പുതിയ പോസ്റ്റുകള്‍ ചേര്‍ക്കുമ്പോള്‍ അറിയിക്കാം. താഴെ നിങ്ങളുടെ ഇമെയില്‍ വിലാസം കൊടുക്കുക.

Saturday, December 3, 2011

ആദരം; മുമ്പേ പറന്നവര്‍ക്ക്

സുരേഷ്‌ കീഴില്ലം                                                                                                           
ഏതൊരു സമൂഹത്തേയും മുന്നോട്ടു നയിയ്ക്കുന്നത്‌ , പലപ്പോഴും ഒറ്റപ്പെട്ട ചിലരാണ്‌. മുമ്പേ പറക്കുന്ന ഈ പക്ഷികളെ കാണാനോ, ആ ചിറകടി കേള്‍ക്കാനോ കഴിയുന്നില്ലെങ്കില്‍, അത്‌ ആ നാടിണ്റ്റെ ഭാഗ്യദോഷം.
തൊട്ട്‌ അയല്‍ഗ്രാമങ്ങളായ പുല്ലുവഴി, വളയന്‍ചിറങ്ങര തുടങ്ങിയ ഇടങ്ങളെ അപേക്ഷിച്ച്‌ ഞങ്ങള്‍ കീഴില്ലത്തുകാര്‍ക്ക്‌ ഇക്കാര്യത്തിലുള്ള അനാസ്ഥ ഒട്ടു കൂടുതലാണ്‌ എന്ന്‌ ഇതെഴുന്നയാള്‍ക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ എഴുപതു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിരന്തരം കവിതകളെഴുതിയിരുന്ന കീഴില്ലം എം.കെ ശങ്കരപ്പിള്ളയെ നാം മറന്നത്‌. പത്തനംതിട്ട സ്വദേശി അദ്ധ്യാപകനും ഗവേഷക വിദ്യാര്‍ത്ഥിയുമായ ഹരിലാല്‍ എന്ന സുഹൃത്താണ്‌ ശങ്കരപ്പിള്ളയെ പറ്റി എനിയ്ക്ക്‌ വിവരം തരുന്നത്‌.
പ്രായംചെന്നവര്‍ക്കു പോലും, പക്ഷെ ആ മനുഷ്യനെ ഓര്‍മ്മയുണ്ടായിരുന്നില്ല. ചന്ദ്രശേഖര വാര്യര്‍ എന്ന വയോധികനാണ്‌ ചില സൂചനകളെങ്കിലും തരാനായത്‌. ഒടുവില്‍ പാലായ്ക്കടുത്ത്‌ എലിക്കുളത്ത്‌ അദ്ദേഹം ജീവിച്ചിരുപ്പുണ്ടെന്ന്‌ മനസ്സിലായി. മരിയ്ക്കുംമുമ്പ്‌ അദദേഹത്തെ അവിടെ ചെന്ന്‌ ആദരിയ്ക്കാനുമായി. 
അസ്ഥിഭംഗ ചികിത്സ കൊണ്ട്‌ നാടെങ്ങും കേള്‍വികേട്ട പരത്തുവയലില്‍ വൈദ്യന്‍മാരെ നാം എത്രകണ്ട്‌ തിരിച്ചറിഞ്ഞു? സിനിമയിലെ വസ്ത്രാലങ്കാരത്തിന്‌ പ്രഥമ സംസ്ഥാന അവാര്‍ഡ്‌ നേടിയ കീഴില്ലം വേലായയുധന്‌ ഒരു ചെറു സ്വീകരണമെങ്കിലും കൊടുക്കാന്‍ ആര്‍ക്കും സമയമുണ്ടായില്ല. പാണ്ഡിത്യവും ലാളിതത്യവും സമ്മേളിച്ചിരുന്ന കാരിമറ്റത്ത്‌ വാസുക്കുഞ്ഞിയെന്ന അപൂര്‍വ്വ വ്യക്തിത്വം എത്രപേരുടെ ഓര്‍മ്മയിലുണ്ട്‌? പ്രഗത്ഭ വിഷ വൈദ്യനായിരുന്ന നീലകണ്ഠന്‍ കര്‍ത്ത...മുന്‍ മന്ത്രി കെ.ജി.ആര്‍ കര്‍ത്ത..... 
ജന്‍മം കൊണ്ട്‌ കീഴില്ലംകാരനല്ലെങ്കിലും ഈ മണ്ണ്‌ കര്‍മ്മ മണ്ഡലമാക്കി മാറ്റിയ ശങ്കരന്‍കുട്ടി മാരാര്‍ എന്ന മുടിയേറ്റ്‌ ആചാര്യനെ നമുക്കെത്രപേര്‍ക്കറിയാം? മുടിയേറ്റിനെ കാവുകളുടെ ചെറിയ വളപ്പില്‍ നിന്ന്‌ വിദേശ അരങ്ങുകളിലേയ്ക്ക്‌ വരെ തൊടുത്തുവിട്ട നമ്മുടെ സമകാലികനായ കീഴില്ലം ഉണ്ണികൃഷ്ണണ്റ്റെ പ്രകടനം നമ്മിലെത്രപേര്‍ കണ്ടിട്ടുണ്ട്‌? നൃത്താദ്ധ്യാപനത്തിലൂടെ മുംബൈയില്‍ ശ്രദ്ധേയനായ പി.ആര്‍.സി നായര്‍, പൊതുരംഗത്തെ നിറസാന്നിദ്ധ്യമായ എന്‍.ആര്‍ നായര്‍, പൂരങ്ങളുടെ പൂരമായ തൃശൂറ്‍ പൂരത്തിന്‌ കൊട്ടിതകര്‍ത്തിരുന്ന ഗോപാലകൃഷ്ണ മാരാര്‍.
