശക്തമായ എഴുത്ത്.....ഇഷ്ടപ്പെട്ടു

സുരേഷ്‌ കീഴില്ലം said...

സിയാഫ്‌ അബ്ദുള്‍ ഖാദര്‍, ഷിനോജ്‌ അസുരവൃത്തം... മൂകാംബികയിലേയ്ക്ക്‌ ഒപ്പം പോന്നതിന്‌ നന്ദി

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കുറച്ചു വൈകിയാണെത്തിയതെങ്കിലും വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ..കഥ ഇഷ്ടപ്പെട്ടു