Sunday, September 2, 2012

കഥകളുടെ പുതിയ പൂന്തോട്ടം

പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍/
 ബ്ലോഗ്‌ കഥകളുടെ സമാഹാരം
 പ്രസാധകര്‍: ഇന്‍സൈറ്റ്‌ പബ്ലിക്ക,
 കോഴിക്കോട്‌/
പേജ്‌ :146-
വില 110 
 സുരേഷ്‌ കീഴില്ലം

 മലയാളത്തിന്റെ കഥാലോകം എക്കാലത്തും ഹരിതാഭമാണ്‌. ആഖ്യാനത്തിന്റെ മികവും മൗലികതയും കൊണ്ട്‌ അവ പലപ്പോഴും ഇതര സാഹിത്യശാഖകളെ അതിശയിച്ചു നിന്നു.
എന്നാല്‍, മികച്ച കഥാകൃത്തുക്കള്‍ തങ്ങളെത്തന്നെ അനുകരിയ്‌ക്കുന്നതും ആ തനിയാവര്‍ത്തനങ്ങളുടെ വിരസത കണ്ടില്ലെന്നുവച്ച്‌ വായനാലോകം അവരെ വിഗ്രഹവത്‌ക്കരിയ്‌ക്കുന്നതും മലയാളത്തിന്റെ മാത്രം ദുരന്തമല്ല. നിറവും ഗുണവും കെട്ട ഈ വാടാമലരുകള്‍ക്കിടയില്‍, ഉദ്യാനത്തില്‍ പുതുനാമ്പുകള്‍ തളിര്‍ക്കുന്നതും, എന്തിന്‌ പൂത്തു വിടരുന്നതുപോലും സാമ്പ്രദായിക വായനാസമൂഹം തിരിച്ചറിയുന്നത്‌ ഏറെ വൈകിയാവും. പുതു ചെടികള്‍ക്ക്‌ വേരു പിടിയ്‌ക്കാനുള്ള ഇടം പോലും പലപ്പോഴും ലഭിയ്‌ക്കാറില്ലെന്നതും വസ്‌തുത.
ഇതിനിടയിലാണ്‌, പത്രാധിപര്‍ക്കും പ്രസാധകര്‍ക്കും വേണ്ടി കാത്തു നില്‍ക്കാത്ത കഥകള്‍ വായനക്കാരിലേയ്‌ക്ക്‌ വന്നത്‌. ലോകമാകെ ആത്മപ്രകാശനത്തിന്റെ വിസ്‌ഫോടനങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച്‌ ബ്ലോഗ്‌ എന്ന സ്വതന്ത്ര ഇന്റര്‍നെറ്റ്‌ പ്രസാധക സംവിധാനം മലയാള കഥാകാരന്മാരുടെ തട്ടകമാകാനും നാളേറെ വേണ്ടിവന്നില്ല.
ബൂലോഗത്ത്‌ (ബ്ലോഗ്‌ ലോകം) നിറഞ്ഞ പച്ചപ്പില്‍ കളകളാണ്‌ ഏറെയും എന്ന വിമര്‍ശനം തുടക്കം മുതലുണ്ട്‌. ഈ കളകള്‍ക്കിടിയില്‍ സുന്ദരോദ്യാനങ്ങളിലെ രാജകീയമലരുകളേക്കാള്‍ മണമുള്ള ഇലകള്‍ ഉണ്ടായിരുന്നുവെന്ന്‌്‌ നാം മെല്ലയാണ്‌ തിരിച്ചറിഞ്ഞത്‌. ആ തിരിച്ചറിവിന്റെ സാക്ഷ്യമാണ്‌ ഇന്‍സൈറ്റ്‌ പബ്ലിക്ക പുറത്തിറക്കിയ പതിന്നാലു ബ്ലോഗ്‌ എഴുത്തുകാരുടെ കഥകള്‍ ചേര്‍ത്തുള്ള സമാഹാരം: പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍.
മികച്ച കഥകള്‍ കൊണ്ട്‌ വായനക്കാരെ മുമ്പു തന്നെ വിസ്‌മയിപ്പിച്ച ചുരുക്കം ചിലരെങ്കിലും ഈ കൂട്ടത്തിലുണ്ട്‌. കഥയാണോ ജീവിതം തന്നെയാണോ എന്ന്‌ സംഭ്രമിപ്പിയ്‌ക്കുന്ന നോവല്‍ സാഹിത്യം എന്ന മനോജ്‌ വെങ്ങോലയുടെ രചനയാണ്‌ ഇതില്‍ പ്രധാനം. ഉപമകളില്‍ സുഭാഷ്‌ ചന്ദ്രനേയും കഥകളില്‍ സക്കറിയയേയും വെല്ലുന്ന ശിവന്‍ പിറക്കാട്ട്‌ എന്ന കഥാകൃത്തിന്റെ ജീവിതമാണ്‌ അസൂയാര്‍ഹമായ ആഖ്യാനത്തികവുകൊണ്ട്‌ നമുക്ക്‌ മുമ്പിലെത്തുന്നത്‌.
അധികാരത്തിന്റെ സങ്കീര്‍ണതകള്‍ അന്വേഷിയ്‌ക്കുന്ന നിരവധി കഥകള്‍ ഇക്കൂട്ടത്തിലുണ്ട്‌. സ്‌പെസിഫിക്‌ ഗ്രാവിറ്റി (ഉബൈദ്‌), ഖരമാലിന്യങ്ങള്‍ (പ്രദീപ്‌കുമാര്‍) എന്നിവയാണ്‌ ഇതില്‍ പ്രധാനം. കാലഘട്ടത്തിന്‌ അനുസൃതമായി കഥാസന്ദര്‍ഭങ്ങളിലും ഭാഷയിലും ഉണ്ടാകുന്ന മാറ്റം ഉബൈദിന്റെ കഥ അനുഭവിപ്പിയ്‌ക്കുന്നു. ഖരമാലിന്യവകുപ്പിന്റെ പ്രാദേശിക മേധാവി ഏതുവിധേനയും സംസ്‌കരിച്ചെടുക്കുവാന്‍ കഴിയാത്ത തരത്തിലുള്ള ഖരമാലിന്യമായി മാറുന്ന സാമൂഹ്യ നേര്‍ക്കാഴ്‌ചയാണ്‌ പ്രദീപ്‌കുമാര്‍ പങ്കുവയ്‌ക്കുന്നത്‌.
മാറിയ കാലത്തെ സ്‌ത്രീ-പുരുഷ ബന്ധങ്ങളുടെ ഒറ്റരാത്രി കാഴ്‌ചകളാണ്‌ സിയാഫ്‌ അബ്‌ദുള്‍ ഖാദറിന്റെ കാസിനോ എന്ന കഥ. അക്രമത്തിന്റെയും ഭോഗത്തിന്റെയും വിഭ്രമകാഴ്‌ചകള്‍ അതിവേഗതയോടെ, അതിലേറെ സൂഷ്‌മതയോടെ കഥാകൃത്ത്‌ നമ്മുടെ തലച്ചോറിലേയ്‌ക്ക്‌ തൊടുത്തു വിടുന്നു.
സമകാലികമായ സ്‌ത്രീപക്ഷ രചനകള്‍ക്കും ഈ ചെറു പുസ്‌തകത്തില്‍ ഇടമുണ്ട്‌. മദ്ധ്യവയസ്സിലെ പ്രണയം ഒരു സ്‌ത്രീയെ എത്രത്തോളം മാറ്റിമറിയ്‌ക്കുമെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എങ്ങനെയൊക്കെയായിരിയ്‌ക്കുമെന്നും അതീവ കയ്യൊതുക്കത്തോടെ അനന്തരം എന്ന കഥയിലൂടെ സേതുലക്ഷ്‌മി ആവിഷ്‌കരിയ്‌ക്കുന്നു. തുടര്‍ച്ചയായ പീഡനങ്ങളിലും ഹൃദയം നുറുങ്ങിപ്പോകാതെ കാത്ത ചാരുലതയുടെ കഥയാണ്‌ റോസിലി ജോയിയുടേത്‌. ഇരയുടെ യഥാര്‍ത്ഥ്യത്തിലുള്ള മരണം എപ്പോഴാണ്‌ സംഭവിയ്‌ക്കുന്നതെന്ന്‌ പിരാനകള്‍ എന്ന രചനയിലൂടെ അറിയാം.
മാര്‍ക്വസിന്റെ മാജിക്കല്‍ റിയലിസവും കഥാപാത്രങ്ങളും പുനസൃഷ്‌ടിയ്‌ക്കപ്പെടുന്ന മലമടക്കുകളും വന്യരാത്രിയും ഷീലാ ടോമിയുടെ കഥയിലുണ്ട്‌. അങ്ങനെ മണ്ണിന്റെ ഹൃദയത്തിലേയ്‌ക്ക്‌ നോക്കുന്ന ദൂരദര്‍ശിനിയായി മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്‌തകം എന്ന കഥ മാറുന്നു.
ഊഷ്‌മള ഗന്ധങ്ങളിലൂടെ കരോള്‍ ബാഗ്‌ മെട്രോ സ്റ്റേഷനിലെ റിക്ഷാക്കാരന്‍ ഗബ്രിയേലിന്റെ കഥയാണ്‌ സുജ ജെ.എസ്‌ പറയുന്നത്‌. പത്മിനിയ്‌ക്ക്‌ വേണ്ടി അയാള്‍ വാങ്ങിയ വയല്‍പ്പൂക്കളുടെ ഗന്ധമുള്ള ലഹങ്കയും പ്രിയങ്ക സൈഗാളിനു നല്‍കിയ പച്ചക്കര്‍പ്പൂരത്തിന്റെ ഗന്ധമുള്ള ലഹങ്കയും വായനക്കാര്‍ക്ക്‌ മുമ്പില്‍ വിരിച്ചിടുന്നത്‌ പച്ചയായ ജീവിതത്തിന്റെ സൂഷ്‌മഗന്ധങ്ങള്‍ തന്നെ.
മാനസികവൈകല്യമുള്ള ഒരു സ്‌ത്രീയുമായി നടന്ന രതിയുടെ തീഷ്‌ണാനുഭമാണ്‌ മനോജ്‌ വി.ഡി എഴുതിയ രാത്രിമഴ. വസ്‌ത്രങ്ങളുടെ ബന്ധനമില്ലാതെ ഉടലിലേയ്‌ക്ക്‌ വലിച്ചടിപ്പിയ്‌ക്കുമ്പോള്‍ പ്രാന്തിപപ്പി പറയുന്നത്‌ ഇങ്ങനെയാണ്‌: നീയൊരു ആണാണ്‌...ഞാനൊരു പെണ്ണും!
അവതരണത്തിന്റെ അനായാസതയാല്‍ ആകര്‍ഷകമായ രചനയാണ്‌ എസ്‌ ജയേഷിന്റേത്‌. മൂന്നു തെലുങ്കന്‍മാര്‍ പഴനിയ്‌ക്ക്‌ പോയ കഥയില്‍ മൂന്നുപേരും എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനങ്ങള്‍ കഥാകാരന്റെ ഉള്‍ക്കാഴ്‌ചയുടെ തെളിവായി മാറുന്നു.
കച്ചവടതന്ത്രങ്ങളുടെ അഴിയാക്കുരുക്കുകളും അതില്‍ പെടുന്ന പച്ചമനുഷ്യരുടെ മനസാക്ഷി വിലാപങ്ങളുമാണ്‌ ധനസഹായം ബാറിന്റെ പ്രമേയം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജയദേവ്‌ വി എഴുതിയ ഈ കഥയ്‌ക്കും വായനയുടെ ലഹരി നല്‍കുവാന്‍ കഴിയുന്നുണ്ട്‌.
സിദ്ധന്‍ എന്ന കഥയിലൂടെ ചരിത്രത്തിന്റെ സഹയാത്രികനായ പത്രപ്രവര്‍ത്തകന്റെ നിസ്സഹായത ആരിഫ്‌ സെയ്‌നും ഒന്‍പതു തലകളും നീണ്ടകൈകാലുകളും ഉള്ളിലേയ്‌ക്ക്‌ ചുരുക്കി പന്തുകണക്കേ, മറ്റൊരു മൂര്‍ഛയേറിയ വാള്‍ത്തല മുകളില്‍ മിന്നുന്നതും കാത്ത്‌ ഉദ്വേഗത്തോടെ കാത്തിരിയ്‌ക്കുന്ന പ്രതികാരദാഹം ഹൈഡ്ര എന്ന കഥയിലൂടെ നിധീഷ്‌ ജിയും ആവിഷ്‌കരിയ്‌ക്കുന്നു. ബ്ലോഗ്‌ കഥകളുടെ മുഖമുദ്രയായ ലളിതവായനയ്‌ക്ക്‌ ഉദാഹരണമായി ബിജു ഡേവിസിന്റെ കുരിയപ്പന്‍ അലിയാസ്‌ മറഡോണ എടുത്തുകാട്ടാം.
പല കഥകളുടേയും ഒരുപിടി മുകളില്‍ നില്‍ക്കുന്ന ബിജു കാഞ്ഞങ്ങാടിന്റെ ചിത്രങ്ങളാണ്‌ പുസ്‌തകത്തിന്റെ മറ്റൊരു ആകര്‍ഷണം. ഡെനി ലാലിന്റെ കവര്‍ ഡിസൈനും നന്ന്‌. എന്നാല്‍, സംഭവിയ്‌ക്കരുതാത്ത അക്ഷരത്തറ്റുകള്‍ പുസ്‌തകത്താളുകളില്‍ ഏറെയുണ്ടെന്നും പറയാതെ വയ്യ.
സണ്ടേ മംഗളം 2.9.2012

31 comments:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നന്ദി സുരേഷ് ,സ്നേഹം ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു .

മൻസൂർ അബ്ദു ചെറുവാടി said...

എന്‍റെ സുഹൃത്തുകള്‍ , അവരുടെ കഥകള്‍. .
ഇതില്‍ മിക്കതും വായിച്ചത് തന്നെ.
അതുകൊണ്ട് അവലോകനം ഇഷ്ടായി.
എഴുത്തുക്കാര്‍ക്കും സുരേഷിനും ആശംസകള്‍

Joselet Joseph said...

സുഹൃത്തക്കളായ കഥാകാരന്മാരുടെ അച്ചടി താളുകളിലേക്കുള്ള ആദ്യ കാല്‍വെപ്പിന് അഭിനന്ദനങ്ങള്‍.,. നാളെയുടെ മികവുറ്റ സൃഷ്ടികളെ ഞാനും നെഞ്ചോടു ചേര്‍ക്കുന്നു.

NIDHISH.G said...

പുസ്തകത്തെ വളരെ ആധികാരികമായി നോക്കിക്കണ്ടു. നന്ദി,സ്നേഹം.

സുരേഷ്‌ കീഴില്ലം said...

@ സിയാഫ്‌
@ മന്‍സൂര്‍
@ ജോസെലെറ്റ്‌
@ നിധീഷ്‌

നല്ല വാക്കുകള്‍ക്ക് നന്ദി.

Unknown said...

വായിക്കണം.. നാട്ടിൽ പോകുമ്പോഴാവട്ടെ തേടിപിടിക്കണം.

Pradeep Kumar said...

നന്ദി സുരേഷ്- ഞങ്ങളുടെ പുസ്തകത്തിന് താങ്കളെപ്പോലുള്ളവരിൽ നിന്നു ലഭിക്കുന്ന പിന്തുണക്കും,പരിഗണനക്കും നിറഞ്ഞ സ്നേഹം,കടപ്പാട്.

സുരേഷ്‌ കീഴില്ലം said...

@ സുമേഷ്‌ വാസു
@ പ്രദീപ്കുമാര്‍
വന്നതിനും നല്ല വാക്കുകള്‍ക്കും നന്ദി

Suja said...

വളരെ സന്തോഷം,ഹൃദയം നിറഞ്ഞ നന്ദിയും.

സസ്നേഹം
സുജ

വിനോദ് said...

നല്ലൊരു സംരംഭം. നല്ല നല്ല കഥകള്‍ മലയാളത്തിന് ലഭിക്കട്ടെ.....

ഫൈസല്‍ ബാബു said...

സൌദിയിലെ ഈ കാട്ടുമുക്കില്‍ ഈ പുസ്തകം ലഭിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ല ,എന്നാല്‍ പ്രിയപ്പെട്ട ബ്ലോഗേര്‍സ് എഴുതിയ ഈ ബ്ലോഗ്‌ കഥകള്‍ അടുത്ത വെക്കേഷനില്‍ നാട്ടിലെത്തിയാല്‍ വാങ്ങുന്ന ആദ്യ ബുക്കുകളില്‍ ഒന്നായി എന്നോ തിരഞ്ഞെടുത്തിരിക്കുന്നു . നല്ല അവലോകനം സുരേഷ് സര്‍ ,

ബഷീര്‍ ജീലാനി said...

പരിചയ പ്പെടുതിയത്തില്‍ സന്തോഷം ,
ആശംസകള്‍

Philip Verghese 'Ariel' said...

ബ്ലോഗ്ഗെര്മാരുടെ രചനകള്‍ ചേര്‍ത്തൊരു പ്രസിദ്ധീകരണം

അതേതായാലും നാന്നായി പക്ഷെ ബ്ലോഗില്‍ അക്ഷരപിശാചു

വന്നത് പൊറുക്കാം, കാരണം എപ്പോഴും തിരുത്താമെല്ലോ ,

പക്ഷെ പ്രിന്റില്‍ വരുമ്പോള്‍ അത് പറ്റില്ലല്ലോ പ്രസാധകര്‍ അത്

പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

ഇനിയും ഈ ബ്ലോഗെന്ന മഹാ സമുദ്രത്തില്‍ മുങ്ങി തപ്പിയാല്‍

പല രത്നങ്ങളും കിട്ടും

അവലോകനത്തിന് നന്ദി

താങ്കളുടെ ബ്ലോഗില്‍ വന്നിരുന്നു ചേര്‍ന്നിരുന്നു പക്ഷെ!!!!

ഇങ്ങോട്ടൊന്നു തിരിഞ്ഞു നോക്കാന്‍ പോലും ;;;;;

തിരക്കുള്ള ആളല്ലേ!!!

Manoj vengola said...

കഥകളുടെ സൂക്ഷ്മവിശകലനത്തിന് നന്ദി.ബ്ലോഗിലും നല്ല രചനകള്‍ സംഭവിയ്ക്കുന്നുണ്ട്. പലപ്പോഴും അവ വായിയ്ക്കപ്പെടാതെ പോകുന്നു.പൂക്കളെക്കാള്‍ മണമുള്ള ഇലകള്‍ വായിച്ചതിനും ഒരു കുറിപ്പ് എഴുതിയതിനും ഒരിയ്ക്കല്‍ കൂടി നന്ദി.

Akbar said...

ഈ പുസ്തകത്തിലെ മിക്ക കഥകളും ബ്ലോഗില്‍ വായിച്ചിരുന്നു. തീര്‍ച്ചയായും ബൂലോകത്തിന് പുറത്തു അഭിമാന പൂര്‍വ്വം പരിചയപ്പെടുത്താവുന്ന നല്ല നിലവാരം പുലര്‍ത്തിയ രചനകള്‍ തന്നെ.

സുരേഷ് കീഴില്ലത്തിന്റെ ഈ റിവ്യൂ പുസ്തകത്തിലെ രചനകളോട് തീര്‍ത്തും നീതി പുലര്‍ത്തി. പ്രിയ എഴുത്തുകാര്‍ക്കും നല്ല ഭാഷയില്‍ പുസ്തകത്തെ പരിചയപ്പെടുത്തിയ സുരേഷ് കീഴില്ലത്തിനും അഭിനന്ദനങ്ങള്‍.

Jefu Jailaf said...

ആദ്യ കാല്‍വെപ്പിനും, പുസ്തകത്തെ പരിചയപ്പെടുത്തിയ സുരേഷ് കീഴില്ലത്തിനും അഭിനന്ദനങ്ങള്‍.

സുരേഷ്‌ കീഴില്ലം said...

@ സുജ
@ വിനോദ്
@ ഫൈസല്‍ ബാബു
@ ബഷീര്‍ ജീലാനി
@ പി.വി ഏരിയല്‍
(ഏരിയലിന്റെ കുറുപ്പുകള്‍ തീര്‍ച്ചയായും കാണാറുണ്ട്.)
@ മനോജ് വെങ്ങോല
@ അക്ബര്‍
@ ജെഫു
സന്ദര്‍ശനത്തിന് നന്ദി.

Ismail Chemmad said...

ഇവരൊക്കെ എന്റെ സുഹൃത്തുക്കളാണ് എന്ന് പറയാന്‍ കഴിഞ്ഞതില്‍ അഭിമാനം .
നന്ദി ഈ പരിചയപ്പെടുത്തലിനു

ഉബൈദ് said...

സുരേഷ്,
ഈ നല്ല അവലോകനത്തിന് നന്ദി. സ്നേഹം.

കാടോടിക്കാറ്റ്‌ said...

ഈ പരിഗനനക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി... സ്നേഹം... സുരേഷ്. ഭാവുകങ്ങള്‍....

സുരേഷ്‌ കീഴില്ലം said...

@ ഇസ്മായില്‍ ചെമ്മാട്
@ ഹസീന്‍
@ കാടോടിക്കാറ്റ്

ശ്രദ്ധിച്ചതില്‍ സന്തോഷം

സേതുലക്ഷ്മി said...

thanks suresh, for mentioning me too..

സുരേഷ്‌ കീഴില്ലം said...
This comment has been removed by the author.
സുരേഷ്‌ കീഴില്ലം said...

സന്തോഷം ശ്രദ്ധിച്ചതിന്‌

கேரளாக்காரன் said...

Nice review

സുരേഷ്‌ കീഴില്ലം said...

@ கேரளாக்காரன்

മലയാള നിരൂപണത്തിന്റെ തമിഴ് വായനയ്ക്ക് പ്രത്യേക നന്ദി

Biju Davis said...

നന്ദി, സുരേഷ്!

വായിക്കാന്‍ സമയം കണ്ടെത്തിയത്തില്‍ വളരെ സന്തോഷം; നല്ല വാക്കുകള്‍ക്കും.

കുരിയപ്പന്‍(മറഡോണ) പുസ്തകത്തിന്റെ ഒരു വീക് പോയിന്‍റ് ആകുമെന്ന് അറിയാമായിരുന്നു... എങ്കിലും വായനക്കാരന് ഗൌരവതാരമായ വായനയില്‍ നിന്ന്‍ ഒരു ഇടവേള ലഭിക്കട്ടെ! :)

Biju Davis said...

നന്ദി, സുരേഷ്!

വായിക്കാന്‍ സമയം കണ്ടെത്തിയത്തില്‍ വളരെ സന്തോഷം; നല്ല വാക്കുകള്‍ക്കും.

കുരിയപ്പന്‍(മറഡോണ) പുസ്തകത്തിന്റെ ഒരു വീക് പോയിന്‍റ് ആകുമെന്ന് അറിയാമായിരുന്നു... എങ്കിലും വായനക്കാരന് ഗൌരവതാരമായ വായനയില്‍ നിന്ന്‍ ഒരു ഇടവേള ലഭിക്കട്ടെ! :)

സുരേഷ്‌ കീഴില്ലം said...

@ ബിജു ഡേവിസ്
കുരിയപ്പന്‍ മറഡോണ പുസ്തകത്തിന്റെ വീക് പോയിന്റായെന്ന് ഞാന്‍ വിലയിരുത്തിയിട്ടില്ല. ലളിതവായനയ്ക്ക് ഉദാഹരണമായി ഈ കഥയെ പരാമര്‍ശിച്ചതും മോശമെന്ന അര്‍ത്ഥത്തിലല്ല. ഒരു പൂന്തോട്ടത്തിലെ പൂക്കള്‍ക്കെല്ലാം ഒരേ സുഗന്ധമല്ലല്ലോ.

Manoraj said...

നല്ല റിവ്യു. പുസ്തകവിചാരത്തിലേക്ക് ഉപയോഗിക്കുന്നതില്‍ വിരോധമുണ്ടോ?

സുരേഷ്‌ കീഴില്ലം said...

@ മനോരാജ്
തീര്‍ച്ചയായും ഇതൊരു അംഗീകാരമായി കാണുന്നു. സന്തോഷം