ഈ ആത്മവിമര്‍ശനങ്ങള്‍ക്കിടയിലാണ്‌ കീഴില്ലം പൌരാവലി ശതാഭിഷ്കതനായ വൈദ്യകലാനിധി ഡോ.ആര്‍.എസ്‌ വാര്യരെ ആദരിച്ചത്‌. ഗ്രാമത്തിണ്റ്റെ സ്വന്തം വൈദ്യന്‍ എന്ന നിലയ്ക്ക്‌ മാത്രമല്ല, നാട്ടിലെ ഓരോ സംഭവങ്ങള്‍ക്ക്‌ വേണ്ടിയും വിയര്‍പ്പ്‌ ഉതിര്‍ത്ത മനുഷ്യനാണ്‌ വാര്യര്‍. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ നിന്നും വൈദ്യകലാനിധി ബിരുദം സമ്പാദിച്ച അദ്ദേഹം കീഴില്ലത്തേയ്ക്ക്‌ തന്നെ മടങ്ങുകയായിരുന്നു.
1948-ല്‍ സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്ക്‌ ക്ഷണിയ്ക്കപ്പെട്ടെങ്കിലും സ്വന്തം ഗ്രാമവാസികളുടെ ആരോഗ്യസംരക്ഷകനാവാനായിരുന്നു ആര്‍.ശങ്കര വാര്യരുടെ തീരുമാനം. 
കീഴില്ലം സര്‍വ്വീസ്‌ സഹകരണ സംഘം രൂപീകരിയ്ക്കുമ്പോള്‍ വാര്യര്‍ ഭരണസമിതി അംഗമായിരുന്നു. തുടര്‍ന്നുള്ള ഭരണസമിതിയിലും അംഗമായിരുന്ന ഇദ്ദേഹം എന്നും സംഘത്തിണ്റ്റെ അഭ്യുദയകാംഷിയായി തുടര്‍ന്നു.
കീഴില്ലം ഗ്രാമോദ്ധാരണ വായനശാലയ്ക്ക്‌ വേണ്ടിയായിരുന്നു, ഈ മനുഷ്യണ്റ്റെ പ്രധാന യത്നങ്ങള്‍. ഇപ്പോള്‍ സുവര്‍ണ ജൂബിലി പിന്നിട്ട ഈ എ ഗ്രേഡ്‌ വായനശാലയുടെ പേര്‌ നിശ്ചയിച്ചതും അഞ്ചു സെണ്റ്റ്‌ പുറമ്പോക്കു ഭൂമി സര്‍ക്കാരില്‍ നിന്ന്‌ പതിച്ചുവാങ്ങിയതും കെട്ടിടം പണിയാന്‍ പണിക്കാര്‍ക്ക്‌ ഒപ്പം നിന്ന്‌ കല്ലും മണ്ണും ചുമന്നതും ഇന്ന്‌ പഴയ കഥ. തുടര്‍ച്ചയായി 12 വര്‍ഷമാണ്‌ വായനശാലയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്‌. മൂന്നു വര്‍ഷം പ്രസിഡണ്റ്റുമായി. 
മഹാദേവ ക്ഷേത്രത്തില്‍ കാരിമറ്റത്ത്‌ വാസുക്കുഞ്ഞിയുമായി ചേര്‍ന്ന്‌ മതപാഠശാല നടത്തി. ക്ഷേത്രോപദേശക സമിതിയുടെ അദ്ധ്യക്ഷ സ്ഥാനമുള്‍പ്പടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നാലുപതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു. എന്‍.എസ്‌.എസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനവും വഹിച്ചു. 
പൊതുപ്രവര്‍ത്തനവും വൈദ്യവൃത്തിയും ഒരേമട്ടില്‍ കൊണ്ടുപോകാനായതാണ്‌ ആര്‍.എസ്‌ വാര്യരുടെ പ്രധാന വിജയം. ഇവ രണ്ടിനും ലാഭേച്ഛയുണ്ടായില്ല. 
കേരള മുഖ്യ മന്ത്രിയായിരിയ്ക്കുമ്പോഴാണ്‌ പി.കെ വാസുദേവന്‍ നായര്‍ വാതചികിത്സയില്‍ പ്രാഗത്ഭ്യമുള്ള വാര്യര്‌ വൈദ്യനെ തേടിയെത്തുന്നത്‌. മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ള, മുന്‍ മന്ത്രി ടി.എച്ച്‌ മുസ്തഫ പോലുള്ള രാഷ്ട്രീയ പ്രമുഖരും മലയാറ്റൂറ്‍ രാമകൃഷ്ണനെ പോലുള്ള സാഹിത്യനായകരും ഹൈക്കോര്‍ട്ട്‌ ജഡ്ജി ദേവകിയമ്മ, മേജര്‍ എം.ജി.എസ്‌ നായര്‍ തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും വിദഗ്ദ്ധ ചികിത്സ തേടിയെത്തിയതും ഇവിടെ തന്നെ. 
ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ കാണാന്‍ ഭാഗ്യം സിദ്ധിച്ച ഇദ്ദേഹം 1922-ലാണ്‌ ജനിച്ചത്‌. കീഴില്ലത്തു വാര്യത്ത്‌ രാമവാര്യരുടേയും മാധവി വാരസ്യാരുടേയും രണ്ടാമത്തെ മകന്‍. ഭാര്യ: ലക്ഷ്മിക്കുട്ടി വാര്യസാര്‍. മക്കള്‍: ഇന്ദിര, ശാരദ, കമല, രാമചന്ദ്രന്‍, ശങ്കര പ്രസാദ്‌. 

കീഴില്ലം സര്‍വ്വീസ്‌ സഹകരണ ബാങ്കിണ്റ്റെ കനക ജൂബിലി സ്മരണിക (2006) യില്‍ എഴുതിയത്‌. രണ്ടു വര്‍ഷം മുമ്പ്‌ ശ്രീ.വാര്യര്‍ നമ്മോട്‌ വിട പറഞ്ഞു.

6 comments:

Kalavallabhan said...

മുറ്റത്തെ മുല്ലയ്ക്ക്‌ മണമുണ്ടോയെന്നറിവില്ലെങ്കിലും പത്തനംതിട്ടക്കാരന്‌ അറിയാൻ സാധിക്കും. പത്തനംതിട്ടയിലെ മുല്ലകൾക്ക്‌ മണമുണ്ടോ എന്ന് അദ്ദേഹത്തിനും അറിയാൻ സാദ്ധ്യതയില്ല.
നന്നായി സ്മരണ

ഞാന്‍ പുണ്യവാളന്‍ said...

ഒരു നല്ല മനുഷ്യന്‍ ആശംസകള്‍

khaadu.. said...

ആശംസകള്‍..

Lipi Ranju said...

ഓര്‍മ്മക്കുറിപ്പ്‌ നന്നായി..

ഒരു വിളിപ്പാടകലെ said...

മുന്‍പേ പറയുന്നവരെ , കാലം പോലും മറന്നവരെ ഒക്കെ അന്വേഷിച്ചു പോകുന്ന ഒരു നല്ല മനസ്സ് . ആശംസകള്‍ .

Manoj vengola said...

nalla post