Friday, June 13, 2014

പ്രതിരോധത്തിന്റെ അടയാളങ്ങള്‍

എതിരടയാളത്തിന്റെ ആത്മകഥ
നോവല്‍
ഇന്ദുചൂഡന്‍ കിഴക്കേടം
ഡി.സി ബുക്‌സ്, കോട്ടയം
വില: 90.00 രൂപ


വികസനമെന്നത് അത്യന്തം പ്രലോഭനകരമായ പദമാണ്. ഈ സുകുമാരപദത്തിന്റെ മുഖംമൂടിയെടുത്തു മാറ്റുമ്പോഴാണ് അത് ചൂഷണമെന്നോ, അധിനിവേശമെന്നോ രൂപമാറ്റം ചെയ്യപ്പെടുന്നത്. എന്നാല്‍, അതു പലപ്പോഴും സംഭവിക്കുന്നത് ഏറെ വൈകിയാണ്.
മനുഷ്യ/പ്രകൃതി വിരുദ്ധങ്ങളായ പൊള്ളയായ വികസനത്തിനെതിരെ സമരത്തിലേര്‍പ്പെടുന്നത് എക്കാലവും വളരെ കുറച്ചുപേരാണ്. ആ സമരങ്ങളുടെ പരിസമാപ്തിയാകട്ടെ, പലപ്പോഴും മഹത്തായ പരാജയങ്ങളിലുമാണ്. ഓരോ പരാജയങ്ങളില്‍ നിന്നും ഊര്‍ജ്ജം കൊണ്ട പ്രതിരോധം പിന്നെയും ശക്തിപ്പെടുന്നു. 
ജീവരാശിയെ നിലനിര്‍ത്തുന്ന ഈ പ്രതിരോധങ്ങളുടെ ചരിത്രമാണ് 'എതിരടയാളത്തിന്റെ ആത്മകഥ'. വളരെ കുറച്ചു കഥകള്‍ മാത്രമെഴുതി, മലയാള കഥാലോകത്ത് സ്വന്തം ഇടം സ്ഥാപിച്ചെടുത്ത ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ പ്രഥമ നോവല്‍.
അധികാര നഗരിയായ മുംബൈ ആണ്‌ നോവലിന്റെ  പശ്ചാത്തലം. ഭരണകൂടത്തിന്റെ, മാധ്യമങ്ങളുടെ, എന്തിന് ജനതയുടെ അപ്പാടെ ആരാധനകള്‍ ഏറ്റുവാങ്ങുന്ന ആനന്ദവര്‍മ്മയാണ് ഇവിടെ വികസനനായകന്‍. അജണ്ടകള്‍ നിശ്ചയിക്കുന്ന, ലോകത്തെ മുഴുവന്‍ അടിയാളരാക്കുന്ന സവര്‍ണ്ണാധിപത്യത്തിന്റെ അടയാളമാണ് അയാള്‍. എന്നാല്‍, നോവലില്‍ എവിടേയും ആനന്ദ വര്‍മ്മ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. പക്ഷെ, ദുസ്വപ്നങ്ങളായി, ഭീഷണിയായി, വ്യാവസായിക കുതിപ്പായി, അത്യാര്‍ത്തിയായി അയാളുടെ സാന്നിദ്ധ്യം ഉടനീളമുണ്ട്.
പ്രതിരോധവും സമരവും ഓരോരുത്തര്‍ക്കും ഓരോ മട്ടിലാണ്. എഴുത്തിലൂടെ, വരയിലൂടെ, മുദ്രാവാക്യങ്ങളിലൂടെ, ഒളിയാക്രമണങ്ങളിലൂടെ പലരും പലമട്ടില്‍ മാനവരാശിക്ക് വേണ്ടിയുള്ള ചെറുത്തു നില്‍പ്പ് ഏറ്റെടുക്കുന്നു. നോവലിലെ കേന്ദ്രകഥാപാത്രങ്ങളും അനുനിമിഷം സംഭരിക്കുന്നത് പ്രതിരോധിക്കാനുള്ള ഊര്‍ജ്ജമാണ്.
ആനന്ദവര്‍മ്മയെ പ്രഭുവായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണിസ്റ്റ് നളിനിയാണ് നോവലിലെ കേന്ദ്രകഥാപാത്രം. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി ജീവിതം മാറ്റിവച്ച ആക്ടിവിസ്റ്റ് അരുണനാണ് അവളുടെ ഭര്‍ത്താവ്. കഥാഗതിയുടെ മദ്ധ്യത്തില്‍ അരുണന്റേയും നളിനിയുടേയും പ്രതിരോധങ്ങള്‍ തകരുന്നതാണ് നാം കാണുന്നത്. നളിനിയുടെ കാര്‍ട്ടൂണ്‍ പരമ്പരയ്ക്ക് പത്രം വിലക്കേര്‍പ്പെടുത്തി. അതോടെ ജോലി ഉപേക്ഷിക്കുന്ന നളിനി ഹൃദ്രോഗിണിയായി മാറുന്നു. ആനന്ദ വര്‍മ്മയുടെ കമ്പനി നിര്‍മ്മിക്കുന്ന മരുന്നുകള്‍ കൊണ്ട് ജീവന്‍ രക്ഷപ്പെടുത്തേണ്ട ഗതികേടിലേക്കാണ് നളിനി എത്തുന്നത്. അവിടെ, ഔഷധം പോലും നിരസിച്ചുകൊണ്ടായി നളിനിയുടെ പ്രതിരോധം. ചാവേറിന്റെ വഴി.
മഹാനഗരത്തിന്റെ ഒമ്പതാം നില വിട്ട് നളിനിയും അരുണനും മകന്‍ വിശ്വാസും നോവലിന്റെ ഒടുവില്‍ പലായനം ചെയ്യുന്നത് ഗ്രാമീണ നന്മയിലേക്കാണ്. കുന്നിന് മേലെ വിരുന്ന് വന്ന ചെറുകാറ്റില്‍ പുല്‍നാമ്പുകള്‍ ത്രസിക്കുന്നത് അവര്‍ തിരിച്ചറിയുന്നു. അവിടേക്ക് ഒരു പറ്റം ചിത്രശലഭങ്ങള്‍ പറന്നു വരുന്നു. അനാദിയായ ചിരിയില്‍ തന്റെ വരകള്‍ക്ക് മേല്‍ നളിനി വീണ്ടും മുഖം അമര്‍ത്തുന്നു.
ഏതു പ്രതിസന്ധിയേയും പൊട്ടിച്ചിരികൊണ്ട് നേരിടുന്ന ദലൈലാമയും അഭയാര്‍ത്ഥി സുന്ദരിയായ പേമയും യാഥാര്‍ത്ഥ്യത്തിലേക്ക് ഒരിക്കലെങ്കിലും കണ്ണു തുറക്കാത്ത ന്യൂസ് എഡിറ്റര്‍ ജോസഫ് പിന്‍ഹീറോയും പണത്തിന്റെ വഴികള്‍ മാത്രം മുന്നിലുള്ള തപന്‍ഘോഷും നിരന്തരം ദുരന്തങ്ങളിലൂടെ കടന്നുപോന്ന് മാനവരാശിയുടെ മുഴുവന്‍ ദുരിതങ്ങളും ഏറ്റെടുക്കാനുള്ള ശേഷി ആര്‍ജ്ജിച്ച കിഷന്‍ ചന്ദും ഉള്‍പ്പെട്ട കഥാപാത്ര വൈവിദ്ധ്യം നോവലിന് നല്‍കുന്നത് ഒരു ആഗോള വായനാപരിസരമാകുന്നു. 

സണ്ടേ മംഗളം 11.05.2014

No comments: